ആഫ്രിക്കയിലെ ഭവനരഹിതരായ കുട്ടികളെ സഹായിച്ച് സലേഷ്യൻ സമർപ്പിതർ

പശ്ചിമാഫ്രിക്കയിലെ ബെനിനിൽ അടിമത്വത്തിൽ നിന്ന് രക്ഷപെടുത്തിയ ഭവനരഹിതരായ കുഞ്ഞുങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരാൻ കർമ്മപദ്ധതികളുമായി സലേഷ്യൻ സമർപ്പിതസമൂഹം. താമസ സൗകര്യം, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പുവരുത്തുന്നതിനായിട്ടാണ് അവർ വിവിധ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നത്.

വളരെ മോശം വിദ്യാഭ്യാസ അവസ്ഥ നിലനിൽക്കുന്ന ആഫ്രിക്കയുടെ സാഹചര്യത്തിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. എന്നാൽ അഞ്ചിനും 13-നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആഫ്രിക്ക പോലുള്ള ദരിദ്രരാഷ്ട്രങ്ങളിൽ നിർബന്ധിത ബാലവേലയ്ക്ക് ഇരയാക്കപ്പെടുന്നുവെന്ന് യൂണിസെഫിന്റെ പഠനങ്ങൾ പറയുന്നു. ഈ സാഹചര്യം മനസ്സിലാക്കിയാണ് സലേഷ്യൻ സിസ്റ്റേഴ്സ്, മമ്മാ മാർഗരീറ്റ സെന്റർ സ്ഥാപിച്ചത്. കലാപരമായ ഒരു കോഴ്സ് ആണ് നിലവിൽ ഇവിടെ പഠിപ്പിക്കുന്നത്. ഡാന്റോക്പായിലെ തെരുവുകുട്ടികൾക്കായിട്ടാണ് ഈ പദ്ധതി. കുട്ടികളുടെ മാനസികവും വൈകാരികപരവുമായ സൗഖ്യത്തിനും ഉന്നമനത്തിനും ഇവർ കൂടുതൽ പ്രാധാന്യം നൽകുന്നു.

“കുട്ടികളുടെ ഉള്ളിൽ മറഞ്ഞിരിക്കുന്ന കഴിവുകളെ വെളിച്ചത്ത് കൊണ്ടുവരുവാൻ ഈ പദ്ധതി സഹായിക്കുന്നു. അത് അവരുടെ ആത്മാഭിമാനം വർദ്ധിപ്പിക്കുവാനും സമൂഹത്തെ എങ്ങനെ കാണണമെന്ന് മനസ്സിലാക്കുവാനും സഹായിക്കുന്നു. ക്യാൻവാസും ആവശ്യമായ നിറങ്ങളുമെല്ലാം അദ്ധ്യാപകർ ഇവിടുന്നു തന്നെ കുട്ടികൾക്ക് നൽകുന്നുണ്ട്” – സിസ്റ്റേഴ്സ് പറഞ്ഞു. ഇപ്പോൾ 70 പെൺകുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ പാചകമടക്കമുള്ള എല്ലാ ജീവിതനൈപുണ്യ കാര്യങ്ങളും പഠിപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.