ബുദ്ധിപൂർവ്വം പ്രണയിക്കാൻ പഠിപ്പിച്ച വീഡിയോയും വിശേഷങ്ങളുമായി സാജൻ പാപ്പച്ചനും മെർലിനും

മരിയ ജോസ്

ജനിച്ച്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയാകുന്നതുവരെ അന്നവും വിദ്യാഭ്യാസവും സ്നേഹവും നൽകി വളർത്തുന്ന മാതാപിതാക്കളെ ഉപേക്ഷിച്ച് ഇന്നലെ കണ്ട കാമുകനൊപ്പം പോകുന്ന യുവതികൾ, കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അനേകരുടെ കളിയാക്കലുകൾക്കു മുന്നിൽ തലകുനിച്ചു നിൽക്കേണ്ടിവരുന്ന മാതാപിതാക്കൾ, സ്വന്തം ജീവിതപങ്കാളിയെയും മക്കളെയും ഉപേക്ഷിച്ചുപോകുന്ന ഫേസ്ബുക്ക് പ്രണയങ്ങൾ, മതംമാറ്റത്തിൽ വരെ എത്തിനിൽക്കുന്ന പ്രണയബന്ധങ്ങൾ. കൂടാതെ, പ്രണയപ്പക തീർക്കുന്ന കൊലകളും… അടുത്തിടെയായി നാം കണ്ടുവരുന്ന വാർത്തകളാണ് ഇവയൊക്കെ.

ഈ വാർത്തകൾ കണ്ട് ഇതിൽ പ്രണയം എവിടെ എന്നു ചിന്തിച്ചവരും നല്ല പ്രണയങ്ങളെ തെറ്റിദ്ധരിച്ചവരും ഏറെ. അതിനേക്കാൾ ഉപരി, എന്താണ് പ്രണയമെന്നും എങ്ങനെ പ്രണയിക്കണമെന്നും അറിയാത്ത ഒരു നിശ്ചിത ശതമാനം യുവതലമുറയും. പ്രണയം, പുകമറയ്ക്കുള്ളിൽ പല പ്രായോഗിക ചോദ്യങ്ങളും ഒളിപ്പിച്ചപ്പോൾ അതിനൊക്കെ ഉത്തരവുമായി എത്തിയ ഒരു വീഡിയോ ആണ് ‘ ബുദ്ധിപൂർവം പ്രണയിക്കാം’ എന്ന ടൈറ്റിലിൽ ഇറങ്ങിയത്. ഏറെ ചിന്തിപ്പിച്ച, ഏറെ പ്രസക്തമെന്നു തോന്നിയ ആ ദൃശ്യങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചത് സാജൻ പാപ്പച്ചൻ – മെർലിൻ ദമ്പതികൾ ആണ്. ഈ വീഡിയോയുടെ പിന്നിലെ വിശേഷങ്ങളുമായി ലൈഫ് ഡേയ്ക്ക് ഒപ്പം ചേരുകയാണ് സാജൻ പാപ്പച്ചൻ.

വൈറൽ വീഡിയോയ്ക്ക് കാരണമായ സംഭവം

അടുത്തിടെയാണ് കാഞ്ഞിരപ്പള്ളിയിൽ ഒരു പെൺകുട്ടിയെ, രാത്രി വിളിച്ചിറക്കിക്കൊണ്ടു പോയ സംഭവമുണ്ടായത്. ആ സംഭവത്തിൽ അനേകം പേരുടെ കളിയാക്കലുകളുടെ ഇടയിൽ നെഞ്ചുപൊട്ടി കരഞ്ഞ ഒരു അച്ഛനുണ്ട്. ആ അച്ഛന്റെ കണ്ണുനീർ സാജന്റെയും മെർലിന്റെ ഉള്ളു പൊള്ളിച്ചു. വളർത്തിവലുതാക്കിയ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച്, അപ്പന്റെ കണ്ണുനീരിനെയും വകവയ്ക്കാതെ ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടി. ഈ സംഭവം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്. വാർത്തയുടെ ശേഷം കണ്ടത്, പരസ്പരം പഴിചാരുന്ന ഒരു സമൂഹത്തെയാണ്. അത്മായര്‍ വൈദികരെയും, വൈദികർ മാതാപിതാക്കളെയും, യുവജനങ്ങൾ മക്കൾക്കു നൽകിയ സ്വാതന്ത്ര്യത്തെയും എല്ലാം വിമർശിച്ചുകൊണ്ട് ദിവസങ്ങൾ അങ്ങനെ കടന്നുപോയി. ചുരുക്കത്തിൽ, പരത്തി പറഞ്ഞ് യഥാർത്ഥ കാരണത്തിൽ നിന്നും അകന്നുപോകുന്നു. എങ്കിൽ പിന്നെ അതിന് ശരിയായ കാരണം വ്യക്തമാക്കിക്കൊടുത്താൽ കൊള്ളാം എന്ന ആശയം, ഈ വാർത്ത പുറത്തുവന്ന നിമിഷം മുതൽ ഇരുവരുടെയും മനസ്സിൽ മായാതെകിടന്നു. ഈ വിഷയം പരസ്പരം ചർച്ച ചെയ്തു. ഈ പാശ്ചാത്തലത്തില്‍ ഒരു വീഡിയോ ചെയ്താൽ കൊള്ളാം എന്ന ചിന്ത സാജന്റെ മനസ്സിൽ ഉരുത്തിരിഞ്ഞു.

പ്രണയബന്ധങ്ങളെ കുറ്റപ്പെടുത്തിക്കൊണ്ടല്ലാതെ, എന്താണ് പ്രണയം, എങ്ങനെയാകണം പ്രണയം എന്ന് പറഞ്ഞുവയ്ക്കുന്ന ഒരു വീഡിയോ – ഇതായിരുന്നു സാജന്റെ മനസ്സിലുണ്ടായിരുന്നത്. ” ഇങ്ങനെ ഒരു വീഡിയോ ചെയ്‌താൽ, പ്രണയത്തിനു വക്കാലത്ത് പറയുന്നവരാണ് നമ്മൾ എന്ന് കരുതില്ലേ?” മെർലിന്റെ ചോദ്യം സാജനെയും ചിന്തിപ്പിച്ചു. രണ്ടുപേരും ഇത്തരം വരുംവരായ്മകളെ കുറിച്ച് ചിന്തിച്ച ശേഷമാണ് ഈ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യാതിരിക്കുവാനുള്ള സാധ്യതകളെക്കാൾ അവരെ മുന്നോട്ടു നയിച്ചത് ഒരേയൊരു ചോദ്യമാണ്, ഒരേയൊരു ഉത്തരമാണ്. “നമ്മൾ നമ്മുടെ മാതാപിതാക്കളെ കരയിക്കാതെ, ആരെയും വേദനിപ്പിക്കാതെ പ്രണയിച്ചില്ലേ? അത് എങ്ങനെയാണെന്ന് നമുക്ക് കാണിച്ചുകൊടുക്കാം.”

ഇത് ഇവരുടെ ജീവിതപാഠം

ഇപ്പോൾ ഈ വീഡിയോയിൽ പ്രതിപാദിക്കുന്ന വിഷയങ്ങളുടെ വേര് എവിടെ എന്ന് മനസിലായിക്കാണുമല്ലോ അല്ലേ? പ്രണയം തെറ്റാണെന്നോ മോശമാണെന്നോ ‘ബുദ്ധിപൂർവ്വം പ്രണയിക്കാം’ എന്ന വീഡിയോയിൽ പറയുന്നില്ല. കാരണം, ഇവർ പ്രണയിച്ചവരാണ്. പ്രണയത്തെ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്തവരാണ്. അതിനാൽ തന്നെ എല്ലാവരുടെയും പ്രത്യേകിച്ച്, ജൻമം നൽകി വളർത്തിയ മാതാപിതാക്കളുടെ പൂർണ്ണമായ ആശീർവാദത്തോടെയാണ് ആ പ്രണയത്തെ സ്നേഹത്തിന്റെ പരകോടിയിൽ എത്തിച്ചതും വിവാഹിതരായതും. ഈ വീഡിയോ ഇവരുടെ ജീവിതം കൂടിയാണ് എന്നു പറയുന്നതും അതിനാൽ തന്നെയാണ്.

പത്തൊൻപതാമത്തെ വയസിലാണ്, ഇഷ്ടങ്ങളും ഇഷ്ടാനിഷ്ടങ്ങളും ഒക്കെ തിരിച്ചറിയുന്ന ഒരു പ്രായത്തിലാണ് ഇവർ കണ്ടുമുട്ടുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നതിൽ നിന്നും വ്യത്യസ്തമായി തങ്ങളുടെ പ്രണയം വളർന്നത് വളരെ സമയം എടുത്തു തന്നെയാണെന്ന് ഇരുവരും വെളിപ്പെടുത്തുന്നു. ഇഷ്ടപ്പെട്ട പെൺകുട്ടിയുടെ സ്വഭാവവും താത്പര്യങ്ങളും ഒരു സുഹൃത്ത് എന്ന നിലയിൽ തിരിച്ചറിഞ്ഞ ശേഷമാണ് ഇഷ്ടം വെളിപ്പെടുത്തുന്നത്. മെർലിനിലും അങ്ങനെ ഒരു താല്പര്യം ഉണ്ടെന്നറിഞ്ഞ സാജൻ വീട്ടിൽ അറിയിക്കുകയും തുടർന്ന് വീട്ടുകാരുടെ സമ്മതോടെ വിവാഹത്തിന്റെ ചടങ്ങുകളിലേയ്ക്കു കടക്കുകയും ചെയ്തു. തങ്ങളുടെ പ്രണയത്തെ സാഫല്യമാക്കിയത് ഒരു വികാരത്തിനപ്പുറം ആ പ്രണയത്തെ പക്വമായി കണ്ടതുകൊണ്ടാണ്. എന്നാൽ ഇന്നു പലപ്പോഴും അങ്ങനെ കാണുന്നില്ല എന്നൊരു പ്രശ്നം കൂടിയുണ്ട്. അവിടെയാണ് മാറ്റം വരേണ്ടത്.

വൈറൽ ആകുന്ന വീഡിയോ

അങ്ങനെ സ്വന്തം ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ നിന്നുകൊണ്ടാണ് ‘ബുദ്ധിപൂർവ്വം പ്രണയിക്കാം’ എന്ന വീഡിയോ ഒരുങ്ങിയത്. ഒരു പ്രണയം, അത് ആരംഭിക്കുന്നതു മുതൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇതിൽ പറയുന്നത്. പലപ്പോഴും പ്രണയം അതിസുന്ദരമാണെന്നു പറയുന്ന നമ്മൾ പോലും ആ പ്രണയത്തെ പൂർണ്ണതയിൽ എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ചില ഘടകങ്ങളെ പ്രതിപാദിക്കാതെ വിടുന്നു. അറിയാതെയോ മനഃപൂർവ്വമോ ഒഴിവാക്കുന്ന ഇത്തരം ഘടകങ്ങളിൽ ചിലതാണ് സാമ്പത്തികമായ പൊരുത്തം, വിശ്വാസം, മാതാപിതാക്കളുടെ സമ്മതം, ആകർഷണം, അതിന്റെ പക്വമായ തിരിച്ചറിയൽ തുടങ്ങിയ കാര്യങ്ങൾ. ഇവയെക്കുറിച്ച് വളരെ ലളിതമായും ഹൃസ്വമായും ഈ വീഡിയോയിലൂടെ ഇവർ പങ്കുവയ്ക്കുന്നു. ഇതൊരു മുന്നറിയിപ്പാണ്. പ്രത്യേകിച്ചും ജാതിയും മതവും നോക്കാതെ ഇറങ്ങിത്തിരിക്കുന്നവർക്ക്‌. പ്രണയം പരിശുദ്ധമായ ഒരു വികാരമാണ്. അത് ഒരിക്കലും ഒരാളുടെ ശരീരത്തെ നോക്കിയാവരുത്. മറിച്ച് മനസ്സ് നോക്കിയാവണം. അവിടെ വിശ്വാസപരമായ പൊരുത്തത്തിനു വലിയ പ്രാധാന്യമുണ്ട് എന്ന വലിയ സന്ദേശം കൂടി ഈ വീഡിയോ പറഞ്ഞുവയ്ക്കുന്നു.

ക്രിസ്തീയവിശ്വാസത്തെ പ്രത്യക്ഷത്തിൽ പ്രകടമാക്കുന്ന പ്രയോഗങ്ങൾ ഒന്നുംതന്നെ ഈ വീഡിയോയിൽ ചേർത്തിട്ടില്ല. എങ്കിലും ക്രിസ്തീയമൂല്യങ്ങൾ തന്നെയാണ് ഇതിൽ പങ്കുവച്ചിരിക്കുന്നത്. ഒരു സെക്യുലർ വിഭാഗത്തെ ലക്ഷ്യം വച്ചുകൊണ്ടാണ് ഇത് തയ്യാറാക്കിയത് എന്നതുകൊണ്ടു മാത്രമാണ് ഈ ഒരു ശൈലി സ്വീകരിച്ചത് എന്ന് സാജൻ വ്യക്തമാക്കുന്നു.

സമ്മിശ്ര പ്രതികരണങ്ങൾ

ഈ വീഡിയോ ഇറങ്ങിക്കഴിഞ്ഞപ്പോൾ അനുകൂലിച്ചും പ്രതികൂലിച്ചും അനേകം കമന്റുകൾ വന്നു. പലരുടെയും ചോദ്യം, എന്തുകൊണ്ട് ഇങ്ങനെ ഒരു വീഡിയോ ഒരു രണ്ടു വർഷം മുന്നേ ചെയ്തില്ല എന്നതാണ്. ഇങ്ങനെ ഒരു ചോദ്യം ചോദിച്ചവരിൽ കൂടുതലും യുവജനങ്ങളായിരുന്നു. പ്രണയിച്ചുപോയി; ഇനി എന്ത്? എന്നു ചോദിച്ചവരും കുറവല്ല. ഇവർക്കുള്ള ഉത്തരം തയ്യാറാക്കുന്ന പണിയിലാണ്  സാജൻ ഇപ്പോൾ. എന്നാൽ, എതിർത്തുകൊണ്ടും കമന്റുകൾ വന്നു. അറേഞ്ച് മാര്യേജിനെ വിലകുറച്ചു കാണിക്കുന്ന ഒരു വീഡിയോ ആയും പ്രണയവിവാഹത്തെ സപ്പോർട്ട് ചെയ്യുന്ന വീഡിയോ ആയും പലരും ഇതിനെ വ്യാഖ്യാനിക്കുന്നു. എന്നാൽ, അങ്ങനെ അല്ല. ചുരുക്കത്തിൽ ഈ വീഡിയോ അറേഞ്ച് മാര്യേജ് തന്നെയാണ് നല്ലതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. ജീവിതപങ്കാളിയെ കണ്ടെത്തുന്നു; അത് മാതാപിതാക്കളെ അറിയിക്കുന്നു; അവരുടെ സമ്മതത്തോടെ വിവാഹം കഴിക്കുന്നു. മനുഷ്യന് ദൈവം തന്നിരിക്കുന്ന വിവേകം ഉപയോഗിച്ച് പ്രണയിക്കുവാൻ മാത്രമാണ് ഈ വീഡിയോ പറയുന്നത്.

രണ്ടാമത്, പലരും ചോദിച്ചത് പ്രണയത്തിൽ വിശ്വാസം ഒരു പ്രധാനഘടകമാണോ എന്നതായിരുന്നു. തീർച്ചയായും ആ ഒരു ഘടകത്തിന്റെ പൊരുത്തത്തിൽ സാജൻ ഉറച്ചുനിൽക്കുന്നു. കാരണം, വിവാഹം അല്ലെങ്കിൽ പ്രണയം ആദ്യം കാണുന്ന ആകർഷകത്വത്തിനപ്പുറം ജീവിച്ചുതുടങ്ങുമ്പോൾ ഒരേ വിശ്വാസത്തിൽ ഉള്ളവർ ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. ജീവിതം തുടങ്ങുന്നതു മുതൽ കുട്ടികളെ വളർത്തുന്നതിലും അവർക്ക് മൂല്യങ്ങൾ പകർന്നുനൽകുന്നതിലുമൊക്കെ മാതാപിതാക്കളുടെ വിശ്വാസത്തിന് പ്രത്യേകസ്ഥാനമുണ്ട് എന്ന് ഇവർ പറയുന്നു. ഇതു‌ കൂടാതെ, ഒരേ സാമ്പത്തികസ്ഥിതി ഒക്കെ ആവശ്യമാണോ വിവാഹത്തിന് എന്നും ചോദിക്കുന്നവരും കുറവല്ല. ഇവരോടൊക്കെ സാജന് പറയാനുള്ളത്, ഈ വീഡിയോയില്‍ പ്രാക്ടിക്കലി സെൻസിബിൾ ആയ കാര്യങ്ങളാണ് താൻ പറഞ്ഞിരിക്കുന്നത് എന്നാണ്. ഒരു സാധാരണക്കാരന്റെ കുടുംബത്തിൽ വിള്ളലുണ്ടാകാതെ എങ്ങനെ പ്രണയം സാധ്യമാക്കാം എന്നതാണ് ‘ബുദ്ധിപൂർവ്വം പ്രണയിക്കാം’ എന്ന വീഡിയോയിൽ പറയുന്നത്. ഇങ്ങനെ അല്ലാത്ത പ്രണയങ്ങളുമുണ്ട് എന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

ജീവിതത്തെ പൂർണ്ണമാക്കുന്ന പ്രണയം

പ്രണയം അത് ഒരിക്കലും മോശമായ ഒന്നല്ല. പ്രണയിക്കാതെ ഭൂമിയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. എന്തിനോടെങ്കിലുമുള്ള പ്രണയം – അത് മനുഷ്യരോടു മാത്രമാകണമെന്നില്ല. യാത്രകളോട്, എഴുത്തിനോട് ഒക്കെ ആവാം. ഇത്തരത്തിലുള്ള പ്രണയമാണ് ഒരു മനുഷ്യന്റെ ജീവിതത്തെ സമ്പൂർണ്ണമാകുന്നത്. അത് സാധാരണ പ്രണയങ്ങളിൽ മാത്രമല്ല, അറേഞ്ച് മാര്യേജ് കഴിഞ്ഞവരുടെ ജീവിതത്തിലും ആ പ്രണയം സൂക്ഷിക്കുവാൻ കഴിയണം. പല വിവാഹങ്ങളിലും സംഭവിക്കുന്നത്, പ്രണയം എന്നത് ആദ്യത്തെ കുറച്ചുനാളുകൾ കൊണ്ട് കഴിയും. പിന്നെ പ്രണയം എന്നത് പ്രൊട്ടക്ടർ എന്ന തലത്തിലേയ്ക്ക് മാറുന്നു. അതോടെ പ്രണയം, കുട്ടിത്തം, കുസൃതി ഇതൊക്കെ ദമ്പതികളുടെയിടയിൽ നഷ്ടപ്പെടുന്നു.

അതുപോലെ തന്നെയാണ് ഇന്നത്തെ തലമുറയോട് പ്രണയത്തെക്കുറിച്ചു പറയുന്നതും. പ്രണയം, അത് പച്ചയായ യാഥാര്‍ത്ഥ്യമായി കുട്ടികൾക്കു മുമ്പില്‍ നിൽക്കുകയാണ്. അവർ അതിൽ പലപ്പോഴും പെട്ടുപോവുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങളിൽ സത്യം മറച്ചുവച്ചു കൊണ്ട് അവരോട് സംസാരിക്കുന്നതു ശരിയല്ല. എന്തും തിരിച്ചറിയുന്ന, അറിയാൻ കെൽപ്പും സാധ്യതകളുമുള്ള ലോകത്തിലാണ് അവർ ജീവിക്കുന്നത്. അതിനാൽ തന്നെ അവരോട് തുറന്നു സംസാരിക്കുക, സത്യം സത്യമായി പറയുക. അപ്പോൾ അവർ ആ സത്യത്തെ അംഗീകരിക്കും. ഈ വീഡിയോയിലൂടെ ഞാൻ ചെയ്‌തതും ഇതു‌ തന്നെയാണ് – സാജൻ പറഞ്ഞുനിർത്തി.

കുടുംബവും ഫാമിലി മാറ്റേഴ്സ് 360 യും

യുവജനങ്ങൾക്ക് ഏറെ ഫലപ്രദമായ കാര്യം. അത് പറയുവാൻ എന്ത് അർഹതയാണ് സാജനുള്ളത് എന്നു ചോദിച്ചാൽ, യുവജങ്ങളുമായി ഏറെ അടുത്തുനിന്ന വ്യക്‌തിയാണ് അദ്ദേഹം എന്നതാണ് ഒരു കാര്യം. 2009 കാഞ്ഞിരപ്പള്ളി രൂപതയുടെ യുവജനപ്രസ്ഥാനത്തിന്റെ രൂപതാ തല പ്രസിഡന്റ് ആയി സേവനം ചെയ്ത വ്യക്തിയാണ് സാജൻ. പത്തനംതിട്ടയിലെ ചീങ്കൽതടം സെന്റ് ജോസഫ് ഇടവകാംഗമായ സാജൻ, യുവജനങ്ങളോട് സംവദിക്കുവാനായിട്ടാണ് ക്ലാസുകൾ എടുത്തുതുടങ്ങിയത്. പിന്നീട് യുവജനങ്ങൾക്കും കുട്ടികൾക്കും‌ ക്ലാസുകൾ നയിക്കുന്ന റിസോഴ്സ് പേഴ്സൺ ആയി മാറി. ആ വളർച്ച ഇന്ന് എത്തിനിൽക്കുന്നത് കോർപ്പറേറ്റ് കമ്പനികൾക്ക് ട്രെയിനിങ് നൽകുന്ന പ്രഫഷണൽ ട്രെയിനറിലാണ്. ഇപ്പോൾ ക്രീവ്‌ലാബ്സ് ഐ.ടി. സൊല്യൂഷൻസ് കമ്പനിയുടെ ബിസിനസ് ഡയറക്ടർ ആണ് സാജൻ. ഈ കമ്പനിയുടെ ഓപ്പറേഷൻ ഡയറക്ടർ ആണ് ഭാര്യ മെർലിൻ. ഇവർക്കൊപ്പം മൂന്നു വയസുകാരിയായ മകൾ സേറയും ചേരുന്നതാണ് സാജന്റെ മാമ്മൂട്ടിൽ കുടുംബം.

ഇനി എന്താണ് ‘ഫാമിലി മാറ്റേഴ്സ് 360’ എന്നല്ലേ? പറയാം. യുവജനങ്ങളോടും കുട്ടികളോടും സംവദിക്കുമ്പോഴും ട്രെയിനിങ് നൽകുമ്പോഴും മറ്റും മനസ്സിൽ ഉടലെടുക്കുന്ന പല ആശയങ്ങളുണ്ട്. അവയൊക്കെ വച്ച് എന്തെങ്കിലും ചെയ്യണമെന്ന് നാളുകളായി ആഗ്രഹിക്കുന്നതാണ്. ലോക്ക് ഡൗണിൽ സമയം കിട്ടിയപ്പോൾ അതങ്ങു സാധ്യമാക്കി. അതാണ് ‘ഫാമിലി മാറ്റേഴ്സ് 360’ എന്ന യുട്യൂബ് ചാനൽ. ഒരു കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പങ്കുവയ്ക്കുന്ന പ്ലാറ്റ്ഫോം ആണിത്. അതുകൊണ്ടു തന്നെയാണ് ‘ഫാമിലി മാറ്റേഴ്സ് 360’ എന്ന പേര് നൽകിയതു തന്നെ.
ഈ ചാനലിലൂടെ പുറത്തിറങ്ങിയ നാലാമത്തെ വീഡിയോ ആയിരുന്നു ‘ബുദ്ധിപൂർവം പ്രണയിക്കാം’ എന്നത്. സാജൻ ഒറ്റയ്ക്കാണ് ഇതെല്ലാം ചെയ്യുന്നത് എന്നാണ് കരുതുന്നതെങ്കിൽ തെറ്റി. ഓരോ വീഡിയോയിലും മെർലിന്റെയും തുല്യപങ്കാളിത്വമുണ്ട്. എന്തിന്, അരമണിക്കൂർ നീണ്ട സംഭാഷണത്തിൽ സാജനുമായിട്ടാണ് സംസാരിച്ചതെങ്കിലും തന്റെ ജീവിതപങ്കാളി പങ്കുവയ്ക്കുന്ന കാര്യങ്ങൾ ശരിയാണെന്നുറപ്പിച്ചുകൊണ്ട് മെർലിനും സമീപത്തുതന്നെ ഉണ്ടായിരുന്നു. ഇതല്ലേ അപ്പോൾ ശരിയായ പ്രണയം. ഇണയുടെ തുണയായും സുഹൃത്തായും ഒപ്പം നിന്നുകൊണ്ട് പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ട് അവർ തങ്ങളുടെ ജീവിതം പ്രണയാതുരമാക്കുകയാണ്…

മരിയ ജോസ്

1 COMMENT

  1. കാലഘട്ടത്തിന് അനുയോജ്യമായ സന്ദേശം. കൂടുതൽ ഇത്തരം നല്ല ജീവിത പാഠങ്ങൾ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.