വൈകല്യങ്ങൾ വിശുദ്ധിക്ക് തടസ്സമല്ലെന്ന് തെളിയിച്ചവർ

അംഗവൈകല്യമുള്ളവർക്ക് വിശുദ്ധ ജീവിതം ഒരു തടസമല്ല. ശാരീരികമായ കുറവുകളും രോഗങ്ങളും വൈകല്യങ്ങളും ഉണ്ടായപ്പോൾ ദൈവത്തെ പഴിപറയാതെ ജീവിച്ചവര്‍. സഹനങ്ങളെ അവർ വിശുദ്ധിയിലേക്കുള്ള പാതകളാക്കി മാറ്റി. യേശുവിനെ അനുഗമിച്ചുകൊണ്ട് വിശുദ്ധിയുടെ പാതയിൽ ചരിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഇവരുടെ ജീവിതം ഒരു മാതൃകയാണ്. വൈകല്യമുണ്ടായിരുന്ന വിശുദ്ധരുടെ ജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം.

1. വാഴ്ത്തപ്പെട്ട ഹെർമൻ (1013-1054)

ജനിച്ചപ്പോൾ തന്നെ വൈകല്യങ്ങളോടെയാണ് ഹെർമൻ ഈ ഭൂമിയിലേക്ക് കടന്നു വന്നത്. സ്പൈന ബിഫിഡ അല്ലെങ്കിൽ സുഷുമ്‌ന മസ്കുലർ അട്രോഫി എന്നിവയ്‌ക്ക് പുറമേ, പിളർന്ന അണ്ണാക്കും സെറിബ്രൽ പക്ഷാഘാതവുമായിരുന്നു അദ്ദേഹത്തിന്. ഹെർമന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല. വീൽചെയർ കണ്ടുപിടിക്കുന്നതിന് മുൻപുള്ള കാലഘട്ടമായിരുന്നു അത്. അദ്ദേഹം ഒരു ജർമ്മൻ ആശ്രമത്തിലായിരുന്നു. അവിടെയുള്ള സന്യാസിമാർ ഒരു മുറിയിൽ നിന്ന് മറ്റൊന്നിലേക്ക് എടുത്തുകൊണ്ട് പോകേണ്ട അവസ്ഥയിലായിരുന്നു അദ്ദേഹത്തിൻ്റെ ജീവിതം.

തൻ്റെ മുറിയിൽ മാത്രം ഇരുന്നുകൊണ്ട് അദ്ദേഹം ബൗദ്ധികമായി ധാരാളം അറിവ് സമ്പാദിച്ചു. അവിടെ ഇരുന്ന് ഹെർമൻ കണക്ക്, ജ്യോതിശാസ്ത്രം, ചരിത്രം, ദൈവശാസ്ത്രം എന്നിവ പഠിച്ചു. യൂറോപ്പിലെ ആദ്യത്തെ ജ്യോതിശാസ്ത്ര ഗ്രന്ഥം അദ്ദേഹത്തിന്റേതാണ്. ആദ്യത്തെ ക്രൈസ്തവ ചരിത്രം എഴുതി. അന്ധനായി പോയതിനുശേഷം ഹെർമൻ സംഗീതം രചിക്കാൻ തുടങ്ങി. ‘സാൽവെ റെജീന’, ‘അൽമ റിഡംപ്റ്റോറിസ് മേറ്റർ’ എന്നിവ ഹെർമൻ രചിച്ചതാണെന്ന് ഇന്ന് പലരും വിശ്വസിക്കുന്നു.

2. കാസ്റ്റെല്ലോയിലെ വാഴ്ത്തപ്പെട്ട മാർഗരറ്റ് (1287-1320)

മാർഗ്ഗരറ്റിനു ജനിച്ചപ്പോൾ തന്നെ കൂന് ഉണ്ടായിരുന്നു. മാത്രമല്ല, നീളമുള്ള കാലുകൾ, പൊക്കകുറവ്, അന്ധത എന്നിവയും. ജീവിതകാലം മുഴുവനും ഊന്നുവടിയിൽ മാത്രം ആശ്രയിച്ച് നടക്കാനുള്ള ശേഷിയെ അവൾക്കുണ്ടായിരുന്നുള്ളു. കുലീന കുടുംബത്തിലെ അംഗമായിരുന്ന അവളുടെ മാതാപിതാക്കൾക്ക് അവളെ അംഗീകരിക്കുവാൻ സാധിച്ചിരുന്നില്ല. എന്നാൽ മാർഗരറ്റ് അവളുടെ വൈകല്യത്തെ ഒരു ദുരന്തമായി കരുതിയില്ല.

മാർഗരറ്റിന്റെ മാതാപിതാക്കൾ വർഷങ്ങളോളം അവളെ ഒളിപ്പിച്ചു താമസിപ്പിച്ചു. പിന്നീട് അവർ ദൂരെയുള്ള ആരും അറിയാത്ത ഒരു പട്ടണത്തിൽ അവളെ ഉപേക്ഷിച്ചു. എന്നാൽ, മാർഗരറ്റ് അവളുടെ മാതാപിതാക്കളോട് ക്ഷമിച്ചു. ഒരു കോൺവെന്റിൽ അവൾ അഭയം തേടി. വിശുദ്ധമായ ജീവിതം നയിക്കുകയും അതിനായി സന്യാസിനിമാരെ പ്രചോദിപ്പിക്കുകയും ചെയ്തു. അവരുടെ പാപാവസ്ഥയെക്കുറിച്ച് ബോധ്യപ്പെടുത്തിയപ്പോൾ അവർ അവിടെനിന്നും അവളെ പുറത്താക്കി. അങ്ങനെ മാർഗരറ്റ് മരണം വരെ മറ്റുള്ളവരുടെ ഔദാര്യം കൊണ്ട് മാത്രം ജീവിച്ചു. എന്നാൽ, തൻ്റെ കഷ്ടപ്പാടിലും അവൾ വിശുദ്ധമായ ജീവിതം നയിക്കുന്നതിൽ നിന്ന് പുറകോട്ട് പോയില്ല.

3. വാഴ്ത്തപ്പെട്ട അലക്സിയസ് കിം സി-യു (1782-1815)

വളരെ സൗമ്യനും ബുദ്ധിമാനും ആയ ഒരു കൊറിയക്കാരനായിരുന്നു അലക്സിയസ്. ശരീരത്തിന്റെ വലതുഭാഗം പൂർണ്ണമായും തളർന്ന അവസ്ഥയിലായിരുന്നു അദ്ദേഹം. അക്കാലത്തെ സംസ്ക്കാരമനുസരിച്ച് വിവാഹം കഴിക്കുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. വൈകല്യം അദ്ദേഹത്തെ ജോലി ചെയ്യുന്നത്തിൽ നിന്നും വിലക്കി.

എന്നാൽ സുവിശേഷം പ്രസംഗിക്കുവാൻ വൈകല്യങ്ങൾ അദ്ദേഹത്തിന് ഒരു തടസ്സമേയല്ലായിരുന്നു. കൊറിയയിൽ വൈദികരില്ലാത്ത ഒരു സാഹചര്യത്തിൽ വിശ്വാസികളല്ലാത്തവരോടും, മറ്റ് കത്തോലിക്കരോടും അദ്ദേഹം ക്രിസ്തുവിനെപ്പറ്റി സംസാരിച്ചു. അലക്സിയസ് മതപുസ്തകങ്ങൾ പകർത്തി വിൽക്കുകയും അതിനായി ക്രിസ്ത്യൻ സമൂഹവും സാമ്പത്തികമായി പിന്തുണയ്ക്കുകയും ചെയ്തു.

അലക്സിയസ് ഒഴികെയുള്ള ഗ്രാമത്തിലെ എല്ലാ കത്തോലിക്കരെയും പോലീസ് അറസ്റ്റ് ചെയ്തപ്പോൾ അദ്ദേഹം പോലീസിനോട് ചോദിച്ചു. “ഞാനും ഒരു കത്തോലിക്കനാണ്, എന്തുകൊണ്ടാണ് നിങ്ങൾ എന്നെ അറസ്റ്റ് ചെയ്യാത്തത്? ഞാൻ വൈകല്യമുള്ളവനായതിനാലാണോ?” അങ്ങനെ പോലീസ് അദ്ദേഹത്തെയും അറസ്റ്റുചെയ്ത് ജയിലിലേക്ക് കൊണ്ടുപോയി. അവിടെയും സുവിശേഷം പ്രസംഗിച്ച അദ്ദേഹത്തെ നിശ്ശബ്ദനാക്കാൻ അദ്ദേഹത്തിന്റെ താടിയെല്ല് ഓടിക്കാൻ ഗവർണ്ണർ ഉത്തരവിട്ടു.

മറ്റ് തടവുകാരെപ്പോലെ വൈക്കോൽ ഷൂ ഉണ്ടാക്കുന്നതിലൂടെ ഭക്ഷണത്തിനായി പണം സമ്പാദിക്കാൻ അലക്സിയസിന് കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹം തൻ്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ പട്ടിണി കിടന്നു മരിച്ചു.

4. ദൈവദാസി എലീൻ റോസലിൻ ഓ’കോണർ (1892-1921)

ഒരു അപകടത്തിൽ നട്ടെല്ല് തകർന്ന എലീന് പിന്നീട് ഒരിക്കലും നടക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ അവൾ വേദന അനുഭവിച്ചു. അവളുടെ ഉയരം 3’9 ആയിരുന്നു. 20 വയസ്സ് മാത്രം പ്രായമുള്ള അവർ സൊസൈറ്റി ഓഫ് ഔർ ലേഡി നഴ്സസ് ഫോർ ദ പൂവർ എന്ന സ്ഥാപനം ആരംഭിച്ചു. രോഗികളായ പാവങ്ങൾക്ക് അവരുടെ വീടുകളിൽ തന്നെ ശുശ്രൂഷകൾ നൽകുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ സ്ഥാപനത്തിന്റെ പേരിൽ ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. പിന്നീട് അവ സത്യമല്ലെന്ന് തെളിഞ്ഞെങ്കിലും എലീൻ 28 വയസുവരെ മാത്രമേ ജീവിച്ചിരുന്നുള്ളു.

5. ദൈവദാസി ഡാർവിൻ റാമോസ് (1994-2012)

ഡാർവിൻ ഒരു മദ്യപാനിയുടെ മകനായിരുന്നു. മനിലയിലെ ചേരികളിൽ താമസിക്കുന്ന എട്ട് മക്കളിൽ  മൂത്തവനായ ഡാർവിന് സ്കൂളിൽ പോകാൻ അവസരമില്ലായിരുന്നു. മിക്കപ്പോഴും ചേരികളിലായിരുന്നു ദിവസങ്ങൾ തള്ളിനീക്കിയിരുന്നത്. ആരോഗ്യക്കുറവുള്ള അവനെ അഞ്ചുവയസ്സുള്ളപ്പോൾ, അമ്മ ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോയി. കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടെന്ന് പറഞ്ഞ് ദരിദ്രയായ ആ സ്ത്രീയെ ഡോക്ടർ പിരിച്ചുവിട്ടെങ്കിലും ഡാർവിന് ഡുചെൻ മസ്കുലർ ഡിസ്ട്രോഫിയാണെന്ന് കണ്ടെത്തി. താമസിയാതെ തന്നെ നടക്കാനുള്ള ശേഷി അവന് നഷ്ടമായി.

മറ്റുള്ളവരുടെ മുൻപിൽ സഹതാപം തോന്നുന്ന ഒരാളായി സ്വയം കാണപ്പെടാൻ ഡാർവിൻ ആഗ്രഹിച്ചില്ല. എന്നാൽ, പിതാവ് അവനെ ഭിക്ഷയെടുക്കാൻ പറഞ്ഞയച്ചു. 11 വയസ്സുള്ളപ്പോൾ, വികലാംഗരായ തെരുവ് കുട്ടികൾക്കായുള്ള ഒരു വീട്ടിലേക്ക് അവൻ മാറി. അവിടെ, അവൻ തൻ്റെ തിളക്കമാർന്ന പുഞ്ചിരിയും ആത്മീയ സമ്പന്നതയും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവനായി.

വൈകല്യമുണ്ടായിട്ടും അവൻ സന്തോഷം വെടിഞ്ഞില്ല. തന്റെ ജീവിതത്തിന്റെ ലക്‌ഷ്യം “ദൈവത്തെ നന്നായി അറിയുക, അവനെ നന്നായി വിശ്വസിക്കുക” എന്നതാണെന്ന് അവൻ മനസിലാക്കി. പതിനേഴാമത്തെ വയസിൽ രോഗം മൂർച്ഛിച്ച് ഡാർവിൻ മരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.