രാഷ്ട്രീയക്കാർക്ക് അനുകരിക്കാവുന്ന വിശുദ്ധൻ

ഈ ഭൂമിയിലെ ഏതൊരു മഹത്വത്തെയുംകാൾ പ്രധാനപ്പെട്ടത് സ്വർഗരാജ്യമാണെന്ന് തിരിച്ചറിഞ്ഞ രാജാവാണ് വി. വെൻസ്ലൗസ് രാജാവ്. എല്ലാ രാഷ്ട്രീയക്കാർക്കും നേതാക്കൾക്കും അനുകരിക്കാവുന്ന മാതൃകയാണ് ഈ വിശുദ്ധന്റെ ജീവിതം. എന്തു കാര്യത്തിനായിരിക്കണം മുൻഗണന ഉണ്ടാകേണ്ടതെന്ന് ഈ വിശുദ്ധൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

ബെനഡിക്ട് പതിനാറാമൻ പാപ്പാ അദ്ദേഹത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: “ലോകശക്തിയുടെ പ്രലോഭനത്തേക്കാൾ സ്വർഗ്ഗരാജ്യത്തെ ഇഷ്ടപ്പെടാൻ ധൈര്യം കാണിച്ച വിശുദ്ധനാണ് വി. വെൻസ്‌ലൗസ്. നമുക്കു വേണ്ടി മരിച്ച യേശുക്രിസ്തുവിൽ നിന്ന് അവന്റെ നോട്ടം ഒരിക്കലും അകന്നുപോയില്ല. നാം മാതൃകയാക്കേണ്ട ജീവിതമാണ് അദ്ദേഹം ജീവിച്ചത്. കർത്താവിന്റെ അനുസരണയുള്ള ശിഷ്യനെന്ന നിലയിൽ, യുവരാജകുമാരൻ വെൻസ്‌ലൗസ് സുവിശേഷം ജീവിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. തന്റെ രാജ്യത്തും അയൽരാജ്യങ്ങളിലും സമാധാനപരമായ ബന്ധം കെട്ടിപ്പടുക്കുന്നതിനു മുമ്പു തന്നെ, അദ്ദേഹം ക്രിസ്ത്യൻ വിശ്വാസം പ്രചരിപ്പിക്കുന്നതിനും വൈദികരെ തന്റെ രാജ്യത്ത് കൊണ്ടുവരുന്നതിനും പള്ളികൾ പണിയുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു. സമൂഹത്തിലെ ദുർബലരും അഗതികളുമായ ആളുകളെയാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഏറ്റവും ദുർബലരെ സംരക്ഷിക്കാനുള്ള തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് അദ്ദേഹം എപ്പോഴും ബോധവാനായിരുന്നു.”

പാവങ്ങളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന വിശുദ്ധൻ വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകി, വിശക്കുന്നവർക്ക് ഭക്ഷണം നൽകി, ഭവനരഹിതർക്ക് പാർപ്പിടമൊരുക്കി. വിധവകളോട് അനീതി ചെയ്യാൻ അവൻ അനുവദിച്ചില്ല. പാവപ്പെട്ടവനായാലും സമ്പന്നനായാലും എല്ലാ ആളുകളെയും അവൻ സ്നേഹിച്ചു. തന്നെ കൊല്ലാൻ ശ്രമിച്ച സഹോദരനോട്‌ ക്ഷമിക്കാൻ പോലും അദ്ദേഹത്തിനു കഴിഞ്ഞു. ചുരുക്കത്തിൽ സുവിശേഷമൂല്യങ്ങൾ വി. വെൻസ്‌ലൗസ് സ്വന്തം ജീവിതത്തിൽ പകർത്താൻ പരിശ്രമിച്ചു. അദ്ദേഹത്തിന്റെ ജീവിതമാതൃക എല്ലാ രാഷ്ട്രീയനേതാക്കൾക്കും അനുകരിക്കാവുന്നതാണ്.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.