പത്രോസ് ശ്ലീഹാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച ദൈവാലയം 

വിശുദ്ധ പത്രോസ് ശ്ലീഹാ ആദിമ ക്രൈസ്തവര്‍ക്കായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്ന പുരാതന ദൈവാലയമാണ് ഗ്രോട്ടോ ഓഫ് സെന്റ് പീറ്റര്‍. അന്ത്യോക്യയിലെ സ്റ്റാരിയസ് കുന്നിന്റെ ചെരിവില്‍ സ്ഥിതിചെയ്യുന്ന ഈ ദൈവാലയമാണ് ആദ്യ ക്രിസ്ത്യന്‍ ദൈവാലയമായി കണക്കാക്കുക.

തറയില്‍ നിന്ന് പതിമൂന്നു മീറ്റര്‍ താഴ്ചയിലും ഏഴ് മീറ്റര്‍ ഉയരത്തിലുമാണ് ഈ ഗുഹാ ദൈവാലയം സ്ഥിതി ചെയ്യുന്നത്. ഈ പുരാതന ദൈവാലയത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും കാണുവാന്‍ സാധിക്കും. നാലോ അഞ്ചോ നൂറ്റാണ്ടുകളില്‍ പണിത ഈ ഗുഹയുടെ തറ മോസൈക്കില്‍ തീര്‍ത്തവയായിരുന്നു. പല ചുവര്‍ ചിത്രങ്ങളും ഇതില്‍ സൂക്ഷിച്ചിരുന്നു. ഈ ഗുഹയ്ക്ക് ചുറ്റുമായി പണിത ദൈവാലയത്തിന്റെ അള്‍ത്താരയുടെ വലതുഭാഗത്തായി ഈ പുരാതന ഗുഹ സംരക്ഷിക്കപ്പെട്ടു പോരുന്നു.

നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ ഗുഹയില്‍ ചെറിയ ഒരു നീരുറവ ഉണ്ടായിരുന്നു. അതിനാല്‍ തന്നെ ഇവിടെ നിരവധി മാമ്മോദീസാകള്‍ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാല്‍ തുടരെ തുടരെ ഉണ്ടായ ഭൂകമ്പത്തില്‍ ആ നീരുറവ ഇല്ലാതായി. 1098   കുരിശുയുദ്ധക്കാര്‍ അന്ത്യോക്യയില്‍ എത്തിയപ്പോള്‍ അവര്‍ ഈ ദൈവാലയത്തിന് മുന്‍ഭാഗം പണിതു. എട്ടാം നൂറ്റാണ്ടില്‍ ഒമ്പതാം പീയൂസ് പാപ്പായുടെ നിര്‍ദ്ദേശപ്രകാരം കപ്പൂച്ചിന്‍ വൈദികര്‍ അത് പുതുക്കിപ്പണിതു.

ഇപ്പോള്‍ ഈ ദൈവാലയം മ്യൂസിയമായാണ് ഉപയോഗിക്കുക. അന്ത്യോക്യയുടെ രക്ഷാധികാരിയായ വിശുദ്ധ പത്രോസിന്റെ തിരുനാള്‍ ദിനമായ ഫെബ്രുവരി ഇരുപത്തി ഒന്നാം തിയതി ഈ ദേവാലയത്തില്‍ പ്രത്യേക കര്‍മ്മങ്ങള്‍ നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.