ചേര്‍ത്തുപിടിക്കാനായി തുറക്കപ്പെട്ട തിരുഹൃദയം

എന്റെ ഹൃദയം മുറിയാതിരിക്കാന്‍, എന്നെ പൊതിഞ്ഞുസൂക്ഷിക്കാന്‍ തുറക്കപ്പെട്ടതാണ് ഈശോയുടെ തിരുഹൃദയം. തന്നില്‍ അഭയം തേടുന്നവര്‍ക്ക് സുരക്ഷിതത്വമൊരുക്കി സ്‌നേഹത്തിന്റെ വിരുന്നൊരുക്കി തുറന്നിട്ടിരിക്കുന്നതാണ് ആ ഹൃദയം. വേദനിക്കുന്നവന് കാരുണ്യത്തിന്റെ ജീവജലമാണ് ആ ഹൃദയം. എനിക്കു വേണ്ടി കാല്‍വരിയില്‍ കുത്തിത്തുറക്കപ്പെട്ട ആ തിരുഹൃദയത്തിലേക്ക് അരുമശിഷ്യനായ യോഹന്നാനെപ്പോലെ തലയൊന്ന് ചായ്ച്ചിരുന്നാല്‍ ആ സ്‌നേഹത്തിന്റെ ചൂട് നമുക്കറിയാം.

ആരുമറിയാതെ രക്തസ്രാവക്കാരി സ്ത്രീ വിശ്വാസത്തോടെ തൊട്ടത് അവന്റെ വസ്ത്രത്തിലല്ല; അവിടുത്തെ ഹൃദയത്തിലാണ്. അവിടെ നിന്ന് പുറപ്പെട്ട കരുണ നിറഞ്ഞ സ്‌നേഹത്തിന്റെ ശക്തി അവളെ പൂര്‍ണ്ണമായി വിശുദ്ധീകരിച്ചു. അന്ധനായ മനുഷ്യന്റെ ഹൃദയത്തിന്റെ വിങ്ങലിനാണ് അവിടുന്ന് ആശ്വാസം സമ്മാനിച്ചത്. പൊക്കം കുറഞ്ഞ സക്കേവൂസിന് വിശാലമായ ഹൃദയം നല്‍കിയത് ഈശോയുടെ കരുതലായിരുന്നു. കല്ലെറിയാന്‍ കൊണ്ടുവന്ന പാപിനിക്ക് അവിടുന്ന് നല്‍കിയത് കരുണാര്‍ദ്ര ഹൃദയത്തിന്റെ സംരക്ഷണവും കുറ്റപ്പെടുത്തലില്ലാത്ത താക്കീതുമായിരുന്നു. ചെയ്തുപോയ പാപങ്ങളോര്‍ത്ത് നിരാശയോടെ അവനെ നോക്കിയവന് സമ്മാനിച്ചത് പറുദീസ ആയിരുന്നു.

അലോസരപ്പെടുത്തുന്ന ആക്രോശങ്ങളുടെ നടുവില്‍ തന്റെ ഹൃദയം കുത്തിത്തുറന്നവന് അവിടുന്ന് നല്‍കിയത് ഉള്‍ക്കാഴ്ചയുടെ ദിവ്യൗഷധമായിരുന്നു. കാല്‍വരി യാത്രയില്‍ ഹൃദയം തകര്‍ന്ന തന്റെ അമ്മയ്ക്ക് മൂകമായ ഭാഷയില്‍ മകന്റെ ദിവ്യഹൃദയത്തില്‍ നിന്ന് ഒഴുകിയത് സാന്ത്വനത്തിന്റെയും ധൈര്യപ്പെടുത്തലിന്റേതുമായ സ്പന്ദനമായിരുന്നു. ഉത്ഥാനശേഷം തനിക്ക് നഷ്ടപ്പെട്ട ദര്‍ശനഭാഗ്യം തന്റെ പ്രിയശിഷ്യന്‍ തോമായുടെ ശാഠ്യത്തിനു മുന്നില്‍ എളിമയോടെ ദര്‍ശനം നല്‍കിയത് ആ തിരുഹൃദയത്തിന്റെ അവര്‍ണ്ണനീയമായ സ്‌നേഹത്തിന്റെ കുത്തൊഴുക്കായിരുന്നു.

നഷ്ടപ്പെട്ടു പോകുന്ന ഓരോ ആടിനെയും കണ്ടെത്തുവോളം ഹൃദയവിങ്ങലോടെ അലഞ്ഞ് കണ്ടെത്തിയാല്‍ തന്റെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്നതാണ് ആ ദിവ്യഹൃദയം. അവിടുത്തെ ഭാഷ നമ്മുടെ ഹൃദയങ്ങളെ തീക്ഷ്ണതയാല്‍ ജ്വലിപ്പിക്കുന്നതാണ്. അറക്കപ്പെട്ട കുഞ്ഞാടിനെപ്പോലെ നമുക്ക് ജീവനേകാന്‍ ഭക്ഷണമായി, ദിവ്യകാരുണ്യമായി മുറിച്ചുതന്നതാണ് ആ സ്‌നേഹക്കൂടാരം. മുറിക്കപ്പെട്ട ഹൃദയത്തിലൂടെ പിതാവിന്റെ സ്‌നേഹത്തിന്റെ ആഴം ഈശോ നമുക്ക് വെളിപ്പെടുത്തി. തന്റെ ഹൃദയാടിത്തട്ടിലുണ്ടായിരുന്ന അവസാന തുള്ളി രക്തവും വെള്ളവും പരിപൂര്‍ണ്ണമായി പങ്കുവച്ചുകൊണ്ട് പങ്കുവയ്ക്കലിന്റെ അഗാധമായ പാഠം നമ്മെ പഠിപ്പിച്ചു. ‘പരിപൂര്‍ണ്ണതയുടെ ബന്ധമായ സ്‌നേഹം സംരക്ഷിക്കുവിന്‍’ (കൊളോ 3:14) എന്ന് വി. പൗലോസ് ശ്ലീഹാ ഓര്‍മ്മിപ്പിക്കുന്നു.

പിളര്‍ക്കപ്പെട്ട ഹൃദയത്തോട് ചേര്‍ന്നിരിക്കുന്ന ഹൃദയവും അപരനുവേണ്ടി പിളര്‍ക്കപ്പെടുവാന്‍ സന്നദ്ധമാകണം. ഈ വലിയ സ്‌നേഹപാരമ്യത്തിന്റെ പൂര്‍ത്തീകരണമായി തന്റെ മക്കള്‍ക്ക് ഉറപ്പായ ആശാകേന്ദ്രമായി ശാസ്ത്രത്തിനും അതീതമായി നമ്മോടൊപ്പം അലിഞ്ഞുചേരാന്‍ വിശുദ്ധ കുര്‍ബാനയായി തന്നെത്തന്നെ പകുത്തുതന്നു. ആ ദിവ്യഹൃദയത്തിന്‍ ചാരെ ചേര്‍ന്നുനില്‍ക്കുമ്പോള്‍ അവിടുന്ന് പറയും, ‘ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുവിന്‍’ (യോഹ. 15:12). ‘സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല’ (യോഹ. 15:13).

നമ്മുടെ ഭവനങ്ങള്‍ ഈശോയുടെ തിരുഹൃദയത്തിന് പ്രതിഷ്ഠിച്ചിരിക്കുന്നതില്‍ മാത്രമല്ല പ്രധാനം, അതില്‍ വസിക്കുന്ന എന്റെ ഹൃദയം ഈശോയുടെ തിരുഹൃദയത്തോട് ചേര്‍ന്നതാണോ എന്നതിലാണ് കാര്യം. ഈശോയുടെ ഹൃദയഭാഷയായ എളിമയുടെയും ശാന്തതയുടെയും ക്ഷമയുടെയും അവര്‍ണ്ണനീയമായ സ്‌നേഹത്തിന്റെയും മൂര്‍ത്തീഭാവമാണ് കാലിത്തൊഴുത്തോളം ചെറുതായ ഈശോയുടെ വലിയ ഹൃദയം. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത, വീണുപോയാല്‍ സ്‌നേഹത്തോടെ താങ്ങുന്ന, അകന്നുപോയാല്‍ ചേര്‍ത്തുപിടിക്കാന്‍ തുറന്നിട്ടിരിക്കുന്ന അഭയശിലയാണ് ആ തിരുഹൃദയം. ആ ദിവ്യഹൃദയത്തോട് ചേര്‍ന്നുനില്‍ക്കാം. ജീവന്റെ ഉറവയായ ആ നീര്‍ച്ചാലില്‍ നിന്ന് വേണ്ടുവോളം കുടിക്കാം.

ടോമിച്ചന്‍ തുമ്പേക്കളം, കിളിരൂര്‍ (DSHJ അത്മായ പ്രേഷിതൻ)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.