ഉള്ളു തുറന്ന് സ്നേഹിക്കാന്‍ പഠിപ്പിക്കുന്ന തിരുഹൃദയം

യാത്രയില്‍ ക്ഷീണിച്ച് തളര്‍ന്നവനും പൊരിവെയിലില്‍ എരിയുന്നവനും ഒരു നീര്‍ച്ചോല നല്‍കുന്ന സാന്ത്വനം എത്രയോ വലുതാണ്. പൊരുള്‍ തേടി അലയുന്നവന് ഒരു ബോധിവൃക്ഷം നല്‍കുന്ന ജ്ഞാനം ഹൃദ്യമാണ്. ഉഷ്ണത്തിന്റെ പിടിയിലമര്‍ന്നവന് ആശ്വാസമാണ് കുളിര്‍കാറ്റ്. വേദനയുടെ കൂരമ്പേറ്റ് പിടയുന്നവന് സമാധാനമാണ് ഒരു സാന്ത്വനവാക്ക്. കരിഞ്ഞുണങ്ങിയ സ്വപ്നങ്ങളുള്ളവന് പ്രതീക്ഷയാണ് തിരുഹൃദയം. അവിടെ സാന്ത്വനത്തിന്റെ കുളിര്‍മയുണ്ട്. കാരുണ്യത്തിന്റെ അതിവര്‍ഷമുണ്ട്. കരുതലിന്റെ സ്പര്‍ശമുണ്ട്. ആശ്ലേഷത്തിന്റെ അനുഭവമുണ്ട്.

ലോകം കടന്നുചെല്ലാന്‍ അറച്ചുനില്‍ക്കുന്ന എല്ലാ തലങ്ങളിലേക്കും ഇറങ്ങിച്ചെല്ലാന്‍ മാത്രം വിനീതഹൃദയനാണ് യേശുനാഥന്‍. പുല്‍ത്തൊട്ടിയില്‍ വന്നു പിറക്കാനും പൊതുജീവിതത്തില്‍ നിന്നും ജനം മാറ്റിനിര്‍ത്തിയ കുഷ്ഠരോഗിയെ തൊട്ടു സുഖപ്പെടുത്താനും കല്ലെറിയാന്‍ കൊണ്ടുവന്ന പരസ്യപാപിനിയെ കൈ കൊടുത്ത് എഴുന്നേല്‍പ്പിക്കാനും മുപ്പത്തിയെട്ടു വര്‍ഷം ആര്‍ക്കും വേണ്ടാതെ ബെത്സെയ്ദാ കുളക്കരയില്‍ കരുണയ്ക്കു വേണ്ടി കാത്തുകിടന്ന തളര്‍വാതരോഗിയെ സ്‌നേഹിച്ച് ശക്തിപ്പെടുത്താനും അഹങ്കാരത്തിന്റെയും അന്യായപലിശയുടെയും സിക്കമൂര്‍ മരത്തില്‍ കയറിയ സക്കേവൂസിനെ വിളിച്ച് താഴെയിറക്കി അദ്ദേഹത്തിന്റെ വീട്ടില്‍ വിരുന്നുണ്ണാനും തയ്യാറായ യേശുവിന്റെ ചേതോവികാരത്തിന്റെ ഉറവിടം, തുടിക്കുന്ന ഹൃദയമാണ്.

ചൈനീസ് ഋഷിയായ കണ്‍ഫ്യൂഷസ് ഇങ്ങനെ പറഞ്ഞുവയ്ക്കുന്നു: “ഹൃദയത്തില്‍ നന്മയുണ്ടെങ്കില്‍ സ്വഭാവത്തിന് വശ്യതയുണ്ടാകും. സ്വഭാവത്തിന് വശ്യതയുണ്ടെങ്കില്‍ പ്രവര്‍ത്തിയിലൂടെ അത് പ്രകടമാകും.” സ്‌നേഹിതനു വേണ്ടി ജീവന്‍ ബലി കഴിക്കുന്നതിനേക്കാള്‍ വലിയ സ്‌നേഹമില്ല എന്ന് പഠിപ്പിക്കുകയും അത് സ്വജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കുകയും ചെയ്ത യേശുനാഥന്‍, സ്‌നേഹിക്കുന്നവരൊക്കെ ദാനമാകണമെന്നും മുറിപ്പാടുകളേല്‍ക്കണമെന്നും നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുള്ള ദാഹം എല്ലാവര്‍ക്കുമുണ്ട്. ഹൃദയം ഹൃദയത്തോട് സംവദിക്കാത്തപ്പോള്‍, പരസ്പരം പഴിചാരലുകള്‍ ഉയരുമ്പോള്‍, പക്ഷപാതരഹിതമായ സ്‌നേഹം കളയായി വളരുമ്പോള്‍, സ്‌നേഹിക്കാന്‍ പഠിപ്പിച്ചവന്റെ ഹൃദയം നോവില്ലേ? തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ ഉണ്ടാകേണ്ടതിന് തന്റെ പുത്രനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു (യോഹ 3:16). ദൈവം സ്‌നേഹിച്ച ലോകത്തെ അവിടുത്തോടൊപ്പം സ്‌നേഹിച്ചുകൊണ്ട് നാം അവിടുത്തെ സ്‌നേഹത്തിന് പ്രതിസ്‌നേഹം കാണിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ഓരോ മനുഷ്യമക്കളുടെയും വേദന ഗുരുവിന്റെ തന്നെ വേദനയാണെന്ന് മറക്കാതിരിക്കാം.

സങ്കടപ്പെടുന്നവന് സുവിശേഷമാണ് ക്രിസ്തു. സഹനം അവിടുത്തേക്ക് സ്‌നേഹത്തിന്റെ മുദ്രയായിരുന്നു. എത്ര അവഗണിച്ചാലും മറന്നാലും അവനെതിരെ ഒരുവേള പ്രതിഷേധം പ്രകടിപ്പിച്ചാലും അത് ഏറ്റുവാങ്ങാന്‍ സന്നദ്ധമാകുന്ന, സഹിക്കുന്ന, മുറിവേല്‍ക്കുന്ന സ്‌നേഹമാണ് യേശുവിന്റെ തിരുഹൃദയം. ആ ഹൃദയഭാവങ്ങള്‍ പ്രാര്‍ത്ഥനയിലൂടെ അനുഭവിച്ച് തന്നിലേക്ക് ആവാഹിച്ച് പങ്കുവയ്ക്കുന്നവന്‍ ആ ഗുരുവിന്റെ പാതയിലാണ്. പിതാവുമായി ഗാഢബന്ധത്തിലായിരുന്ന ക്രിസ്തു തന്റെ മുറിവുകളെ തിരുമുറിവുകളാക്കി മാറ്റി. അവന്റെ ക്ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. സഹജരുടെ സൗഖ്യത്തിനായി നിന്നില്‍ പതിയുന്ന ക്ഷതങ്ങള്‍ തിരുഹൃദയത്തോടുള്ള നിന്റെ തീവ്രസ്‌നേഹത്തിന്റെ മായാത്ത മുദ്രകളാകട്ടെ.

സി. ഷെറിന്‍ പെരുമായന്‍ DSHJ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.