കരുണാര്‍ദ്ര സ്നേഹത്തിന്‍റെ തണല്‍മരമാകുന്ന തിരുഹൃദയ സന്യാസിനീ സമൂഹം

സി. ലിജിന്‍ മരിയ SH

കാലഘട്ടത്തിന്‍റെ ആത്യന്തികമായ ആവശ്യങ്ങളോട് ഉദാരമായി പ്രത്യുത്തരിക്കുക എന്നുള്ളത് വീരോചിതമായ സാക്ഷ്യമാണ്. അത് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അനന്യമായ ബഹിര്‍സ്ഫുരണമാണെങ്കില്‍ അതിന് മനോഹാരിതയും ആകര്‍ഷണവും കൂടും. ആത്മീയതയുടെ ചൈതന്യവും പാരമ്പര്യത്തിന്‍റെ പ്രൌഢിയും കാത്തുസൂക്ഷിക്കുന്ന പാലായില്‍ 1911 ജനുവരി 1-ന് ഒരു സ്നേഹസംസ്കാരത്തിന് തിരികൊളുത്തുകയായിരുന്നു. ആമുഖങ്ങളുടെ ആവശ്യമില്ലാതെ കേരളത്തിലെ ദൈവജനത്തിന്‍റെ മനസില്‍ തിരിവെട്ടം കൊളുത്താന്‍ സാധിച്ച സന്യാസിനീ സമൂഹം.

മഴവില്ലിന്‍റെ ഏഴു വര്‍ണ്ണങ്ങള്‍ പോലെ സുന്ദരമായ സന്യാസജീവിതത്തിന്‍റെ ലാവണ്യം ജീവിതത്തില്‍ പ്രകാശിപ്പിക്കുന്ന തിരുഹൃദയ സന്യാസിനികള്‍. അപരന്‍റെ നൊമ്പരവും വേദനകളും സ്വന്തം ഹൃദയത്തില്‍ ഒപ്പിയെടുത്ത് ഈശോയുടെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ പ്രവാചകനായ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍റെ മനസില്‍ ദൈവം പാകിയ ഉള്‍വിളിയുടെ പ്രകാശനം. അത് പുലര്‍കാലകിരണം പോലെ പ്രപഞ്ചം മുഴുവനെയും പ്രകാശിപ്പിക്കുന്നു. ദൈവം, കദളിക്കാട്ടിലച്ചന്‍റെ മനസില്‍ തെളിയിച്ച ആത്മീയാഗ്നി കെടുത്താന്‍ ആര്‍ക്കും സാധിച്ചില്ല. ദൈവാശ്രയബോധം മാത്രം മൂലധനമാക്കി, ഈശോയുടെ തിരുഹൃദയത്തില്‍ നിന്നും ശക്തിയാര്‍ജ്ജിച്ച് മുന്നേറിയ അച്ചന്, ആഞ്ഞടിച്ച കൊടുങ്കാറ്റിനെയും ശാന്തമാക്കിയ ക്രിസ്തുനാഥന്‍റെ സാന്നിധ്യം പ്രതികൂല സാഹചര്യങ്ങളിലും കരുത്ത് പകര്‍ന്നു.

‘സാധാരണക്കാരുടെ സന്യാസം’ കദളിക്കാട്ടിലച്ചന്‍റെ സ്വപ്നമായിരുന്നു. സമ്പത്തും പാരമ്പര്യവും പാവപ്പെട്ട സ്ത്രികള്‍ക്കു മുമ്പില്‍ സന്യാസജീവിതത്തിന്‍റെ വാതായനങ്ങള്‍ തുറക്കാന്‍ തെല്ലു വിസമ്മതിച്ചിരുന്ന യാഥാസ്ഥിതികമായ നാളുകള്‍ക്ക് വിരാമമിട്ടുകൊണ്ട് കാലഘട്ടത്തിന്‍റെ പ്രവണതയോട് സ്നേഹത്തിന്‍റെ ഭാഷയില്‍ കദളിക്കാട്ടിലച്ചന്‍ പ്രത്യുത്തരിച്ചു. ഒരുവേള അസാധ്യമെന്നു ശങ്കിച്ച നിമിഷങ്ങളിലും ഉള്ളിലെ ദൈവസ്നേഹാഗ്നി മുന്നോട്ടു നയിച്ചു. തടസങ്ങളെയും വെല്ലുവിളികളെയും പുനരുത്ഥാനത്തിന്‍റെ മേലങ്കിയണിയിച്ച് ചങ്കുറപ്പോടെ നേരിടാന്‍ തിരുഹൃദയ സന്യാസിനികള്‍ക്ക് കരുത്ത് പകരുന്ന അപ്പനായിരുന്നു അച്ചന്‍.

ഈശോയുടെ തിരുഹൃദയസ്നേഹത്തിന്‍റെ പ്രകാശനമായിരിക്കണം ഓരോ തിരുഹൃദയ സമര്‍പ്പിതയും  എന്നുള്ളത് കദളിക്കാട്ടിലച്ചന്‍റെ സ്വപ്നത്തിന്‍റെ ഭാഗമായിരുന്നു. അച്ചന്‍റെ നിലപാടുകളും ദര്‍ശനങ്ങളും ഉപദേശവും സഹോദരിമാര്‍ക്ക് കരുത്തുപകര്‍ന്നു. പുരോഗമനത്തിലേയ്ക്ക് കാലത്തിന്‍റെ രഥചക്രമുരുളുമ്പോള്‍ തങ്ങളുടെ സേവനരംഗങ്ങള്‍ വ്യാപിപ്പിക്കുവാനും ആരും കടന്നുചെല്ലാത്ത ഇടങ്ങളില്‍ ആശങ്ക കൂടാതെ ദൈവസന്നിധ്യത്തിന്‍റെ സേവനം പങ്കുവയ്ക്കാനും സഹോദരിമാരെ ഉദ്ബോധിപ്പിച്ച ക്രാന്തദര്‍ശിയായ പിതാമഹനായിരുന്നു കദളിക്കാട്ടിലച്ചന്‍.

ത്യാഗവും തിരുഹൃദയഭക്തിയും കൊണ്ട് അലംകൃതമായ വഴിത്താരയില്‍ അച്ചന്‍ സുകൃതപുഷ്പങ്ങള്‍ വിരിയിച്ചു. അനാഥരോടും അഗതികളോടും കാരുണ്യം കാണിക്കാന്‍ പഠിപ്പിച്ച ആ മരത്തണലില്‍ തിരുഹൃദയ സന്യാസിനീസമൂഹം തന്‍റെ ബാല്യകാലം പിന്നിട്ടു. ഈശോയുടെ തിരുഹൃദയത്തില്‍ സര്‍വ്വവും സമര്‍പ്പിച്ച, ആ സ്നേഹത്തില്‍ ആത്മസാക്ഷാത്കാരം കണ്ടെത്തിയ ധന്യന്‍ കദളിക്കാട്ടില്‍ മത്തായിയച്ചന്‍റെ ദീപ്ത സ്മരണകള്‍ക്കു  മുന്നില്‍  സഹോദരിമാരുടെ സ്നേഹപ്രണാമം. ഓര്‍മ്മകള്‍ മായാത്ത ചരിത്രത്തിന്‍റെ നാള്‍വഴികളിലേയ്ക്കു നോക്കുമ്പോള്‍ സ്ഥാപകപിതാവും ആദ്യസഹോദരിമാരും ആദിത്യശോഭയോടെ തെളിഞ്ഞുവരുന്നു. ദാരിദ്ര്യത്തിൻ്റയും കഷ്ടതകളുടെയും അരുചികൾ തങ്ങളുടെ ജീവിതത്തെ വേട്ടയാടിയപ്പോള്‍ അരക്ഷിതത്വത്തിലും അവര്‍ തിരുഹൃദയ പരിപാലനയില്‍ സുരക്ഷിതത്വം കണ്ടെത്തി.

ആകാശം മുട്ടെ ദൈവാനുഭവം കൊതിച്ച് സന്യാസഭവനത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുന്ന അര്‍ത്ഥിനികള്‍, ഉള്ളില്‍ ഒരായിരം സ്നേഹചിരാത് കത്തിച്ച്, ഉടച്ചുവാര്‍ക്കലിന്‍റെ പരിശീലനക്കളരിയിലൂടെ, അറിവിന്‍റെ, അനുഭവത്തിന്‍റെ, വിരുന്നുണ്ട് സന്യാസത്തിന്‍റെ പവിത്രമായ പാതയിലേയ്ക്ക് ദൃഡനിശ്ചയത്തോടെ ജീവിതം സമര്‍പ്പിക്കുന്നവര്‍. മഞ്ഞുപോലെ നിര്‍മ്മലമായ വെള്ളവസ്ത്രവുമണിഞ്ഞു കൂപ്പിയ കരങ്ങളോടെ തിരുഹൃദയനാഥന് സമര്‍പ്പണം നടത്തി കര്‍മ്മവഴികളെ പുല്‍കുന്നവര്‍. ആദ്യവ്രതവും നിത്യവ്രതവും നടത്തി തിരുഹൃദയ മഹത്വത്തിനും ദൈവജനശുശ്രൂഷയ്ക്കുമായി ജീവിതം സമർപ്പിച്ച സഹോദരിമാർ ഇന്ന് ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ തിരുഹൃദയനാഥന് സ്വന്തവും ദൈവജനത്തിന്‍റെ പ്രിയപ്പെട്ടവരുമായി ജീവിക്കുന്നു.

ഈശോയുടെ തിരുഹൃദയം സ്നേഹത്തിന്‍റെ നീരുറവയാണ്. ആ ജീവജലത്തിൻ്റെ ഉറവയില്‍ നിന്നും ഉത്ഭവമെടുത്ത സ്നേഹസമ്പന്നമായ ജീവിതപ്രകാശനമാണ് തിരുഹൃദയ സന്യാസിനിമാരുടേത്. സേവനരംഗങ്ങളില്‍ കര്‍മ്മചാതുര്യത്തോടെ മുന്നേറാന്‍ ചരിത്രവും പ്രപഞ്ചവും തിരുഹൃദയ സഹോദരിമാര്‍ക്ക് പശ്ചാത്തലമൊരുക്കി. കാടിനോടും കാട്ടുമൃഗങ്ങളോടും പടവെട്ടി, രോഗങ്ങളോടും ദാരിദ്ര്യത്തോടും യുദ്ധം ചെയ്ത്, ചോരനീരാക്കി അതിജീവനത്തിന്‍റെ പുതുകാഴ്ചകള്‍ സ്വന്തമാക്കിയ കുടിയേറ്റ ജനതയുടെ വിശ്വാസജ്വലനത്തിന് എണ്ണ പകരാന്‍ മലബാറിന്‍റെ മണ്ണില്‍ കാലെടുത്തു വെച്ച ആദ്യസമര്‍പ്പിതരെന്ന അഭിമാനത്തിന്‍റെ പൊന്‍തൂവല്‍ തിരുഹൃദയ സമര്‍പ്പിതര്‍ക്കു സ്വന്തം. സാഹസികത നിറഞ്ഞ മലബാറിന്‍റെ മലമടക്കുകളും മഞ്ഞിന്‍ പുതപ്പണിഞ്ഞ വയനാടന്‍ ചുരങ്ങളും വളരെ പെട്ടെന്ന് അവരുടെ ജീവിതത്തിന്‍റെ ഭാഗമായി മാറി. കുടിയേറ്റ ജനതയുടെ തിരുക്കര്‍മ്മജീവിതം നെയ്തെടുക്കാന്‍ അവര്‍ അക്ഷീണം യത്നിച്ചു. പകലന്തിയോളം മണ്ണിനോട് പടവെട്ടി ജീവിതം കരുപ്പിടിപ്പിക്കാന്‍ യത്നിക്കുന്ന ദൈവജനത്തിന് “കന്യാസ്ത്രീ അമ്മമാരുടെ” മാതൃവാത്സല്യവും സഹോദരതുല്യമായ സ്നേഹവും തണല്‍മരം പോലെ ആശ്വാസത്തിന്‍റെ അത്താണിയായിരുന്നു.

ഈശോയുടെ തിരുഹൃദയ സ്നേഹത്തിന് അതിര്‍വരമ്പുകളില്ല. ദൈവരാജ്യവും അവിടുത്തെ നീതിയും ഈ ഭൂമിയില്‍ സംജാതമാക്കാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് തിരുഹൃദയ സഹോദരിമാര്‍ തങ്ങളുടെ സേവനരംഗങ്ങള്‍ വ്യാപിപ്പിച്ചു. ഇന്ന് പതിനൊന്ന് പ്രോവിൻസും ഒരു റീജിയനുമായി സമൂഹം വളർന്നു. ആഫ്രിക്ക ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ തിരുസഭയുടെ പുതിയ പ്രേഷിതവഴികളിലേയ്ക്ക് അര്‍പ്പണബോധത്തോടെ ഇറങ്ങിച്ചെല്ലാന്‍ തിരുഹൃദയ സഹോദരിമാര്‍ ബദ്ധശ്രദ്ധരാണ്.അറിവിന്‍റെ വെളിച്ചം പകരുന്ന ഗുരുഭൂതരായി, ഇരവുകള്‍ പകലാക്കുന്ന ആതുരശുശ്രൂഷയുടെ മാലാഖാമാരായി, സാധ്യതകളെ വാര്‍ത്തെടുക്കുന്ന സാമൂഹ്യക്ഷേമപ്രവര്‍ത്തകരായി, ആത്മീയതയുടെ വചനവിത്തു പാകുന്ന സുവിശേഷപ്രഘോഷകരായി, അനാഥത്വത്തിൻ്റെ നൊമ്പരം പേറുന്ന ജീവിതങ്ങൾക്ക് പ്രത്യാശയും പ്രതീക്ഷയും നൽകുവാൻ  തിരുഹൃദയത്തിൻ്റെ കരുണാർദ്രസ്നേഹം പങ്കുവെച്ചു കൊടുക്കുവാൻ സഹോദരിമാര്‍  ജീവിതം സമർപ്പിച്ചിരിക്കുന്നു. ഉയര്‍ന്നുപറക്കുവാന്‍ ആഗ്രഹിക്കുന്നവർക്ക് പ്രത്യാശയുടെ ചിറകു നല്കി, കുടുംബങ്ങള്‍ക്കു താങ്ങായി, യുവജനങ്ങളുടെ മിത്രമായി, അമ്മമാരുടെ ശക്തിയായി, കുഞ്ഞുങ്ങളുടെ ആവേശമായി സഹോദരിമാര്‍ തങ്ങളുടെ ജീവിതം വ്യയം ചെയ്യുന്നു.

തിരുഹൃദയ സന്യാസിനീ സമൂഹം ഇന്ന് ഒരു നൂറ്റാണ്ട് പിന്നിട്ടുകഴിഞ്ഞു. ആത്മാവില്‍ ആവാഹിച്ച സന്യാസജീവിതത്തിന്‍റെ മാധുര്യം ജീവിതരംഗങ്ങളില്‍ ഒരു നറുനിലാവെളിച്ചം പോലെ പകരുന്നുണ്ട്. അപരന്‍റെ മനസിലെ ആയിരം സങ്കടങ്ങള്‍ക്ക് മറുമരുന്നായി സ്നേഹസാന്നിധ്യത്തിന്‍റെ, ആശ്വാസവാക്കുകളുടെ പുഞ്ചിരിവെട്ടം കൊളുത്തി കടന്നുപോകാന്‍ സാധിക്കുന്നു.

അര്‍പ്പിതജീവിതത്തിന്‍റെ സര്‍ഗാത്മകഭാവങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ച് മുന്നേറുന്നു. ആധുനികതയുടെ അതിപ്രസരം തുളുമ്പുന്ന ഈ നാളുകളില്‍, കാതലുള്ള ജീവിതസാക്ഷ്യം നല്കാന്‍ വ്യത്യസ്തവും വെല്ലുവിളികളും നിറഞ്ഞ വഴികളില്‍ പതറാതെ അഭയമരുളുന്ന തണല്‍മരമായി, ഈശോയുടെ കരുണാര്‍ദ്രസ്നേഹത്തിന്‍റെ ജീവാംശം പകരുന്നവരായി തിരുഹൃദയ സഹോദരിമാര്‍ തങ്ങളുടെ പ്രയാണം തുടരുകയാണ്.

സി. ലിജിന്‍ മരിയ SH 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.