സമുദ്ധരിക്കുന്ന ഹൃദയം

തിളങ്ങുന്ന മായാജാലങ്ങളിലേയ്ക്ക് എത്ര പെട്ടെന്നാണ് നമ്മുടെ കണ്ണുകൾ ഉടക്കിപ്പോകുന്നത്!! പേരും പെരുമയും ഉള്ളവരുടെ കൂടെ നിന്ന് അറിയപ്പെടാനുള്ള അഭിവാഞ്ജ മനുഷ്യനിൽ അലിഞ്ഞുചേർന്നിരിക്കുന്നതാണ്.

ഇവിടെയാണ് മനുഷ്യനായ ക്രിസ്തു നമ്മളിൽ നിന്നും ഏറെ വ്യത്യസ്തനാകുന്നത്!! തല ഉയർത്താൻ പോലുമാവാതെ അത്രമേൽ കൂനിപ്പോയ സ്ത്രീജന്മങ്ങളെ പോലും നിവർന്നുനിൽക്കുവാൻ എത്ര കരുതലോടെയാണ് അവൻ ഇടപെടുന്നത്. സമുദായത്തിൽ തഴയപ്പെട്ടുപോയ സ്ത്രീയോട്, മക്കൾക്കുള്ള അപ്പമെടുത്ത് നായ്ക്കൾക്കു കൊടുക്കുന്നത് ഉചിതമല്ല എന്ന ക്രിസ്തുവിന്റെ വാക്കുകൾക്കു മുമ്പിൽ അവളുടെ മൂർച്ചയേറിയ വിശ്വാസം ക്രിസ്തുവിന്റെപോലും ഹൃദയത്തെ ഉലച്ചത് ഓർക്കുക.

അവളെയും ലോകത്തിനു മുമ്പിൽ ഉയർത്തിക്കാട്ടുന്ന ഹൃദയമാണ് ക്രിസ്തുവിന്റേത്‌. വിധവയുടെ ഇല്ലായ്മയിൽ നിന്ന് അവൾ വലിച്ചെടുത്തിട്ട ചെമ്പുതുട്ടും ക്രിസ്തുവിന്റെ ഹൃദയത്തിൽ എത്ര മനോഹരമായാണ് ഇടംപിടിച്ചത്. കുള്ളൻ സക്കേവൂസിനെ, അവൻ എത്ര പെട്ടെന്നാണ് മനുഷ്യരുടെ മുമ്പിൽ, മനസ്സിൽ ഉയരമുള്ളവനാക്കി ചിത്രീകരിച്ചത്!! ഇതുപോലെ ഇല്ലായ്മയെ ഉയർത്തിക്കാട്ടാൻ ക്രിസ്തുവിനല്ലാതെ മറ്റാർക്കാണ് ഈ ഭൂമിയിൽ സാധിച്ചത്? നിന്റെ മനസ്സ് ഇടിയുമ്പോൾ, മറ്റുള്ളവരുടെ മനസ്സിൽ ഞാൻ ആരുമല്ല എന്നോര്‍ത്ത് നെഞ്ചുരുകുമ്പോൾ, നിന്നെ ഉദ്ധരിക്കുവാൻ ഉള്ളം വെമ്പുന്ന ഒരു ക്രിസ്തു നമുക്കുണ്ട്. ഇതാകട്ടെ നമ്മുടെ പ്രത്യാശയും ശരണവും!!

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.