ദിവ്യസ്നേഹാഗ്നി: എല്ലാ പുണ്യങ്ങളുടെയും ഉറവിടമായ ഹൃദയം

ഈശോയുടെ ദിവ്യഹൃദയം എല്ലാ പുണ്യങ്ങളുടെയും ഉറവിടവും നിറകുടവുമാണ്. അവിടുന്ന് ഓരോ വ്യക്തികളെയും ക്ഷണിക്കുന്നു. അദ്ധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ. ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാൻ ശാന്തശീലനും വിനീത ഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽ നിന്നും പഠിക്കുകയും ചെയ്യുവിൻ. അപ്പോൾ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.

ഈ ലോകത്തിൽ ശാശ്വതമായ ആശ്വാസം നൽകുവാൻ സാധിക്കുന്നത് ഈശോയ്ക്ക് മാത്രമാണ്. ആർക്കും എപ്പോൾ വേണമെങ്കിലും അഭയം പ്രാപിക്കാവുന്ന അഭയ കേന്ദ്രമാണ് അവിടുത്തെ ഹൃദയം. വറ്റാത്ത നീർച്ചാലും ശാശ്വതമായ ജീവന്റെ ഉറവിടവും അവിടുന്ന് തന്നെയാണ്. വി. ഫൗസ്റ്റീനായ്ക്ക് അവിടുന്ന് വെളിപ്പെടുത്തി. “എന്റെ ഹൃദയം ഒരേ സമയം ദൈവസ്നേഹത്താലും മനുഷ്യസ്നേഹത്താലും നിറഞ്ഞു കവിയുന്ന നീർച്ചാലാണ്.”

ആ സ്നേഹം ആവോളം ഉൾക്കൊള്ളുവാനും ആ സ്നേഹത്തിന്റെ വാഹകരാകുവാനും അവിടുന്ന് നമ്മെ ക്ഷണിക്കുന്നു. തിരുഹൃദയ പുത്രിമാരുടെ സഭാസ്ഥാപകനായ മോൺ. ജോസഫ് ബെനാലിയോ ഇപ്രകാരം പഠിപ്പിക്കുന്നു. “നിങ്ങൾ വിശുദ്ധി പഠിക്കേണ്ടത് ഈശോയുടെ ഹൃദയമാകുന്ന സ്കൂളിൽനിന്നും മാത്രമായിരിക്കണം.” അവിടുത്തെ ഹൃദയപുണ്യങ്ങളാൽ ഞങ്ങളെ രൂപാന്തരപ്പെടുത്തുകയും ഞങ്ങളെ നയിക്കുകയും ചെയ്യണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.