ദിവ്യസ്നേഹാഗ്നി: സ്നേഹത്തിന്റെ അടയാളമായവന്‍

നിന്ദിച്ചവര്‍ക്കും ക്രൂശിച്ചവര്‍ക്കും മുന്നില്‍ കുപിതനാകാതെ, ഒറ്റിക്കൊടുത്തവനെ ‘സ്നേഹിതാ’ എന്നു വിളിച്ച, ‘ഞാന്‍ ആ മനുഷ്യനെ അറിയില്ല’ എന്നു പറഞ്ഞ് തള്ളിപറഞ്ഞവനെ കാരുണ്യത്തോടെ നോക്കി അനുതാപത്തിലേക്ക് നയിച്ച, ചമ്മട്ടികളാല്‍ തന്റെ ശരീരം ഉഴുതുമറിച്ചവരോടും ശിരസ്സില്‍ മുള്‍മുടി ധരിപ്പിച്ചവരോടും പരിഭവം ഇല്ലാതെ ക്ഷമിച്ച സ്നേഹം. ഓശാന പാടിയ നാവുകളില്‍ നിന്ന് കേട്ട അവനെ ക്രൂശിക്കുക എന്ന ആക്രോശങ്ങള്‍ക്ക് മുന്‍പില്‍ പതറാത്ത സ്നേഹം.

മരണത്തിന് വിധിച്ചവര്‍ക്ക് വേണ്ടിയും ഭാരമേറിയ കുരിശ് തിരുത്തോളില്‍ നല്‍കിയവര്‍ക്ക് വേണ്ടിയും പച്ചമാംസത്തിലേക്ക് കാരിരുമ്പാണി തറച്ചുകയറ്റിയവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ച സ്നേഹം. സമൂഹം മാറ്റി നിര്‍ത്തിയ ചുങ്കക്കാര്‍ക്കും വേശ്യകള്‍ക്കും ഹൃദയത്തില്‍ ഇടം കൊടുത്ത സ്നേഹം. സ്നേഹത്തിന്റെ നികേതനമായ ഈശോയുടെ തിരുഹൃദയമേ, അങ്ങയെപ്പോലെ സ്നേഹിക്കുവാന്‍ നിരുപാധികം ക്ഷമിക്കുവാന്‍ ഞങ്ങളുടെ ഹൃദയങ്ങളെ അവിടുന്ന് പ്രാപ്തമാക്കണമേ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.