ഫലമേകും തിരുഹൃദയം

തായ്ത്തണ്ടില്‍ നിന്നും ജീവജലം ഒഴുകിയിറങ്ങുകയാണ്. ശാഖകള്‍ പരിപോഷിക്കപ്പെടാതെ ഫലമേകില്ല. ചേര്‍ന്നുനില്‍ക്കാത്തതെന്തും മുറിച്ചുമാറ്റപ്പെടാം. അതിനാലാണ് അവന്‍ പലവട്ടം പറഞ്ഞു പഠിപ്പിച്ചത്, നിങ്ങള്‍ തായ്ത്തണ്ടിനോട് ചേര്‍ന്നുനില്‍ക്കുവിന്‍ എന്ന്.

ഹൃദയമാണ് ജീവന്റെ ഉറവിടം. ഈ ഉറവിടത്തില്‍ നിന്ന് സ്വീകരിക്കാനാവാത്ത അവയവങ്ങളെല്ലാം നിര്‍ജ്ജീവമായിത്തീരും. തിരുഹൃദയത്തില്‍ അടരാതെ ചേര്‍ന്നുനിന്നാല്‍ ശാഖയില്‍ കുരുക്കുന്നത്, തിരുശേഷിപ്പുകളായി മാറും. കാതങ്ങളോളം സുവിശേഷം അറിപ്പെടുന്നിടത്തെല്ലാം ഈ തിരുശേഷിപ്പുകള്‍ വാഴ്ത്തപ്പെടാം.

ഇടതൂര്‍ന്ന മുടിയിഴകളാല്‍ ക്രിസ്തുവിന്റെ പാദം തുടച്ചവള്‍ക്കു കൊടുത്ത വാക്കു പോലെ, സുവിശേഷത്തില്‍ പേരു ചേര്‍ക്കപ്പെടുക മനുഷ്യന് സാധ്യമാണെന്നത് ക്രിസ്തുവിന്റെ വാക്കാണ്. അവനോടു കൂടെ ഞാനും അറിയപ്പെടാന്‍ ഈ തായ്ത്തണ്ടില്‍ നിന്നും ഒഴുകുന്ന ജീവാംശം സ്വന്തമാക്കിയേ പറ്റൂ. കൃഷിക്കാരനായ പിതാവിന്, പുത്രന്റെ ഹൃദയത്തോട് ചേര്‍ന്ന് പന്തലിച്ചുനില്‍ക്കുന്ന ശാഖകള്‍ നല്‍കുന്ന സുഖം പതിന്മടങ്ങാണ്. പിതാവിന് മഹത്വം ഏകുന്ന, പുത്രന്റെ ഫലമുള്ള തിരുഹൃദയ ശാഖകള്‍ ആകാം.

റോസിന പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.