ലവ് ജിഹാദ് – സത്യവും മിഥ്യയും: ജേക്കബ് ജോബ് ഐപിഎസ് (റിട്ട.) സംസാരിക്കുന്നു

ജേക്കബ് ജോബ് ഐപിഎസ് (റിട്ടയേര്‍ഡ്)
ജേക്കബ് ജോബ് ഐപിഎസ് (റിട്ടയേര്‍ഡ്)

ലവ് ജിഹാദ് ഇപ്പോള്‍ ഒരു വലിയ ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്റെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ അവിടെ ലവ് ജിഹാദ് എന്ന് ഒരിടത്തും കാണാനാവില്ല. എന്നാല്‍, മുസ്‌ളീം മതവിഭാഗത്തിലെ മതസൗഹാര്‍ദ്ദം ആഗ്രഹിക്കുന്ന ഭൂരിപക്ഷം പേര്‍ പോലും അറിയാത്ത വിധത്തില്‍ സംഘടിതമായി ചില ഇസ്‌ളാമിക തീവ്രവാദ ഗ്രൂപ്പുകള്‍ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. അതിന്റെ ഭാഗമായി പല ജിഹാദുകളും അവര്‍ നടപ്പാക്കുന്നു. അതിലൊന്നായി ലവ് ജിഹാദും കേരളത്തിലുണ്ട് എന്നുള്ളത് സാഹചര്യങ്ങള്‍ കൊണ്ട് നമുക്ക് വ്യക്തമാണ്.

പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നാല്‍പത്തയ്യായിരത്തോളം സ്ത്രീകളെ കാണാതായി 

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടയില്‍ നാല്‍പത്തയ്യായിരത്തോളം സ്ത്രീകള്‍ കേരളത്തില്‍ മിസ്സിംഗ് ആയിട്ടുണ്ട്. അതില്‍ 875 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവര്‍ എവിടെപ്പോയി എന്ന് ആര്‍ക്കും വ്യക്തമല്ല എന്നതാണ് അവസ്ഥ. ഈ സ്ത്രീകള്‍ എവിടെപ്പോയി? ഈ ചോദ്യത്തിന് ഉത്തരം കിട്ടുവാന്‍ ശരിയായ അന്വേഷണങ്ങള്‍ നടിന്നിട്ടുണ്ടോ എന്ന് സന്ദേഹിക്കണം. പലപ്പോഴും മിസ്സിംഗ് കേസുകള്‍ ലഭിച്ചാല്‍ മൂന്നു മാസം തുടര്‍ച്ചയായി അന്വേഷിക്കും. അതിനുശേഷം സാവകാശം തുടരന്വേഷണത്തിനുള്ള അനുമതിവാങ്ങി അത് പിന്നീട് മാറ്റിവയ്ക്കുകയാണ് പതിവ്. എല്ലാ മാസവും തുടരന്വേഷണം നടത്തണം എന്നു നിയമം വ്യക്തമായി പറയുന്നുണ്ടെങ്കിലും ഇത്തരം കേസുകളുടെ തുടരന്വേഷണം പലപ്പോഴും നടക്കുന്നില്ല എന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. പോലീസിന്റെ ജോലിത്തിരക്കിനിടയില്‍ അതിനുള്ള സമയം കണ്ടെത്താന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടും കാണും. ഏതായാലും മേല്‍പ്പറഞ്ഞ 875 ഓളം സ്ത്രീകള്‍ എവിടെ എന്നു കണ്ടെത്തുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ വിജയിച്ചിട്ടില്ല.

അവര്‍ എവിടെപ്പോയി എന്നുള്ളതിനെക്കുറിച്ച് സമൂഹം അറിയേണ്ടതില്ലേ? അത് വ്യക്തമാക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ബാധ്യതയുണ്ട്. പക്ഷേ, അത് ആരും ഗൗരവമായി ചിന്തിച്ചിട്ടില്ല എന്ന് എനിക്ക് തോന്നുന്നു. ഇതില്‍ പലരുടെയും കാര്യത്തില്‍ ചില സംശയങ്ങള്‍ക്കു സാധ്യതയുണ്ട്. നമുക്കറിയാം, കഴിഞ്ഞ കാലങ്ങളില്‍ ഐഎസ്-ന്റെ പിടിയില്‍ നിന്നും രക്ഷപെട്ടു വന്ന ചില പെണ്‍കുട്ടികളുണ്ട്. മതംമാറ്റത്തിന് നിര്‍ബന്ധിച്ചു എന്ന് വെളിപ്പെടുത്തപ്പെട്ട കേസുകളുമുണ്ട്. കൂടാതെ, ഭീഷണികള്‍, അതിക്രമങ്ങള്‍, ബലപ്രയോഗങ്ങള്‍ തുടങ്ങി ക്രൈസ്തവരും ഹൈന്ദവരുമായ പെണ്‍കുട്ടികള്‍ക്ക് സംഭവിച്ചു എന്ന പരാതികള്‍ ബഹുമാനപ്പെട്ട കോടതികളുടെ മുമ്പാകെ വന്നിട്ടുണ്ട്. ഇത്തരം കേസുകളിലെല്ലാം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കപ്പെടുന്നു എന്ന ആരോപണവും പതിവാണ്. ഭൂരിപക്ഷം വരുന്ന മുസ്‌ളീം സമുദായം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദം തകരരുത് എന്ന് ആഗ്രഹിക്കുവരാണ്. എന്നാല്‍, ചില തീവ്രവാദ ഗ്രൂപ്പുകള്‍, അനേകരെ തെറ്റിദ്ധാരണകള്‍ക്കു വശംവദരാക്കി തങ്ങളുടെ ആശയങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നുണ്ട്.

അപ്രത്യക്ഷരായിട്ടുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു?

കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ കേരള സമൂഹത്തില്‍ നിന്ന് അപ്രത്യക്ഷരായിട്ടുള്ള ഒട്ടേറെ പെണ്‍കുട്ടികള്‍ക്ക് എന്ത് സംഭവിച്ചു എന്നറിയുവാന്‍ കേരളസമൂഹത്തിന് അവകാശമുണ്ട്. ഈ വിഷയത്തില്‍ തുടരന്വേഷണം നടത്തി വാസ്തവങ്ങള്‍ കണ്ടെത്തേണ്ടത് അന്വേഷണ ഏജന്‍സികളുടെ ബാധ്യതയാണ്. അത് അവര്‍ ചെയ്‌തെങ്കില്‍ മാത്രമേ തീവ്രവാദ ഗ്രൂപ്പുകളില്‍ ചെന്നെത്തിയിട്ടുണ്ടോ, നിര്‍ബന്ധിതമായി മതംമാറ്റത്തിനു വിധേയരായിട്ടുണ്ടോ, അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്താന്‍ കഴിയൂ. ഈ 875 പേരെ കണ്ടെത്തേണ്ടത് സ്‌റ്റേറ്റിന്റെ ബാധ്യതയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ ഈ വിഷയത്തില്‍ ഉണ്ടാകേണ്ടിയിരുന്നുവെങ്കിലും അത് ഉണ്ടായിട്ടില്ല. എന്നാല്‍, ഇനിയും വൈകിയിട്ടില്ല.

തെളിയാനുള്ള മിസ്സിംഗ് കേസുകളില്‍ അവശ്യമായ വകുപ്പുകള്‍ ചേര്‍ക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. തട്ടിക്കൊണ്ടു പോകല്‍, തെറ്റിദ്ധരിപ്പിച്ച് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുക, ബലാത്സംഗം, ലൈംഗീകാവയവ വിഛേദനം, നിര്‍ബന്ധിത മതംമാറ്റല്‍, ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കല്‍, രാജ്യദ്രോഹക്കുറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുക തുടങ്ങിയുള്ള വകുപ്പുകള്‍ വിവിധ കേസുകളില്‍ സാഹചര്യമനുസരിച്ച് സംഭവിച്ചാലും പരാതിക്കാരുടെ ജാഗ്രതക്കുറവ് കൊണ്ടോ മറ്റോ പോലീസ് പ്രസ്തുത കുറ്റകൃത്യങ്ങള്‍ക്കുള്ള വകുപ്പുകള്‍ FIR മുതല്‍ ചേര്‍ക്കാന്‍ ശ്രദ്ധിക്കാറില്ല. പകരം വെറും മിസ്സിംഗ് കേസ്സുകളായി രജിസ്റ്റര്‍ ചെയ്താല്‍, കേസുകളുടെ ഗൗരവം നഷ്ടപ്പെടുകയും അന്വേഷണത്തിന്റെ ഗൗരവം നഷ്ടപ്പെട്ട് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ വരാതെ ഒതുങ്ങിപ്പോവുകയും ചെയ്യും.

പത്തു വര്‍ഷം മുമ്പ് കെസിബിസി-യുടെ ജാഗ്രതാ കമ്മീഷന്‍ ഇക്കാര്യം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ സീറോ മലബാര്‍ സിനഡ് ഈ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതോടൊപ്പം, ഇത്തരം ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദത്തെ ഹനിക്കാന്‍ ഇടയാകരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. അത്തരത്തിലാണ് ഈ വിഷയത്തെ ക്രൈസ്തവ വിശ്വാസികള്‍ കാണേണ്ടതും എന്നാണ് എനിക്ക് പറയാനുള്ളത്. അനാവശ്യമായ ചര്‍ച്ചകള്‍ ചില ചാനലുകളിലും സോഷ്യല്‍ മീഡിയയിലും അരങ്ങേറുന്നത് കൂടുതല്‍ സങ്കീര്‍ണ്ണപ്രശ്നങ്ങളിലേയ്ക്ക് സമൂഹത്തെ കൊണ്ടെത്തിക്കും എന്നുള്ളതും നാം ചിന്തിക്കേണ്ട വിഷയമാണ്. ഇത്തരം വിഷയങ്ങളെ മതസ്പര്‍ദ്ധയുടെ തലത്തിലേയ്ക്ക് വളര്‍ത്തിയെടുക്കേണ്ടത് ചില ജിഹാദി ഗ്രൂപ്പുകളുടെയും, സാമൂഹിക വിരുദ്ധ ശക്തികളുടെയും അജണ്ടയാണ് എന്നുള്ളതും നാം തിരിച്ചറിയണം. സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ ശ്രദ്ധിച്ചാല്‍, ചില ക്രിസ്ത്യന്‍ നാമധാരികള്‍ പോലും (ഒരുപക്ക്ഷെഷേ, അവര്‍ ക്രൈസ്തവര്‍ ആയിരിക്കണമെന്നില്ല) തീവ്രവാദത്തെ പ്രത്യക്ഷമായും പരോക്ഷമായും പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ ആശയപ്രചാരണങ്ങള്‍ നടത്തുന്നതു കാണാം. അതൊന്നും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഗുണകരമല്ല എന്നാണ് എനിക്ക് സൂചിപ്പിക്കുവാനുള്ളത്.

വിവാദങ്ങളെ കത്തോലിക്കാ സഭയ്ക്കും പുരോഹിതര്‍ക്കുമെതിരെയുള്ള വികാരമാക്കി മാറ്റുന്നു 

ഇത്തരത്തിലുള്ള വിവാദങ്ങളെയും പ്രവര്‍ത്തനങ്ങളെയും കത്തോലിക്കാ സഭയ്ക്കും കത്തോലിക്കാ പുരോഹിതര്‍ക്കുമെതിരെയുള്ള വികാരമാക്കി മാറ്റുവാന്‍ ചില ശ്രമങ്ങള്‍ ഇവിടെ നടക്കുന്നുണ്ട് എന്നുള്ളതും വാസ്തവമാണ്. മുന്‍കാലങ്ങളില്‍ പല വിഷയങ്ങളും ഉപയോഗിച്ച് സഭയെ ആക്രമിക്കാന്‍ മുന്നില്‍ നിന്ന ചാനലുകളൊക്കെ തന്നെ ഇത് ഒരവസരമായി കണ്ടുകൊണ്ട് ഈ വിഷയത്തിലും മുന്‍നിരയിലുണ്ട്. ഏതെങ്കിലും കേസില്‍ പക്വമല്ലാത്ത പ്രതികരണം സഭാനേതൃത്വത്തില്‍ നിന്നുണ്ടാവുകയും അത് ഏറ്റുപിടിച്ച് ഒരു വൈകാരികമായ പ്രതികരണം മുസ്‌ലീം സമുദായത്തില്‍ നിുണ്ടാവുകയും ചെയ്താല്‍ മതസൗഹാര്‍ദ്ദം നഷ്ടപ്പെടുന്ന അവസ്ഥയിലേയ്ക്ക് അതു നയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അത്തരമൊരു അവസ്ഥയാണ് ഇപ്പോള്‍ സമുദായത്തില്‍ വലിയ സ്വാധീനമില്ലാത്ത തീവ്രവാദ ഗ്രൂപ്പുകള്‍ ആഗ്രഹിക്കുന്നതും. നിഷ്പക്ഷരായ സമുദായാംഗങ്ങളെ തങ്ങളിലേയ്ക്ക് ആകര്‍ഷിക്കാന്‍ അവര്‍ എന്തും ചെയ്യും. എരിതീയില്‍ അവര്‍ ഒളിഞ്ഞിരുന്ന് എണ്ണ പകരും. അത്തരമൊരവസ്ഥ മതസൗഹാര്‍ദ്ദം തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരായവര്‍ ഭീകര പ്രവര്‍ത്തനത്തില്‍  

സഭാമക്കളായ പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു വിഭാഗം സാമാന്യരീതികള്‍ക്കപ്പുറമുള്ള ചില ബന്ധങ്ങളില്‍ പെട്ട് പുറത്തുപോവുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാവുകയും, ചിലര്‍ ഐഎസ് -ന്റെയും മറ്റും ഇരകളായി മാറുകയും ചെയ്യുന്നു. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതിനുശേഷം തിരികെയെത്തിയ ചില പെണ്‍കുട്ടികളില്‍ ക്രൈസ്തവരും ഹൈന്ദവരും ആയവരുണ്ട്. തങ്ങള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനത്തിനു വിധേയരാക്കപ്പെടുകയും, ഭീകര പ്രവര്‍ത്തനത്തിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു എന്ന് അവര്‍ വെളിപ്പെടുത്തിയതായി വിവിധ വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. ആ ഒരു പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ അതിലുള്ള ആശങ്ക പ്രകടമാക്കുക എന്നുള്ളത് സഭാനേതൃത്വത്തിന്റെ കടമയാണ്. അത്തരത്തിലൊരു കടമ നിര്‍വ്വഹിക്കപ്പെടുമ്പോള്‍ ആവശ്യമില്ലാത്ത തലങ്ങളിലേയ്ക്ക് അതിനെ കൊണ്ടുപോയി മതസൗഹാര്‍ദ്ദം നഷ്ടപ്പെടുന്ന വിധത്തില്‍ വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധി നാം തിരിച്ചറിയേണ്ടതുണ്ട്. അത്തരം ഹീനമായ ശ്രമങ്ങള്‍ക്ക് ആരും വശംവദരാകരുത് എന്നാണ് കേരളസമൂഹത്തോട് എനിക്ക് അഭ്യര്‍ത്ഥിക്കുവാനുള്ളത്.

ഇത്തരം ലക്ഷ്യങ്ങള്‍ക്കായി ചില സംഘടനകള്‍ തന്നെ രംഗത്തു വന്നിട്ടുണ്ട്. പാക്കിസ്ഥാന്റെ രഹസ്യ ഏജന്‍സിയായ ഐഎസ്‌ഐ പോലുള്ളവയുടെ സാമ്പത്തിക സഹായം പോലും ഇത്തരക്കാര്‍ക്കുണ്ട് എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ജിഹാദി ഗ്രൂപ്പുകള്‍ യുവാക്കള്‍ക്ക് പണവും വാഹനവും ആഢംഭരവസ്തുക്കളും നല്‍കി പെണ്‍കുട്ടികളെ വലയിലാക്കാനായി വിടുന്നുണ്ട്. ഇത്തരം കുത്സിതശ്രമങ്ങള്‍ നടക്കുമ്പോള്‍, ആ വിപത്തിനെ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് ആ വിഭാഗത്തില്‍ പെട്ട മുഴുവന്‍ ആളുകളെയും തെറ്റുകാരാക്കി ചിത്രീകരിക്കുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം പ്രബുദ്ധരായ മലയാളികള്‍ക്കിടയില്‍ വിലപ്പോവില്ല. അതിനെ, ഒരു പ്രത്യേക മതവിഭാഗത്തിനെതിരെയുള്ള നീക്കമായി ദുര്‍വ്യാഖ്യാനം ചെയ്യുന്ന രീതി ആശാസ്യമല്ല. കേരളത്തില്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദവും നല്ല അന്തരീക്ഷവും കളഞ്ഞുകുളിക്കാന്‍ ബഹുഭൂരിപക്ഷം വരുന്ന മലയാളികള്‍ തുനിയുമെന്നു ഞാന്‍ കരുതുന്നില്ല.

പ്രണയവിവാഹങ്ങള്‍ കേരളത്തിന് അന്യമല്ല. അത് ഇതുവരെ ആരും വലിയ പ്രശ്നമായി കണ്ടിട്ടുമില്ല. ഒരു പ്രത്യേക മതവിഭാഗത്തിലേയ്ക്ക് അനേകം പെണ്‍കുട്ടികള്‍ ചേക്കേറുമ്പോഴും അതിനെ പ്രോത്സാഹിപ്പിക്കാന്‍ സംഘടിതമായ ശ്രമങ്ങള്‍ നടക്കുമ്പോഴും സ്വാഭാവികമായും പ്രതിഷേധമുയരും. അത്തരത്തിലൊരു അവസ്ഥയെക്കുറിച്ചാണ്, ബോധവാന്മാരായിരിക്കണം എന്ന് മെത്രാന്മാരും വിശ്വാസികളെ ഓര്‍മ്മിപ്പിച്ചത്.

മനുഷ്യന്‍ മനുഷ്യനെ നിഷ്ഠൂരമായി കൊല ചെയ്യുന്ന, ഏറ്റവും വലിയ ക്രൂരതകള്‍ ചെയ്യുന്ന ഐഎസ് -ന്റെ പ്രവര്‍ത്തകരായി കേരളത്തിലെ പെണ്‍കുട്ടികള്‍ പോയിട്ടുണ്ടെങ്കില്‍, അത് സംഘടിതമായി കൊണ്ടുപോയതാണ് എുള്ളതിന് യാതൊരു സംശയവുമില്ല. ഇപ്രകാരം ഐഎസ് -ന്റെ മുന്നണിയിലേയ്ക്ക് ഏതെങ്കിലും, ക്രിസ്തീയ, ഹൈന്ദവ പെണ്‍കുട്ടികള്‍ സ്വമേധയാ ചെന്നെത്തുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതും വിശ്വസിക്കാന്‍ നമുക്കാവില്ല. ഇത്തരം കാര്യങ്ങള്‍ കൂട്ടിവായിച്ചാല്‍ കേരളത്തിലെ സമൂഹത്തിന് ചില വ്യക്തമായ തിരിച്ചറിവുകളിലേയ്ക്ക് എത്താന്‍ സാധിക്കും.

തീവ്രവാദ ഗ്രൂപ്പുകള്‍ എക്കാലവും സമൂഹത്തിന് ഭീഷണി

തീവ്രവാദ ഗ്രൂപ്പുകള്‍ എക്കാലവും സമൂഹത്തിന് ഭീഷണിയാണ്. അവര്‍ പൊതുസമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നുപോകുന്നവരല്ല. അത്തരം തീവ്രവാദ ഗ്രൂപ്പുകളെ ഒറ്റപ്പെടുത്തുക എന്നുള്ളത് അതേ മതവിഭാഗങ്ങളിലുള്ളവര്‍ക്കുപോലും ആവശ്യമുള്ള കാര്യമാണ്. മുമ്പ് സൂചിപ്പിച്ചതുപോലെ, ക്രൈസ്തവ നാമധാരികളായ ചിലര്‍ തങ്ങളുടെ ആശയങ്ങളിലൂടെ തീവ്രവാദം പ്രചരിപ്പിക്കുന്നുവെങ്കില്‍, ഒറ്റപ്പെടുത്തേണ്ടത് ക്രൈസ്തവ സമൂഹത്തിന്റെ ചുമതലയാണ്. ഹൈന്ദവ വിഭാഗത്തില്‍ നിന്ന് അത്തരം ഗ്രൂപ്പുകള്‍ രംഗപ്രവേശം ചെയ്യുന്നെങ്കില്‍ അവരെ ഒറ്റപ്പെടുത്തി ആ സമൂഹത്തിന്റെ ഭദ്രത കാത്തുസൂക്ഷിക്കേണ്ടത് ഹൈന്ദവ സമുദായമാണ്. അത്തരത്തില്‍ മുസ്‌ളീം സമുദായത്തില്‍ രൂപംകൊള്ളുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെയും ജിഹാദികളെയും പ്രതിരോധിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അങ്ങനെ കേരളത്തിലെ പൊതുസമൂഹം ഒറ്റക്കെട്ടായി നിന്ന് ഇത്തരം പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പരിശ്രമിച്ചാല്‍ നമ്മുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയും. എന്നാല്‍, ഇത്തരം ചില തീവ്രവാദ ഗ്രൂപ്പുകള്‍ക്കും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ എന്തെങ്കിലും പരാമര്‍ശങ്ങള്‍ പൊതുവേദികളില്‍ ഉണ്ടാകുമ്പോള്‍ അവയെ പെട്ടെന്ന് തമസ്‌കരിക്കാനോ, ന്യായീകരിക്കാനോ അവര്‍ക്ക് കൂട്ടു നിന്ന് അവരുടെ വക്താക്കളായി പ്രവര്‍ത്തിക്കാനോ ശ്രമിക്കുന്നത് മാധ്യമധര്‍മ്മത്തിനു വിരുദ്ധമാണ്. അവര്‍ കൂലിക്കെടുക്കപ്പെട്ടവരാണ് എന്ന് ആരോപണമുയര്‍ന്നാല്‍ അതില്‍ തെറ്റുപറയാന്‍ കഴിയില്ല. ഇത്തരം വിഷയങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്ത് പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന രീതി മാധ്യമങ്ങള്‍ക്ക് ചേര്‍ന്നതല്ല. തീവ്രവാദ സമൂഹങ്ങളെ ഒറ്റപ്പെടുത്താന്‍ കേരളസമൂഹവും മാധ്യമങ്ങളും ഒരുമിച്ചുനില്‍ക്കുകയാണ് വേണ്ടത്.

ലവ് ജിഹാദ് കേസുകള്‍ ഞാന്‍ അന്വേഷിച്ചിട്ടോ, അത്തരം കേസുകള്‍ എന്റെ അന്വേഷണ പരിധിയില്‍ വന്നിട്ടോ ഇല്ല. എങ്കിലും, കേരളത്തില്‍ സേവനം ചെയ്ത ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍, ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കുന്നു എന്നുള്ളത് എനിക്ക് ബോധ്യമായിട്ടുള്ള കാര്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനങ്ങളും അതിനു വേണ്ടിയുള്ള പ്രണയം നടിക്കലും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്, ഉണ്ടാകുന്നുമുണ്ട്. തീവ്രവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ മാത്രമല്ല, ആണ്‍കുട്ടികളെയും വലയിലാക്കി കൊണ്ടുപോയിട്ടുണ്ട് എന്നാണ് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളത്‌. കണ്ണടച്ച് നമുക്ക് ഇരുട്ടാക്കാം. എന്നാല്‍, കണ്ണടച്ച് യാഥാര്‍ത്ഥ്യങ്ങളെ തമസ്‌ക്കരിക്കാന്‍ നമുക്കാവില്ല.

ജേക്കബ് ജോബ് ഐപിഎസ് (റിട്ടയേര്‍ഡ്)

(കെ.സി.ബി.സി. ജാഗ്രതാ ന്യൂസില്‍ പ്രസിദ്ധീകരിച്ചത്. അഭിമുഖത്തിന്റെ വെളിച്ചത്തില്‍ വിനോദ് നെല്ലയ്ക്കല്‍ തയാറാക്കിയത്)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.