ഫ്രാന്‍സിസ് പാപ്പായുടെ മേയ് മാസ ജപമാല മാരത്തണ്‍ ദൈവികാഹ്വാനമായി അനുഭവപ്പെടുന്നുവെന്ന് ബിഷപ്പ് ജോണ്‍ കീനന്‍

ആഗോളതലത്തില്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്ത ജപമാല മാരത്തണ്‍, ദൈവികാഹ്വാനമായാണ് അനുഭവപ്പെടുന്നതെന്ന് ജപമാല പ്രചാരണത്തിലൂടെ പ്രസിദ്ധനായ ‘റോസറി ബിഷപ്പ്’ ജോണ്‍ കീനന്‍.

“ദൈവം നേരിട്ട് ആവശ്യപ്പെട്ടതുപോലുള്ള അനുഭവമാണ് ജപമാല മാരത്തണിനു വേണ്ടിയുള്ള പാപ്പായുടെ ആഹ്വാനം കേട്ടപ്പോള്‍ ഉണ്ടായത്. ദൈവമാതാവിന്റെ സ്തുതിക്കും അതുവഴിയായി ദൈവത്തിന്റെ മഹത്വത്തിനും ഇത് കാരണമാകും” – സ്‌കോട്ട്‌ലന്‍ഡുകാരനായ ബിഷപ്പ് ജോണ്‍ കീനന്‍ പറഞ്ഞു.

“മേയ് മാസത്തിലെ ഓരോ ദിവസവും ഓരോ പ്രത്യേക നിയോഗങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന ലോകമെമ്പാടുമുള്ള കത്തോലിക്കരോടുള്ള ഫ്രാന്‍സിസ് പാപ്പായുടെ അഭ്യര്‍ത്ഥന എന്നെ അത്യധികം സന്തോഷിപ്പിക്കുകയും കൂടുതല്‍ ആവേശത്തോടെ ജപമാല പ്രചരിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു” – അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാര്‍പാപ്പയുടെ ഈ സംരംഭം 2018 മുതല്‍ ബ്രിട്ടണിലുടനീളം നടന്നുകൊണ്ടിരിക്കുന്ന ‘മെയ് മാസ ജപമാല’ യജ്ഞത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് ഒന്നിന് റോമന്‍ സമയം വൈകിട്ട് 6 മണിക്ക് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ ഗ്രിഗോറിയന്‍ ചാപ്പലില്‍ കൊന്തനമസ്‌കാരം നയിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പ ജപമാല മാരത്തോണിന് തുടക്കം കുറിച്ചിരുന്നു. ലോകമെമ്പാടുമുള്ള തിരഞ്ഞെടുക്കപ്പെട്ട 30 മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളിലെ ഓരോ ദേവാലയവുമായിരിക്കും ഓരോ ദിവസത്തെ ജപമാലക്കും നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.