ജപമാല: അമലോത്ഭവനാഥയുടെ പ്രാര്‍ത്ഥന

ജോസ് ക്ലെമെന്റ്

‘ക്രിസ്തുവിനെക്കുറിച്ചുള്ള അഗാധവും ആന്തരികവുമായ അറിവിലേയ്ക്ക് സുഗമമായി പ്രവേശിക്കാനുള്ള രഹസ്യം ജപമാല പഠിപ്പിക്കുന്നു. ഇതിനെ ‘മറിയത്തിന്റെ പാത’ എന്നു വിളിക്കാം” – വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ

ജപമാല അര്‍പ്പണം സമ്പൂര്‍ണ്ണമാകുന്നത് പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയോടെയാണ്. ഈ ലുത്തിനിയയില്‍ ഒരു അര്‍ത്ഥന അമലോത്ഭവ രാജ്ഞിയെ സംബോധന ചെയ്താണ്. അത്മായര്‍ക്ക് അര്‍പ്പിക്കാവുന്ന ഒരു ദിവ്യബലിയാണ് ജപമാല പ്രാര്‍ത്ഥന എന്നാണ് വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ വിശേഷിപ്പിക്കുന്നത്. അത്രയ്ക്ക് ഹൃദയഹാരിയും അര്‍ത്ഥപൂര്‍ണ്ണവുമാണ് ഈ പ്രാര്‍ത്ഥന. പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ക്രൈസ്തവരെ സംബന്ധിച്ച് വലിയൊരു വിശ്വാസസത്യമാണ്. അമ്മയെക്കുറിച്ച് സഭ പഠിപ്പിക്കുന്ന നാല് വിശ്വാസസത്യങ്ങളില്‍ ഏറ്റം പ്രധാനപ്പെട്ടത് മറിയത്തിന്റെ അമലോത്ഭവം തന്നെയാണ്. തുടര്‍ന്നാണ് നിത്യകന്യാത്വവും ദൈവമാതൃത്വവും സ്വര്‍ഗ്ഗാരോപണവും ഉള്‍പ്പെട്ടിട്ടുള്ളത്.

ഫ്രാന്‍സിലെ ബര്‍ണദീത്ത സോബിരസിന് അമലോത്ഭവയായ പരിശുദ്ധ ജപമാല റാണി പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായി സംസാരിച്ചത് 1858 മാര്‍ച്ച് 25-നാണ്. മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ അന്ന് ബര്‍ണദീത്തയ്ക്ക് ലൂര്‍ദില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ആദ്യം പറഞ്ഞത്: “ഞാന്‍ അമലോത്ഭവയാണ്” (I am the Immaculate Conception) എന്നാണ്. ഈ പ്രത്യക്ഷദര്‍ശനത്തിന് നാലുവര്‍ഷം മുമ്പാണ് 1854 ഡിസംബര്‍ എട്ടിന് പയസ് ഒമ്പതാമന്‍ പാപ്പ പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. അന്ന് പാപ്പാ പുറത്തിറക്കിയ ‘Ineffabilis Deus’ എന്ന വിശ്വാസപ്രഖ്യാപന രേഖയില്‍ കുറിച്ത് ഇപ്രകാരമാണ്: “മനുഷ്യവംശത്തിന്റെ രക്ഷകനായ യേശുക്രിസ്തുവിന്റെ നന്മകളെപ്രതി സര്‍വ്വശക്തനായ ദൈവം നല്‍കിയ പ്രത്യേകമായ കൃപയാലും ആനുകൂല്യത്താലും ഏറ്റവും അനുഗൃഹീതയായ കന്യാമറിയം താന്‍ ഉരുവാക്കപ്പെട്ട ആദ്യ നിമിഷം മുതല്‍ ഉത്ഭവപാപത്തിന്റെ എല്ലാ കളങ്കങ്ങളില്‍ നിന്നും സംരക്ഷിതയായിരുന്നു എന്ന വിശ്വാസം ദൈവത്താല്‍ വെളിവാക്കപ്പെട്ട ഒരു വിശ്വാസമത്രേ.”

ഈ വിശ്വാസസത്യ പ്രഖ്യാപനത്തിന്റെ 150-ാം വാര്‍ഷിക സ്മരണയ്ക്കായി 2004 ആഗസ്റ്റ് 14-ന് ലൂര്‍ദ്ദിലെത്തിയ വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പ ലൂര്‍ദ്ദ് ഗ്രോട്ടോയില്‍ ജപമാല പ്രദക്ഷിണത്തിനു നേതൃത്വം കൊടുത്തുകൊണ്ടാണ് വാര്‍ഷികാനുസ്മരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അമലോത്ഭവ മറിയത്തിന്റെ ഏറ്റം പ്രിയപ്പെട്ട സുവിശേഷ പ്രാര്‍ത്ഥനയായ ജപമാല തന്നെ പാപ്പാ ആദ്യം തിരഞ്ഞെടുത്തു. മാതാവ് അമലോത്ഭവയാണെന്ന വിശ്വാസസത്യ പ്രഖ്യാപനത്തിന് സ്ഥിരീകരണം നല്‍കുന്നതായിരുന്നു 1858-ല്‍ ബര്‍ണദീത്തയ്ക്കുണ്ടായ മാതാവിന്റെ ദര്‍ശനവും അരുളപ്പാടും. അതുകൊണ്ടു തന്നെയാണ് ലൂര്‍ദ്ദില്‍ തന്നെ ഈ വലിയ സത്യത്തെ അനുസ്മരിക്കുന്നതിനു ഒത്തുകൂടിയതും.

പരിശുദ്ധ ജപമാല റാണി അമലോത്ഭവയാണെന്ന വിശ്വാസം സുദീര്‍ഘവും സങ്കീര്‍ത്തനവുമായ ഒരു ചരിത്രത്തെ സംവഹിക്കുന്നുണ്ട്. മംഗളവാര്‍ത്ത അറിയിച്ച മാലാഖയുടെ ‘കൃപ നിറഞ്ഞവള്‍’ എന്ന അഭിസംബോധനയേക്കാള്‍ പഴക്കം അതിനു സഭാപാരമ്പര്യം കല്പിക്കുന്നു. മറിയത്തിന്റെ മാതാപിതാക്കളായ യോവാക്കിമും അന്നയും തമ്മിലുള്ള കണ്ടുമുട്ടലിനെ സംബന്ധിച്ച അപ്പോക്രിഫല്‍ സുവിശേഷങ്ങളുടെ വിവരണങ്ങളിലേക്ക് അത് നീളുന്നു. അന്നയുടെ ഉദരത്തിലാണല്ലോ മറിയം അമലോത്ഭവയായി ഉത്ഭവിച്ചത്. എട്ടാം നൂറ്റാണ്ടു മുതല്‍ ബൈസന്റൈന്‍ സഭയില്‍ ഡിസംബര്‍ ഒന്‍പത് അന്നയുടെ ഗര്‍ഭധാരണത്തിരുനാളായി ആഘോഷിക്കുന്നുണ്ടായിരുന്നു. പത്താം നൂറ്റാണ്ടില്‍ പാശ്ചാത്യസഭയിലും ഇതിനു തുടക്കമിട്ടു. പതിനഞ്ചാം നൂറ്റാണ്ടില്‍ സിക്സ്റ്റസ് അഞ്ചാമന്‍ പാപ്പാ അത് ആഗോള സഭാകലണ്ടറിന്റെ ഭാഗമാക്കി. പക്ഷേ, പിന്നീട് ആ തിരുനാളിന്റെ പ്രാധാന്യം കുറഞ്ഞു.

തന്റെ അസ്ഥിത്വത്തിന്റെ ആദ്യ നിമിഷം മുതല്‍ രക്ഷാകരപദ്ധതിയുടെ ഭാഗമായിരുന്നു പരിശുദ്ധ മറിയമെന്ന യാഥാര്‍ത്ഥ്യമാണ് അമലോത്ഭവ പ്രഖ്യാപനത്തിന്റെ പശ്ചാത്തലം. പ്രശസ്ത മരിയന്‍ വിജ്ഞാനീയ വിദഗ്ധനായ ഫാ. കാസ്റ്റലാനോ സെര്‍വെരാ പറയുന്നു: “രക്ഷകന്റെ മാതാവെന്ന നിലയില്‍ രക്ഷാകരകര്‍മ്മത്തില്‍ പങ്കാളിയാകുന്ന മറിയം പാപമരണങ്ങളെ കീഴടക്കിയ ദൈവത്തിന്റെ കൃപയുടെ പുറത്തല്ല ജനിച്ചത്.” തന്റെ പുത്രന്റെ മരണവും ഉത്ഥാനവും വഴി കൈവരിക്കാനിരിക്കുന്ന രക്ഷയെ മുന്‍കൂട്ടി കണ്ടുകൊണ്ട്, മറിയത്തെ നേരത്തെ അതില്‍ പങ്കാളിയാക്കുകയാണ് ദൈവം ചെയ്തത്.

പാപം മൂലം ലോകത്തിലേയ്ക്കു വന്ന രോഗത്തിനും മരണത്തിനുംമേല്‍ തന്റെ പുത്രന്‍ നേടിയ രക്ഷ, മനുഷ്യവംശത്തിലേയ്ക്കെത്തിക്കുന്ന ഒരു പ്രധാന മാര്‍ഗ്ഗമായി അന്നു മുതല്‍ പരിശുദ്ധ മറിയം നിലകൊള്ളുന്നു. മറിയത്തിന്റെ മാതൃകാസാന്നിധ്യം സഭയുടെയും വിശ്വാസികളിലോരോരുത്തരുടെയും ജീവിതങ്ങളില്‍ സദാ സന്നിഹിതമാണെന്നു ഫാ. സെര്‍വെരാ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അമലോത്ഭവ മാതാവിന്റെ ആത്മീയമാതൃത്വം ഇഹലോകത്തിലെ സവിശേഷ സാന്നിധ്യത്തിന്റെ നിഗൂഢഭംഗി നിറഞ്ഞുനില്‍ക്കുന്ന സ്ഥലമാണ് ലൂര്‍ദ്ദ്. ലോകചരിത്രത്തിലെ ഏറ്റവും പ്രസിദ്ധമായ സൗഖ്യദായക കേന്ദ്രം. അനേകായിരങ്ങള്‍ക്ക് ആത്മാവിലും ശരീരത്തിലും രോഗസൗഖ്യമേകുന്നു ലൂര്‍ദ്ദിലെ അത്ഭുത നീരുറവ. വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയാണ് ആദ്യമായി ലൂര്‍ദ്ദിലെത്തിയ ഒരു പാപ്പാ. 1983-ലായിരുന്നു അത്.

ലോക രോഗീദിനത്തോടനുബന്ധിച്ച് 2004 ഫെബ്രുവരി 11-നു വി. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ നല്‍കിയ സന്ദേശത്തില്‍ പറഞ്ഞു: “ക്രിസ്തുവിന്റെ രക്ഷാകരകര്‍മത്തില്‍ പരിശുദ്ധ മറിയത്തിന്റെ അനന്യമായ പങ്കു മനസ്സിലാക്കാന്‍ ലൂര്‍ദില്‍ വിഷമമില്ല. മറിയത്തിന്റെ അമലോത്ഭവം വ്യക്തമാക്കുന്നത് ഇതു മാത്രമാണ്. ദൈവികപദ്ധതിയില്‍ സജീവ പങ്കാളികളാകുന്നതിലൂടെ മാത്രമേ രക്ഷ കൈവരിക്കാന്‍ സാധിക്കുകയുള്ളൂ.”

ഈ അമലോത്ഭവ മാതാവിന്റെ ഹൃദയത്തില്‍ നിന്ന് സപ്തരാഗങ്ങള്‍ പോലെ പുറപ്പെടുന്ന ഇമ്പമാര്‍ന്ന ഈണങ്ങളാണ് ആഴമായ മൗനം, അഗാധമായ എളിമ, അനസ്യൂതമായ വിശ്വാസം, തുടര്‍ച്ചയായ ഇന്ദ്രിയനിഗ്രഹം, വിശിഷ്ടമായ പ്രാര്‍ത്ഥന, ഉറപ്പുള്ള ശരണം, പവിത്രമായ സ്‌നേഹം. ഈ ഈണങ്ങള്‍ കൊണ്ട് രാഗസുന്ദരമായ ആ അമലോത്ഭവ ഹൃദയത്തില്‍ ഏഴ് വ്യാകുലങ്ങളും തുളച്ചുകയറി. ശിമയോന്‍ പ്രവചിച്ച ‘നിന്റെ ഹൃദയത്തില്‍ ഒരുവാള്‍ തുളച്ചുകയറും’; പിറന്നുവീണ ഉണ്ണിയേശുവുമായുള്ള ഈജിപ്തിലേയ്ക്കുള്ള പലായനം, 12-ാം വയസ്സില്‍ തിരുപുത്രനെ കാണാതെ അലഞ്ഞുനടന്നത്, കാല്‍വരിയിലേയ്ക്കുള്ള കുരിശുയാത്രയില്‍ വഴിയില്‍ വച്ച് അമ്മയും മകനും തമ്മിലുള്ള കൂടിക്കാഴ്ച, പുത്രന്റെ പീഢാസഹന കുരിശുമരണങ്ങള്‍ക്ക് സാക്ഷിയായി കുരിശിന്‍ചുവട്ടില്‍ നിന്നത്, കുരിശില്‍ നിന്നിറക്കിയ വിണ്ടുകീറപ്പെട്ട പുത്രശരീരം മടിയില്‍ കിടത്തിയത്, കല്ലറയില്‍ സംസ്‌ക്കരിച്ചതിനുശേഷം മൂന്നു നാള്‍ പുത്രനെ പിരിഞ്ഞിരുന്ന ദുഃഖം. ഇവിടെയൊക്കെ മൂകമായ ഭാഷയില്‍ ഈ അമലോത്ഭവ സംയമനചിത്തയായി. അവളുടെ മുന്നില്‍ ഒന്നേയുണ്ടായുള്ളൂ; മാനവകുലത്തിന്റെ രക്ഷ. അതിനായി തന്റെ പുത്രനെ വിട്ടുനല്‍കുക. അതുകൊണ്ടു തന്നെയാണല്ലോ കത്തോലിക്കാ സഭ മറ്റാര്‍ക്കും നല്‍കാത്ത ചതുര്‍മാന വിശ്വാസസത്യങ്ങള്‍ ഈ അമ്മയ്ക്കു നല്‍കുന്നത് – അമലോത്ഭവ, നിത്യകന്യക, ദൈവമാതാവ്, സ്വര്‍ഗ്ഗാരോപിത.

പുത്രന്‍ വഴി രക്ഷിച്ചെടുത്ത മാനവകുലത്തോട് ഈ അമലോത്ഭവനാഥ ആവശ്യപ്പെടുന്നത് മൂന്നു കാര്യങ്ങള്‍ മാത്രം. അനുതപിക്കുക, പരിശുദ്ധ ജപമാല മുടങ്ങാതെ ചൊല്ലി ധ്യാനിക്കുക, യോഗ്യതയോടെ തന്റെ തിരുക്കുമാരന്റെ ബലിയില്‍ പങ്കുചേരുക.

ജോസ് ക്ലെമെന്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.