കൊറിയൻ കത്തോലിക്കാ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങൾ 230 വർഷങ്ങൾക്കു ശേഷം കണ്ടെത്തി

കൊറിയയിൽ നിന്നുള്ള ആദ്യത്തെ കത്തോലിക്കാ രക്തസാക്ഷികളുടെ ഭൗതികാവശിഷ്ടങ്ങൾ, വധിക്കപ്പെട്ട് രണ്ട് നൂറ്റാണ്ടുകൾക്കു ശേഷം വീണ്ടെടുക്കപ്പെട്ടു. മൂന്ന് പേരുടെ ഭൗതികാവശിഷ്ടങ്ങളാണ് ലഭിച്ചത്. 2014 -ൽ ഫ്രാൻസിസ് മാർപാപ്പ 125 കത്തോലിക്കാ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു. അവരിൽ ഉൾപ്പെടുന്നവരാണ് ഈ മൂന്നു പേരും.

17 -ാം നൂറ്റാണ്ടിൽ ചൈനയിലേക്കും ജപ്പാനിലേക്കുമുള്ള യാത്രകളിൽ കത്തോലിക്കാ വിശ്വാസം സ്വീകരിച്ച സാധാരണക്കാരായ കൊറിയക്കാരാണ് കത്തോലിക്കാ മതത്തെ കൊറിയയിലേക്ക് കൊണ്ടുവന്നത്. പതിനെട്ടാം നൂറ്റാണ്ടോടെ കൊറിയൻ ഉപദ്വീപിൽ കത്തോലിക്കാ വിശ്വാസം വളർന്നു. വിശ്വാസം വ്യാപിക്കാൻ തുടങ്ങിയപ്പോൾ, 500 വർഷത്തിലേറെ ഭരിച്ച ജോസോൺ രാജവംശത്തിന്റെ കീഴിൽ കത്തോലിക്കർ കടുത്ത പീഡനം നേരിടേണ്ടി വന്നു. 100 വർഷത്തിനിടെ പതിനായിരത്തോളം കത്തോലിക്കർ കൊറിയയിൽ രക്തസാക്ഷികളായി.1886 -ൽ ഫ്രാൻസുമായുള്ള ഉടമ്പടിയുടെ ഫലമായി കത്തോലിക്കരുടെ പീഡനം അവസാനിച്ചു.

മാർച്ചിൽ സിയോളിന്റെ തെക്ക് ജിയോഞ്ചുവിനടുത്തുള്ള ഒരു കല്ലറ പൊളിച്ചുനീക്കുന്നതിനിടെയാണ് ഈ ഭൗതികാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ചരിത്രരേഖകളും ഡിഎൻഎ പരിശോധനയും ഉപയോഗിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് ഈ ഭൗതികാവശിഷ്ടം, 1791 -ൽ ശിരഛേദം ചെയ്യപ്പെട്ട പോൾ യുൻ ജി-ചുംഗ് (32), ജെയിംസ് ക്വോൺ സാങ്-യോൺ (40) എന്നിവരുടേതാണെന്ന് നിർണ്ണയിച്ചത്. യുണിന്റെ ഇളയ സഹോദരൻ ഫ്രാൻസിസ് യുൻ ജി-ഹിയോണിന്റെ ഭൗതികാവശിഷ്ടവും അടുത്തു നിന്നും കണ്ടെത്തി. അദ്ദേഹം, തന്റെ സഹോദരൻ വധിക്കപ്പെട്ട് പത്തു വർഷത്തിനു ശേഷം 37 -ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചതാണ്.

2019 -ലെ കണക്കനുസരിച്ച്, ദക്ഷിണ കൊറിയയിൽ 5.6 ദശലക്ഷം കത്തോലിക്കർ ഉണ്ട്. ഇത് ജനസംഖ്യയുടെ 11% ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.