അമ്മയ്ക്കും കുഞ്ഞിനും വീടൊരുക്കി ആലപ്പുഴ രൂപതയിലെ കണ്ടക്കടവ് മതബോധന വിദ്യാർത്ഥികൾ

ജോബിഷ് പള്ളിത്തോട്‌
ജോബിഷ് പള്ളിത്തോട്‌

വെള്ളത്താൽ ചുറ്റപ്പെട്ട ഒരു പ്രദേശം. ഒരമ്മയും കുഞ്ഞും വെറുമൊരു പ്ലാസ്റ്റിക് മറയുടെ കീഴിൽ മഴയും വെയിലുമേറ്റ് ഇഴജന്തുക്കളുടെ നടുവിൽ ഉറങ്ങാനാവാതെ കണ്ണീരോടെ കഴിഞ്ഞിരുന്നു. സർക്കാരുകളും ഇതര സ്ഥാപനങ്ങളുടെയും മുമ്പിൽ പലതവണ യാചിച്ചു. ആരും കനിഞ്ഞില്ല. അങ്ങനെ ഇടവകയിലെ മതബോധന വിദ്യാർത്ഥികൾ ഈ ദൗത്യം ഏറ്റെടുക്കുകയായിരുന്നു.

മെറ്റീരിയൽസ് ഈ സ്ഥലത്ത് എത്തിക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു എങ്കിലും ഉണ്ണീശോയ്ക്കൊരു വീട്, അത് എന്തു ത്യാഗം സഹിച്ചും നിർമ്മിക്കുക എന്നത് അധ്യാപകരിൽ കുറച്ചുപേരുടെ മനസ്സിൽ അടങ്ങാത്ത ആവേശമായി. ഉണ്ണീശോയ്ക്ക്‌ ജന്മദിനസമ്മാനമായി സ്വരൂപിച്ച ഫണ്ടിൽ നിന്നും ഫോറോന വികാരി വെരി. റവ. ഫാ. സ്റ്റീഫൻ ജെ. പുന്നക്കൽ 20,000 രൂപ തന്ന് ധനസമാഹരണം ഉദ്ഘാടനം ചെയ്തു. പിന്നെയെല്ലാം നന്നായി നടന്നു.

കർത്താവ് കൂടെയുണ്ടായിരുന്നതിനൽ സഹായം ചോദിച്ചവരാരും തന്നെ ‘നോ’ പറഞ്ഞില്ല. കർത്താവ് ഈ കുടുംബത്തെ കണ്ടിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ ഇവർക്ക് തുണയായി കർത്താവുണ്ടാകും എന്ന വിശ്വാസത്തോടെ, 2020 ഏപ്രിൽ 2-നു തുടങ്ങി മുടക്കമില്ലാതെ വീടിന്റെ പണി തുടർന്നു. മെയ് 31 പെന്തക്കൊസ്താ ദിനത്തിൽ ഈ ഭവനത്തിന്റെ ആശിർവാദം നടന്നു.

ഇന്നലെകളിലേയ്ക്ക് തിരിഞ്ഞുനോക്കുമ്പോൾ എല്ലാം അത്ഭുതകരമായി അനുഭവപ്പെടുന്നു. കല്ല്പണിക്കാരും സഹായികളും ടൈൽ, കോൺക്രീറ്റ് തുടങ്ങിയ പണിക്കാരും കൂലി വാങ്ങാതെ പണിയെടുത്തു. മെറ്റീരിയൽസ് എത്തിക്കുന്ന ഏറ്റവും ശ്രമകരമായ ജോലി 13-ാം ക്ലാസ്സിലെയും 12-ാം ക്ലാസ്സിലെയും വിശ്വാസപരിശീലനാർത്ഥികൾ, മതാധ്യാപകർ, മുൻ വിദ്യാർത്ഥികൾ, കെസിവൈഎം സീനിയേഴ്സ് അങ്ങനെ 4 ടീം ആയി തിരിഞ്ഞ് ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി. നന്ദി എല്ലാത്തിനും, ഏവർക്കും…

31-5-2020 പെന്തക്കൊസ്ത് ദിനത്തിൽ 11. 30 -നു ഫൊറോന വികാരി വെരി. റവ. ഫാ. സ്റ്റീഫൻ ജെ. പുന്നയക്കൽ ആശിർവാദകർമ്മം നിർവഹിച്ചു. ഈ മതബോധന വിദ്യാർത്ഥികളും അദ്ധ്യാപകരും ഇന്ന് എല്ലാവർക്കുമൊരു മാതൃകയാണ്.

ജോബിഷ് പള്ളിത്തോട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.