‘ഞങ്ങളുടെ ജീവനും ജീവിതവുമാണ് സന്യാസം, നിങ്ങളുടെ കുരയ്ക്കലല്ല’ – ഒരു സന്യാസിനിയുടെ തുറന്നെഴുത്ത്

ഡോ. സി. മരിയറ്റ്‌ എസ്‌.വി.എം

കത്തോലിക്കാ സഭയ്‌ക്കും ക്രൈസ്‌തവ ചൈതന്യത്തിനും പുറത്തുനിന്ന്‌ സന്യാസത്തെ നിരീക്ഷിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നവരുടെ വാക്കുകള്‍പോലെയല്ല സന്യാസിയായി ജീവിക്കുന്ന ഞങ്ങളുടെ ജീവിതം എന്ന യാഥാര്‍ത്ഥ്യമാണ്‌ ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്‌. സഭയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌ സത്യവും ധര്‍മ്മവും സംരക്ഷിക്കപ്പെടണമെന്നും, നീതിക്കായി കാത്തിരിക്കുന്നവര്‍ക്ക്‌ അത്‌ ലഭിക്കണമെന്നും മാത്രമാണ്‌. എന്നാല്‍ ഈ പ്രശ്‌നങ്ങളെ മറയാക്കി കത്തോലിക്കാസഭയേയും സന്യാസത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന ചില പ്രസ്‌താവനകള്‍ പത്രമാധ്യമങ്ങളില്‍ വായിക്കാനിടയായി. ഇത്തരം പ്രസ്‌താവനകള്‍ നടത്തുന്ന സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കളോടും അവ വായിക്കുന്ന വായനക്കാരോടും അനേകവര്‍ഷങ്ങള്‍ സന്യാസഭവനത്തില്‍ ജീവിച്ച അനുഭവത്തിന്റെ വെളിച്ചത്തില്‍ ഏതാനും കാര്യങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നു.

ആരാണ്‌ സമര്‍പ്പിതര്‍?

ആരാണ്‌ സമര്‍പ്പിതര്‍? എന്ന്‌ നാം നന്നായി മനസിലാക്കണം. ക്രിസ്‌തുവിന്റെ ജീവിതത്തില്‍ ആകര്‍ഷിതരായി, അവിടുത്തെ ജീവിതശൈലി അനുകരിച്ച്‌, ദൈവരാജ്യത്തിനുവേണ്ടി വേല ചെയ്യുവാന്‍ തന്നെത്തന്നെ സമര്‍പ്പിച്ച്‌ ദാരിദ്ര്യം, അനുസരണം, ബ്രഹ്മചര്യം എന്നീ വ്രതങ്ങളും, ഒരു സന്യാസസമൂഹത്തിന്റെ പ്രത്യേക കാരിസവും (സിദ്ധി) നിയമങ്ങളും അനുസരിച്ച്‌ ജീവിക്കുന്ന ക്രൈസ്‌തവരാണ്‌ സമര്‍പ്പിതര്‍. അതിനായി അനേകവര്‍ഷത്തെ പഠനവും പരിചിന്തനവും ആവശ്യമാണ്‌. ആദ്യവ്രത വാഗ്‌ദാനത്തിനുശേഷവും ഏതാനും വര്‍ഷങ്ങളിലെ സന്യാസജീവിതാനുഭവത്തിന്റെയും പഠനങ്ങളുടെയും പ്രാര്‍ത്ഥനയുടെയും വെളിച്ചത്തിലാണ്‌ നിത്യവ്രതവാഗ്‌ദാനം ചെയ്‌ത്‌ സന്യാസസമൂഹത്തില്‍ സ്ഥിരാംഗത്വം നേടുക.

അപ്പോള്‍പിന്നെ എങ്ങനെയാണ്‌ സന്യാസം നിത്യമായ അടിമപ്പണിയാണെന്ന്‌ പറയാനാവുക. സന്യാസം ഒരു വ്യക്തി, പൂര്‍ണമായ അറിവോടും സമ്മതത്തോടുംകൂടി, നടത്തുന്ന സമര്‍പ്പണമാണ്‌. അത്‌ രക്ഷാകരമായ ആനന്ദം നല്‌കുന്ന ജീവിതമാണ്‌. യഥാര്‍ത്ഥ സന്യാസികള്‍ അടിമത്വത്തിന്റെ ദുഃഖമോ നിരാശയോ പേറുന്നവരല്ല. മറിച്ച്‌. സമര്‍പ്പണത്തിലൂടെ ക്രിസ്‌തുസാരൂപ്യവും ആത്മസാക്ഷാത്‌കാരവും നേടുന്നവരാണ്‌.

‘കര്‍ത്താവിന്റെ മണവാട്ടികള്‍’

കര്‍ത്താവിന്‌ മണവാട്ടി എന്നൊരു വകുപ്പ്‌ ബൈബിളില്‍ കണ്ടവര്‍ ഉണ്ടോ എന്ന്‌ വെല്ലുവിളിക്കുന്നവരോട്‌ ഉണ്ട്‌ എന്ന്‌ ഉറക്കെ പറയുവാന്‍ ആഗ്രഹിക്കുന്നു. ഈശോയുടെ പരസ്യജീവിതകാലത്ത്‌ അപ്പസ്‌തോലന്മാരെപ്പോലെ ഈശോയെ അനുഗമിച്ചിരുന്ന സ്‌ത്രീകള്‍ ഉണ്ടായിരുന്നു (ലൂക്ക 8:1-4; ലൂക്കാ 10:38-42, യോഹ 12:1-4). കുരിശിന്‍ചുവട്ടിലും ഉത്ഥാനത്തിലുമൊക്കെയുള്ള ഇവരുടെ സജീവ സാന്നിധ്യം ശിഷ്യത്വത്തിന്റെ ആഴം മനസിലാക്കുന്നു. തങ്ങളുടെ ജീവനും ജീവിതവും കര്‍ത്താവിനായി സമര്‍പ്പിച്ച്‌ ജീവിക്കുന്നവര്‍ അന്നുമുതല്‍ ഇന്നുവരെയും സഭയില്‍ ഉണ്ട്‌. ഇവരെ ലോകം വിളിച്ച പേരാണ്‌ “കര്‍ത്താവിന്റെ മണവാട്ടികള്‍”.

യഥാര്‍ത്ഥത്തില്‍ മണവാളന്‍-മണവാട്ടി ബന്ധം സൂചിപ്പിക്കുന്നത്‌ ക്രിസ്‌തുവും സഭയും തമ്മിലുള്ള ബന്ധമാണ്‌. സഭയുടെ ഒഴിച്ചുകൂടാനാവാത്ത ദൗത്യം വിശ്വസ്‌തതയാണെന്ന്‌ ഈ പദം സൂചിപ്പിക്കുന്നു. (വെളി 21:2; 2 കൊറി 11:2-3). സഭയുടെ സമര്‍പ്പണത്തിനും, സ്‌നേഹത്തിനും, ഭക്തിക്കും, വിശ്വസ്‌തതയ്‌ക്കും ഉത്തമ ഉദാഹരണമാണ്‌ സന്യാസം എന്ന അര്‍ത്ഥത്തിലാണ്‌ ലോകം സന്യസ്‌തരെ കര്‍ത്താവിന്റെ മണവാട്ടികള്‍ എന്ന്‌ വിളിക്കുന്നത്‌. എന്നാല്‍ സഭയാണ്‌ ക്രിസ്‌തുവിന്റെ മണവാട്ടി എന്നതിനാല്‍ ഓരോ ക്രിസ്‌ത്യാനിയും കര്‍ത്താവിന്റെ മണവാട്ടികളാകാന്‍ വിളിക്കപ്പെട്ടവരാണ്‌. ക്രിസ്‌തുവിനോടുള്ള സമ്പൂര്‍ണ സമര്‍പ്പണത്തിലൂടെയും ഗാഢമായ സ്‌നേഹത്തിലൂടെയും ഉണ്ടാകുന്ന ആത്മീയ ഐക്യമാണ്‌ ഈ ബന്ധം. ഈ ആത്മീയ ആനന്ദത്തിന്റെ ഒരംശമെങ്കിലും മനസിലാക്കുവാന്‍ ഒരുപക്ഷേ വിശുദ്ധാത്മാക്കളുടെ ആത്മീയാനുഭവങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ നിങ്ങളെ സഹായിച്ചേക്കും.

വി. അല്‍ഫോന്‍സാ – കന്യാസ്‌ത്രീ ആക്കുവാനുള്ള റോള്‍ മോഡല്‍!

സഭയ്‌ക്കെതിരെ ഉയര്‍ന്നുവന്ന മറ്റൊരു ആരോപണം, ഭരണങ്ങാനത്തുള്ള അന്നക്കുട്ടിയെ സെന്റ്‌ അല്‍ഫോന്‍സാ ആക്കിയത്‌ കുറെ അച്ചായത്തിക്കുട്ടികളെ കന്യാസ്‌ത്രീ ആക്കുവാനുള്ള റോള്‍ മോഡല്‍ ഉണ്ടാക്കല്‍ ആയിരുന്നു എന്നതാണ്‌. ഇങ്ങനെ ചിന്തിക്കുന്നവരോട്‌ എനിക്ക്‌ പറയുവാനുള്ളത്‌ കത്തോലിക്കാസഭയിലെ വിശുദ്ധരുടെ നാമകരണനടപടിക്രമത്തെക്കുറിച്ച്‌ ചെറിയ ഒരു അറിവെങ്കിലും നേടണമെന്നാണ്‌. വിശുദ്ധരെന്ന്‌ പേര്‌ വിളിക്കപ്പെടുവാന്‍ മനുഷ്യരുടെ പരിശ്രമം മാത്രം പോരാ. വിവിധ ഘട്ടങ്ങളിലായി മനുഷ്യരുടെയും ദൈവത്തിന്റെയും വ്യക്തമായ സാക്ഷ്യം ഉണ്ടാവുകയും സഭ അത്‌ ബോധ്യപ്പെടുകയും ചെയ്യേണ്ടതുണ്ട്‌. ദൈവം അത്ഭുതങ്ങളിലൂടെ സാക്ഷ്യം നല്‌കി അള്‍ത്താരയില്‍ വണങ്ങപ്പെടാന്‍ അനുവദിച്ച ഒരു വിശുദ്ധയെക്കുറിച്ചുപോലും ലോകത്തെ തെറ്റയി പ്രബോധിപ്പിക്കുന്ന ഇവര്‍ സത്യത്തിന്റെ സംരക്ഷകരാകുന്നതെങ്ങനെ?

സന്യാസം ഉപേക്ഷിച്ചവരുടെ അധിക്ഷേപങ്ങള്‍

സന്യാസസമൂഹങ്ങളില്‍നിന്നും പുറത്തുപോവുകയും ഈ കാലഘട്ടങ്ങളിലെല്ലാം സഭയെ അപകീര്‍ത്തിപ്പെടുത്തുവാന്‍ വ്യഗ്രത കാണിക്കുകയും ചെയ്യുന്ന ചില സഹോദരിമാര്‍, സഭയിലുണ്ടായ ഈ പ്രശ്‌നത്തെ മുതലെടുത്ത്‌ സഭയില്‍ മറ്റ്‌ കന്യാസ്‌ത്രീകളും പലിവധത്തില്‍ പീഢിതരായവരെന്ന്‌ പറഞ്ഞ്‌ വയ്‌ക്കുകയും കത്തോലിക്കാസഭയില്‍ നടക്കുന്നത്‌ പുറത്ത്‌ പറയാനാകാത്ത കാര്യങ്ങളാണെന്ന്‌ പറഞ്ഞ്‌ അധിക്ഷേപിക്കുകയും ചെയ്യുന്നു. എന്നാല്‍ അനേക വര്‍ഷങ്ങള്‍ സന്യാസത്തില്‍ ജീവിച്ച അനുഭവം വച്ച്‌ ഈ പ്രസ്‌താവനകളെ തള്ളിക്കളയാനെ എനിക്ക്‌ കഴിയൂ.

സമൂഹത്തില്‍ ഏതൊരു സ്‌ത്രീക്കും കിട്ടുന്നതിനേക്കാള്‍ സുരക്ഷിതത്വം മഠത്തിനുള്ളില്‍ ഞങ്ങള്‍ക്ക്‌ ലഭിക്കുന്നുണ്ട്‌. ഇന്നുവരെ ഏതെങ്കിലും കന്യാസ്‌ത്രീകള്‍ പട്ടിണി കിടക്കേണ്ടിവന്നിട്ടുണ്ടോ? അത്യാവശ്യ സാധനങ്ങളുടെ അഭാവം അനുഭവിച്ചിട്ടുണ്ടോ? ചികിത്സയ്‌ക്ക്‌ പണമില്ലാതെ വിഷമിച്ചിട്ടുണ്ടോ? നാളെയെക്കുറിച്ച്‌ അവര്‍ക്ക്‌ ആകുലപ്പെടേണ്ടതുണ്ടോ? നന്മ ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഒരു സമര്‍പ്പിതയ്‌ക്ക്‌ ഉള്ളതുപോലെ മറ്റാര്‍ക്കും ഉണ്ടാവില്ല എന്ന അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയാനാവൂ. സന്യാസം ഉപേക്ഷിച്ചവര്‍ സ്വന്തം കുറ്റങ്ങള്‍ മറയ്‌ക്കാന്‍ സഭയെയും സന്യാസത്തെയും താഴ്‌ത്തിക്കെട്ടിയാലും അത്‌ വീണുപോകില്ല. കാരണം ക്രിസ്‌തുവാകുന്ന ഉറപ്പുള്ള പാറമേലാണത്‌ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്‌.

വൈദികരുടെ പി.എസ്‌.സി ടെസ്റ്റ്‌ നിയമനം!

ഈ ദിവസങ്ങളില്‍ സഭയ്‌ക്ക്‌ പത്രമാധ്യമങ്ങളിലൂടെ ലഭിച്ച മറ്റൊരു ഉപദേശമാണ്‌ വൈദികരെ പി.എസ്‌.സി ടെസ്റ്റ്‌ വഴി നിയമിക്കണമെന്നത്‌. പൗരോഹിത്യം ഒരു ജോലിയല്ല അത്‌ ആത്മീയ ശുശ്രൂഷയാണ്‌. ദൈവത്തിന്റെ വിളിയും മനുഷ്യന്റെ പ്രത്യുത്തരവുമാണ്‌ പൗരോഹിത്യജീവിതത്തിന്റെ പിന്നിലുള്ളത്‌. ദൈവവിളിയാണ്‌. ഒരുപക്ഷേ ഞങ്ങളില്‍ ചിലരുടെയെങ്കിലും പ്രവര്‍ത്തികള്‍ വഴി നിങ്ങള്‍ക്ക്‌ മറിച്ച്‌ തോന്നിയെങ്കില്‍ മാപ്പ്‌. പക്ഷേ, പൗരോഹിത്യ ശുശ്രൂഷയിലെ ദൈവിക വശം അംഗീകരിക്കാതിരിക്കാന്‍ അതൊരു കാരണമല്ല. പുരോഹിതരെയും സന്യാസികളെയും അഡ്‌മിനിസ്‌ട്രേറ്റഴ്‌സ്‌ അല്ലെങ്കില്‍ കോ-ഓര്‍ഡിനേറ്റേഴ്‌സായി കാണാതെ അവരെ വിശ്വാസജീവിതത്തിലെ ശുശ്രൂഷകരായി അംഗീകരിക്കണം എന്നേ പറയാനുള്ളു.

കന്യാസ്‌ത്രീകളോടുള്ള സഹതാപം!

കന്യാസ്‌ത്രീകളോടുള്ള സഹതാപം മൂത്ത്‌, കന്യാസ്‌ത്രീകളായ പെണ്‍മക്കളുള്ള മാതാപിതാക്കള്‍, അവരുടെ സുരക്ഷയെപ്രതി, അവരെ തിരികെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ വരണമെന്ന അഭിപ്രായവും, ഈ ദിവസങ്ങളില്‍ വായിക്കുവാനിടയായി. ഇങ്ങനെ അഭിപ്രായപ്പെടുന്നവര്‍ ഒന്ന്‌ മനസിലാക്കണം ഞങ്ങളാരും നിവൃത്തികേടുകൊണ്ട്‌ മഠത്തില്‍ വന്നവരോ ഇവിടെ ജീവിക്കുന്നവരോ അല്ല. ലഭിക്കാമായിരുന്ന സുഖകരമായ ഒരു ജീവിതം മാറ്റിവച്ചിട്ട്‌ കര്‍ത്താവിനെപ്രതി ത്യാഗനിര്‍ഭരമായ ജീവിതം തെരഞ്ഞെടുത്തവരാണ്‌. ഞങ്ങള്‍ ഇവിടെ അനുഭവിക്കുന്ന സന്തോഷം ഒരുപക്ഷേ നിങ്ങള്‍ക്ക്‌ മനസിലാവില്ല. കൃപ ലഭിച്ചവര്‍ക്കേ അതിനു കഴിയൂ.

ഇനി സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്ത ഒരു വ്യക്തി ഈ ജീവിതം ജീവിച്ചുപോരുമ്പോള്‍ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ ഇതല്ല തന്റെ ദൈവവിളി എന്നു തിരിച്ചറിഞ്ഞാല്‍ ഉചിതമായ മാര്‍ഗത്തിലൂടെ ഈ സമര്‍പ്പിതജീവിതശൈലിയില്‍ നിന്നു വിടുതല്‍ പ്രാപിക്കാനുള്ള സാഹചര്യവും സാധ്യതയും സഭയില്‍ തന്നെയുണ്ട്‌. ചുരുക്കമെങ്കിലും ചിലരൊക്കെ ആ സാധ്യത പ്രയോജനപ്പെടുത്തുന്നുമുണ്ട്‌. ആയതിനാല്‍ സമര്‍പ്പിതരായ ഞങ്ങളെ ഓര്‍ത്ത്‌ സഹതപിക്കുന്നതിനേക്കാള്‍ ഈ ലോകത്തില്‍ എത്രയോ സ്‌ത്രീകളും കുട്ടികളും പീഢിപ്പിക്കപ്പെടുന്നു. എത്രയോ പേര്‍ ദാരിദ്ര്യത്തില്‍ വൈകല്യങ്ങളില്‍, രോഗത്തില്‍, ഏകാന്തതയില്‍ വേദനിക്കുന്നു. അവര്‍ക്കുവേണ്ടി എന്തെങ്കിലുമൊക്കെ നിങ്ങള്‍ക്കും ചെയ്‌തുകൂടെ, അപ്പോള്‍ മനസിലാകും ഞങ്ങളുടെ ജീവിതം എത്ര സുന്ദരമെന്ന്‌.

പ്രിയപ്പെട്ട സമര്‍പ്പിത സഹോദരിമാരോട്‌:

ഇനി എന്റെ പ്രിയപ്പെട്ട സമര്‍പ്പിത സഹോദരിമാരോട്‌: നാം നമ്മെത്തന്നെ സമര്‍പ്പിച്ചിരിക്കുന്നത്‌ വൈദികര്‍ക്കോ അധികാരികള്‍ക്കോ അല്ല; ദൈവത്തിനാണ്‌. “ഞാന്‍ ദൈവത്തിന്റെ സ്വന്തം” – എന്ന ആത്മാഭിമാനബോധമാണ്‌, ഭയമല്ല, നമ്മെ ഭരിക്കേണ്ടത്‌. ഈ ബോധ്യത്തില്‍നിന്നുകൊണ്ട്‌ നാം സമരം ചെയ്യേണ്ടത്‌ അവനവനോട്‌ തന്നെയാണ്‌; അനുസരണത്തില്‍, ബ്രഹ്മചര്യത്തില്‍, ദാരിദ്ര്യത്തില്‍ ജീവിക്കുവാന്‍. സന്യാസമൂല്യങ്ങളെ തകര്‍ക്കുന്ന ബാഹ്യശക്തികളോടും നാം സമരം ചെയ്യണം. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പീഢനത്തോടും ഒരു ഒത്തുതീര്‍പ്പും പാടില്ല. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുകതന്നെ വേണം. പാപികളെ രക്ഷിക്കുകയും പാപത്തെ വെറുക്കുകയും ചെയ്‌ത കര്‍ത്താവിന്റെ ദാസികള്‍ സത്യത്തിനും നീതിക്കും വേണ്ടി നിര്‍ഭയം നിലകൊള്ളണം. പക്ഷേ, ഇത്തരം അവസരങ്ങള്‍ മുതലെടുത്ത്‌ സഭയെയും സന്യാസത്തെയും അവഹേളിക്കുന്നവരെ നാം തിരിച്ചറിയണം.

പ്രിയപ്പെട്ട ദൈവജനത്തോട്‌:

സഭയില്‍ ഏതാനും ചില സമര്‍പ്പിതര്‍ക്ക്‌ തെറ്റുപറ്റിയിട്ടുണ്ട്‌. സമ്മതിക്കുന്നു. പക്ഷേ, അവരാണ്‌, അവര്‍ മാത്രമാണ്‌ സഭ എന്ന്‌ നിങ്ങള്‍ വിശ്വസിക്കരുത്‌. അങ്ങനെ നിങ്ങളെ പ്രബോധിപ്പിക്കുന്നവര്‍ സത്യത്തിന്റെ വക്താക്കളല്ല അവര്‍ കൃപയുടെ നീര്‍ച്ചാലായ സഭയില്‍നിന്ന്‌ നിങ്ങളെ അകറ്റുന്ന തിന്മയുടെ വക്താക്കളാണ്‌. ഇനിയും ചില സമര്‍പ്പിതര്‍ സംശയത്തിന്റെ പേരില്‍ കുറ്റാരോപിതരായി മാധ്യമവിചാരണയും നിയമവിചാരണയും നേരിടുകയും നീതിന്യായ വ്യവസ്ഥതന്നെ ഇവരെ നിരപരാധികളെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ ഇവരെ വീണ്ടും ക്രൂശിക്കുന്ന സഭാവിരോധികള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. ഇത്തരം സാഹചര്യങ്ങളില്‍ വിശ്വാസികളായ സുഹൃത്തുക്കളോട്‌ ഒന്നേ പറയാനുള്ളൂ ക്രിസ്‌ത്യാനിക്ക്‌ കുരിശ്‌ ഭോഷത്തമല്ല; രക്ഷാകരമാണ്‌. കര്‍ത്താവിനെപ്രതി ക്രിസ്‌തീയ മൂല്യങ്ങള്‍ക്കുവേണ്ടി സഹനങ്ങള്‍ ഏല്‍ക്കുന്നതില്‍ നാം ആനന്ദിച്ചാഹ്ലാദിക്കണം (മത്താ. 5:12).

തിന്മകളുടെ ശക്തികള്‍ക്ക്‌ സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കാനാവും പക്ഷേ തോല്‌പിക്കാനാവില്ല; സഭ ഉത്ഥാനം ചെയ്‌ത ക്രിസ്‌തുവിന്റെ ബലത്തിലാണ്‌ ആശ്രയിച്ചിരിക്കുന്നത്‌. ഇനിയും ആരെങ്കിലുമൊക്കെ സഭയ്‌ക്കും സന്യാസത്തിനുമെതിരെ സംസാരിച്ചേക്കാം പ്രവര്‍ത്തിച്ചേക്കാം. പക്ഷേ ക്രിസ്‌തുവിനോട്‌ ചേര്‍ന്ന്‌ ഇത്തരം സഹനങ്ങളെയും രക്ഷാകരമാക്കി മാറ്റാന്‍ നമുക്കറിയാം. ഈ അര്‍ത്ഥത്തില്‍ നമ്മെ താറടിക്കുന്നവര്‍ നമ്മെ വളര്‍ത്തുകയാണ്‌… സഹനത്തിലൂടെ… ഒരുപക്ഷേ രക്തസാക്ഷിത്വത്തോളം… ഈശോ വാഴട്ടെ.

ഡോ. സി. മരിയറ്റ്‌ എസ്‌.വി.എം.

‘അപ്നദേശ്’ – ൽ നിന്നും അനുവാദത്തോടെ പുനഃപ്രസിദ്ധീകരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.