ഒരു കാലത്തു ഞാന്‍ ജീവിച്ച സന്യാസ ജീവിതം മനോഹരം: അഡ്വ. സിനിമോൾ പി.ജെ.

സന്ന്യാസം നേരെഴുത്ത് - 4

“ഞാൻ കണ്ട, അല്ല അനുഭവിച്ച, കടന്നു പോയ സന്യാസം ജീവിതം ഏറെ മനോഹരമായിരുന്നു” പറയുന്നത് അഡ്വ. സിനിമോൾ പി.ജെ. 15 വർഷം മഠത്തിൽ (മോൺ. സി. ജെ. വർക്കി അച്ചൻ സ്ഥാപിച്ച എം. എസ്. എം. ഐ. സന്യാസ സമൂഹത്തിൽ) ജീവിക്കുകയും തുടർന്ന് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നു വരുകയും ചെയ്ത അഡ്വ. സിനിമോൾ പി. ജെ സമൂഹത്തിലെ ചില തെറ്റായ ചിന്തകൾക്ക്, സംശയങ്ങൾക്ക് തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ ഉത്തരം നൽകുകയാണ്.

സന്യാസ ജീവിതം കാരാഗൃഹതുല്യമായ ഒന്നാണെന്ന് സ്ഥാപിച്ചെടുക്കുവാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും തല്പര ശക്തികള്‍ക്കും മുൻപിൽ താൻ കടന്നുപോയ ആ പതിനഞ്ചു വർഷത്തെ കുറിച്ചും അതിനു ശേഷം സന്യാസിനിമാർ നൽകിയ പിന്തുണയെക്കുറിച്ചും പങ്കു വയ്ക്കുകയാണ് സിനിമോൾ.

സന്യാസ ജീവിതം തടവറയല്ല

പതിനാറാം വയസിൽ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത തീരുമാനമാണ് മഠത്തിൽ ചേരുക എന്നത്. അത് ഒരിക്കലും അവർ പിറകെ നടന്നത് കൊണ്ടോ നിർബന്ധിച്ചത് കൊണ്ടോ അല്ലായിരുന്നു. മറ്റുള്ളവർക്ക് സേവനം ചെയ്യുക എന്നത് ചെറുപ്പം മുതൽ താല്പര്യം ഉള്ള ഒന്നായിരുന്നു. ബാല്യത്തിൽ പള്ളിയിൽ പോകുമ്പോൾ സേവന സന്നദ്ധരായി സദാ സമയം ഓടി നടക്കുന്ന സിസ്റ്റർമാരെ കാണുമായിരുന്നു.  അവർ മനസിനെ ഭാവാത്മകമായി സ്വാധീനിച്ചിരുന്നു. അങ്ങനെയാണ് സന്യാസ ജീവിതത്തിലേയ്ക്ക് സിനി കടന്നു വരുന്നത്. മഠത്തിലെ ജീവിതം തനിക്കു വേറിട്ട ഒരു അനുഭവമായിരുന്നു നൽകിയത് എന്ന് സിനി സാക്ഷ്യപ്പെടുത്തുന്നു.

ചിട്ടയായ ഒരു ജീവിതം സന്യാസത്തിന്റെ അടിസ്ഥാനമാണ്. ഓരോ സന്യാസ സമൂഹത്തിനും അതിന്റേതായ രീതികളും നിയമങ്ങളും ഉണ്ട്. അത് ഒരിക്കലും അവരിലേക്ക്‌ അടിച്ചേൽപ്പിക്കുന്നവയല്ല. സന്യാസ ജീവിതം ചിട്ടകൾ നിറഞ്ഞതാണ് എന്നും അവയെ പൂർണ്ണമായും സ്വീകരിക്കാം എന്ന ഉറപ്പിന്മേലും ആണ് ആളുകൾ സന്യാസ ജീവിതത്തിലേയ്ക്ക് കാലെടുത്തു വയ്ക്കുക. അവിടെയുള്ള ചിട്ടകൾ ഒരു ദിവസം കൊണ്ട് ഉണ്ടായതോ ശീലിക്കാൻ നിർബന്ധിക്കുന്നതോ അല്ല. നാല് അഞ്ചു വർഷം നീളുന്ന പരിശീലനത്തിനിടയിൽ ഇവ ഒരു ബുദ്ധിമുട്ടായോ ഭാരമായോ തോന്നിയാൽ തിരികെ പോരാവുന്നതും ആണ്. അതൊരിക്കലും ഇന്നത്തെ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത് പോലെ കാരാഗ്രഹ തുല്യം അല്ല എന്ന് സിനിമോൾ സാക്ഷ്യപ്പെടുത്തുന്നു.

പോസിറ്റീവ് എനർജി പകർന്ന സന്യാസ ജീവിതം

എം എസ് എം ഐ സന്യാസ സമൂഹത്തിൽ അംഗമായിരുന്നിടത്തോളം കാലം തന്റെ ജീവിതത്തിൽ താൻ മഠത്തിൽ നിന്നും പോസിറ്റീവ് ആയ കാര്യങ്ങളാണ് അനുഭവിച്ചത് എന്ന് സിനിമോൾ പറയുന്നു.  ” മുതിര്‍ന്ന കന്യാസ്ത്രീകൾക്കു ഉന്നത വിദ്യാഭ്യാസം സാധ്യമാകാതിരുന്നപ്പോഴും തന്റെ ആഗ്രഹത്തെ മാനിച്ച് കൊണ്ട് എൽ എൽ ബി ക്കു വിട്ടതും തന്റെ പഠന ചിലവുകൾ ഏറ്റെടുത്തതും എല്ലാം സന്യാസ സമൂഹമായിരുന്നു. അവർ ഒരിക്കൽ പോലും എന്റെ ആഗ്രഹത്തിന് എതിര് നിന്നിട്ടില്ല. അതിനു ശേഷം സോഷ്യൽ വർക്കറായി ജോലി ചെയ്തപ്പോഴും സന്യാസ സമൂഹത്തിൽ നിന്ന് കൂടുതൽ പിന്തുണ മാത്രമാണ് തനിക്കു ലഭിച്ചിട്ടുള്ളത്.  പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിച്ചു മുന്നോട്ടു പോകുവാൻ ഉള്ള ധൈര്യം എനിക്ക് നൽകിയതും ആ മഠവും അവിടുത്തെ പരിശീലനവും ആണ്.”

അഭിഭാഷക ജീവിതത്തിലേയ്ക്ക് പ്രവേശിച്ചതിന് ശേഷം സന്യാസ വേഷത്തിൽ തന്നെ അംഗീകരിക്കാൻ സഹപ്രവർത്തകർക്കുണ്ടായ ഒരു ബുദ്ധിമുട്ട്, രണ്ടു വസ്ത്രങ്ങളിൽ വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ തനിക്കു തന്നെ തോന്നിത്തുടങ്ങിയ ഒരു ഐഡന്റിറ്റി ക്രൈസിസ് – ഇവയൊക്കെ കൊണ്ടാണ് താൻ സന്യാസ ജീവിതത്തിൽ നിന്ന് മറ്റൊരു ജീവിതത്തിലേയ്ക്ക് തിരിഞ്ഞതെന്നു സിനിമോൾ പറയുന്നു. സന്യാസ ജീവിതം ഉപേക്ഷിക്കുക എന്ന തീരുമാനം എടുത്തപ്പോഴും കുറ്റപ്പെടുത്താതെ ആലോചിച്ചു തീരുമാനം എടുക്കുവാനും ആ തീരുമാനം നല്ലതാണോ, എങ്ങനെയായിരിക്കും തുടങ്ങിയ കാര്യങ്ങളിൽ ആത്മീയ സംഘർഷം നേരിട്ടപ്പോഴും തന്റെ സന്യാസ സമൂഹം ഒറ്റപ്പെടുത്താതെ കൂടെ നിന്ന അനുഭവമായിരുന്നു തനിക്കുണ്ടായിരുന്നത് എന്ന് സിനിമോൾ പറയുന്നു.

മാറേണ്ടത് സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ

സന്യാസജീവിതം ഉപേക്ഷിച്ചു വരുന്നവരെ ആരും സ്വീകരിക്കില്ല എന്നൊരു വാദം സമൂഹം ഉന്നയിക്കുന്നുണ്ട്. ശരിക്കും അതിന്റെ ഉത്തരവാദികൾ സമൂഹം തന്നെയാണ്. തിരിച്ചു വരുന്നവരെ സ്വീകരിക്കുവാൻ തക്ക തുറന്ന മനസ്ഥിതി എന്നും സമൂഹത്തിനു ആയിട്ടില്ല എന്നത് ഒരു വാസ്തവമാണ്. എന്നാൽ എല്ലാവരുടെയും അവസ്ഥ അങ്ങനെയല്ല. ചുരുക്കം ചിലർക്കെങ്കിലും എതിരാനുഭവങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇതു വേറെ ചില പ്രതിസന്ധികൾക്കും കാരണമാകുന്നുണ്ട് എന്ന് കൂടി ഓർക്കണം. പലപ്പോഴും സമൂഹം തങ്ങളെ അംഗീകരിക്കില്ല എന്ന തോന്നൽ സന്യാസ ജീവിതത്തിലെ കുറ്റങ്ങളും കുറവുകളും പെരുപ്പിച്ചു കാണിക്കുന്നതിന് തിരികെ എത്തുന്നവരെ പ്രേരിപ്പിക്കുന്നു. അവിടുത്തെ ജീവിതത്തെ, ഭീകരമായി ചിത്രീകരിച്ചാൽ ഒരു പക്ഷേ സമൂഹത്തിൽ തങ്ങൾക്കു കൂടുതൽ അംഗീകാരം ലഭിക്കും എന്ന ചിന്ത മഠത്തിൽ നിന്ന് തിരിച്ചെത്തുന്നവർ കൂടുതൽ അപഖ്യാതികൾ പരത്തുന്നതിനു  കാരണമാകുന്നുണ്ടോ എന്നതും ചിന്തിക്കേണ്ട വസ്തുതയാണ്.

സന്യാസത്തെ വിലയിരുത്തുമ്പോൾ സമൂഹം കുറച്ചുകൂടെ പാക്വത കാണിക്കണം എന്ന അഭിപ്രായമാണ് അഡ്വ. സിനിമോൾക്കുള്ളത്. അത് ശരി തന്നെയാണ്. കാരണം നാലോ അഞ്ചോ ആളുകൾ കൂടുന്ന ഒരു വീട്ടിൽ എത്രയോ അഭിപ്രായ വ്യത്യാസങ്ങളും ബഹളങ്ങളും ഒക്കെ ഉണ്ടാകുന്നു. സ്വന്തം രക്തത്തിൽ ഉള്ളവർക്കിടയിൽ തന്നെ ഇത്രയേറെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പലയിടത്തു നിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നും കുടുംബങ്ങളിൽ നിന്നും എത്തുന്ന വ്യത്യസ്തരായ ആളുകൾക്കിടയിൽ ആശയപരമായ വ്യത്യാസങ്ങൾ ഉണ്ടാകരുത് എന്ന് ശഠിക്കുവാൻ ആർക്കു കഴിയും. അവരും മനുഷ്യരല്ലേ? അതിനാൽ തന്നെ ചെറിയ പ്രശ്നങ്ങൾ അത് വലുതാകുന്നതിനു മുൻപ് സംസാരിച്ചു പരിഹാരങ്ങൾ കാണുകയാണ് വേണ്ടത്. ആ പേരിൽ മാധ്യമങ്ങൾ നടത്തുന്ന അന്വേഷണങ്ങളിൽ എത്രത്തോളം സത്യം ഒളിഞ്ഞിരിക്കുന്നു എന്നതും ചിന്തിക്കുക ആവശ്യമാണ്.

അത് തന്നെയുമല്ല ഏകദേശം പതിനഞ്ചു പതിനാറു വയസിലാണ് ഒരു കുട്ടി സന്യാസ ജീവിതത്തിലേയ്ക്ക് കടന്നു വരുന്നത്. അതായത് ഒരു കുട്ടി എന്ന നിലയിൽ നിന്നും മാറി സ്വയം ചിന്തിക്കുവാനും തീരുമാനങ്ങൾ എടുക്കുവാനും കഴിയുന്ന പ്രായം. ഒരാളുടെ ജീവിതത്തിലെ വ്യക്തിത്വ രൂപീകരണം ഏറെക്കുറെ പൂർത്തിയായതിനു ശേഷം ആണ് മഠത്തിലെത്തുന്നത്. പിന്നീടുള്ള സന്യാസ പരിശീലനത്തിന് ആ വ്യക്തിയുടെ വ്യക്തിത്വ രൂപീകരണത്തിൽ തിരുത്തലുകൾ നൽകുക എന്ന ഒരു ദൗത്യം മാത്രമാണ് ഉള്ളത്. അതിനാൽ തന്നെ കുടുംബത്തിൽ നിന്ന് ലഭിച്ച പരിശീലനത്തിന്റെ പ്രത്യേകതകളും ഇന്നത്തെ സന്യാസത്തെയും കുടുംബ ജീവിതത്തെയും വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്നതും കാലഘട്ടം ഓർമ്മയിൽ സൂക്ഷിക്കേണ്ട ഒരു വസ്തുതയാണ്. കുടുംബജീവിതങ്ങൾ പോലും ഇന്ന് ഒരു മാറ്റത്തിന്റെ പാതയിലാണ്. അത്തരം കുടുംബങ്ങളിൽ നിന്ന് വരുന്ന ആളുകൾ ഒത്തുചേരുന്നിടത്ത് ഉണ്ടാകുന്ന  പ്രശ്നങ്ങളെയും പ്രതിസന്ധികളെയും ആ ഒരു വിശാലതയോടെ കാണാൻ സമൂഹത്തിനും കഴിയണം.

തുടർജീവിതത്തിലും തുണയായി സന്യാസ ജീവിതചര്യകൾ 

സന്യാസം ഉപേക്ഷിച്ചു എങ്കിലും ആ ജീവിതം സിനിമോൾക്ക് സമ്മാനിച്ചത് ഒരു ജീവിതകാലം മുഴുവൻ ശോഭനമാക്കുവാൻ സഹായിക്കുന്ന അനുഭവങ്ങൾ ആയിരുന്നു. കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ചപ്പോഴും സന്യാസ ജീവിതത്തിലെ ചിട്ടകളും ശീലങ്ങളും ഏറെ സഹായകമായി എന്ന് സിനിമോൾ പറയുന്നു. കുട്ടികളെ ചിട്ടയിൽ വളർത്തുന്നതിനും കുടുംബജീവിതം മുന്നോട്ട് നയിക്കുന്നതിനും ഒക്കെ അവിടെ നിന്ന് ലഭിച്ച ആ ഒരു പോസിറ്റീവ് എനർജി പ്രയോജനകരമായിരുന്നു. കൂടാതെ പ്രതിസന്ധികളിൽ ദൈവത്തിൽ ആശ്രയിക്കുവാൻ, ശക്തി പകരുവാൻ ഒരു ദൈവമുണ്ടെന്ന വിശ്വാസത്തിൽ ഒക്കെ വളരുവാൻ സഹായിച്ചത് മഠത്തിലെ ജീവിതമാണ്. കാരണം അത്യാവശ്യം കമ്മ്യൂണിസ്റ് പശ്ചാത്തലം ഉള്ള ഒരു സാദാ കുടുംബത്തിൽ നിന്നാണ് സിനി മഠത്തിലേയ്ക്ക് വന്നത്. ഇടക്കിടെയുള്ള പള്ളിയിൽ പോക്കിനപ്പുറം കാര്യമായ വിശ്വാസം ഒന്നും ഇല്ലാതിരുന്ന സിനിക്ക് ദൈവത്തിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്തു പകർന്നതസന്യാസജീവിതമാണ്.

മഠത്തിൽ നിന്നും വന്നെങ്കിലും അവരുമായുള്ള സൗഹൃദത്തിൽ നിന്നുള്ള വിട്ടുപോരൽ ആയിരുന്നില്ല അത്. “ഇന്നും എല്ലാവരുമായും നല്ല സൗഹൃദം പുലർത്തുന്ന എന്നെ അവരുടെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ കരുതുന്നത്,” സിനി പറഞ്ഞു നിർത്തി.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ