സീറോമലബാര്‍: ഫെബ്രുവരി 2: ലൂക്കാ 2: 22-38 നമ്മുടെ കര്‍ത്താവിന്റെ ദൈവാലയ പ്രവേശനം

ഈശോയുടെ ജനനത്തിനുശേഷം 40-ാം നാള്‍ ഈശോയേയും കൊണ്ട് പരിശുദ്ധ അമ്മയും മാര്‍ യൗസേപ്പുപിതാവും ജറുസലേം ദൈവാലയത്തില്‍ പ്രവേശിച്ച്, ഈശോയെ കാഴ്ചവച്ച്, നിയമപ്രകാരമുള്ള കാഴ്ചകള്‍ സമര്‍പ്പിച്ച് ശുദ്ധീകരണത്തെ സംബന്ധിച്ച് അക്കാലത്തുണ്ടായിരുന്ന നിയമം പൂര്‍ത്തിയാക്കുന്ന സംഭവമാണ് ഇന്നത്തെ തിരുനാളില്‍ അനുസ്മരിക്കുന്നത് (ലൂക്കാ 2). ഈശോയ്‌ക്കോ പരി. കന്യകാമറിയത്തിനോ, നിയമാചരണം വഴിയുള്ള ഒരു ശുദ്ധീകരണം ആവശ്യമുണ്ടായിരുന്നില്ല. എന്നാല്‍ എളിമയുടെയും വിനയത്തിന്റെയും ഉദാത്ത മാതൃകയായി സാക്ഷ്യമേകുന്ന തിരുക്കുടുംബത്തെ നമുക്ക് ഇവിടെ ദര്‍ശിക്കാം. കൃതജ്ഞത നിറഞ്ഞ ഹൃദയത്തോടെ ഈശോയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്ന തിരുക്കുടുംബം. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ് ഇവിടെ സംഭവിക്കുന്നത് (മലാക്കി അദ്ധ്യായം 3). ‘നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍ തന്നെ തന്റെ ആലയത്തിലേയ്ക്കുവരും’. പ്രവാചകനായ ശിമയോന്റെ ഈശോയെക്കുറിച്ചുള്ള സാക്ഷ്യം ശ്രദ്ധേയമാണ്. ‘വിജാതിയര്‍ക്കു വെളിപാടിന്റെ പ്രകാശവും അവിടുത്തെ ജനമായ ഇസ്രായേലിന്റെ മഹിമയും ആണ് മിശിഹാ ‘ : രക്ഷകനും സമാശ്വാസകനും ആയി അയയ്ക്കപ്പെട്ടിരിക്കുവനാണ് മിശിഹാ. അവനെ സ്വീകരിക്കുവര്‍ പ്രകാശത്തില്‍ വസിക്കും, രക്ഷ കണ്ടെത്തും. നിയമാനുഷ്ഠാനത്തിന്റെ പ്രാധാന്യം, എളിമയുടെ മഹനീയ മാതൃക, രക്ഷകനെ തിരിച്ചറിഞ്ഞ് കൈകളില്‍ ഏറ്റുവാങ്ങി സ്വന്തമാക്കുന്നതിന്റെ ഉദാത്ത മാതൃക ഇവയെല്ലാം ഈ തിരുനാള്‍ നമ്മുടെ മുന്‍പാകെ അവതരിപ്പിക്കുന്നു. ഒപ്പം ദൈവം നല്കുന്ന കുഞ്ഞുങ്ങളെ ദൈവാലയ കേന്ദ്രീകൃതരായി, വളര്‍ത്തേണ്ട മാതാപിതാക്കളുടെ ഉത്തരവാദിത്വവും നമുക്ക് വിചിന്തനവിഷയമാക്കാം.

ഡോ. ബിനോയി അമ്പഴത്തിനാല്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.