ചാരത്തിൽ നിന്നും പുനർനിർമ്മിച്ച ഒരു അമേരിക്കൻ ബസലിക്ക

വെർജീനിയയിലെ നോർഫോക്കിലുള്ള സെന്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ എന്ന ബസലിക്ക പള്ളി അമേരിക്കയിലെ ഒരേയൊരു കറുത്ത വർഗക്കാരുടെ പള്ളിയാണ്, ഒപ്പം ഒരു ബസലിക്കയും. 1791 ൽ സെന്റ് പാട്രിക്സ് പാരിഷ് എന്ന പേരിൽ സ്ഥാപിതമായ റിച്ച്മണ്ട് രൂപതയിലെ ഏറ്റവും പഴക്കം ചെന്ന കത്തോലിക്കാ ഇടവകയാണ് ഇത്.

ഈ ഇടവകയുടെ ചരിത്രം അനുസരിച്ച്, 1794 കാലഘട്ടത്തിൽ എല്ലാ പശ്ചാത്തലങ്ങളിൽ നിന്നുമുള്ള കത്തോലിക്കർ ഒരുമിച്ച് ഈ പള്ളിയിൽ പ്രാർത്ഥിക്കാനായി ഒരുമിച്ചിരുന്നു. അയർലൻഡിൽ നിന്നുള്ളവർ, ജർമ്മൻ കുടിയേറ്റക്കാർ, കറുത്ത വർഗക്കാർ, അടിമകളായവർ എന്നിവർ അതിൽ ഉൾപ്പെടും. എന്നാൽ  1850 -ഓടെ കുടിയേറ്റ പശ്ചാത്തലത്തിൽ വന്ന മാറ്റങ്ങൾ സ്ഥിതി വഷളാക്കി.

കത്തോലിക്കാ വിരുദ്ധതയും വിവേചനവും ഭീഷണികളും വംശീയ വിരുദ്ധ പ്രവര്‍ത്തനങ്ങളും മൂലം സമാധാന അന്തരീക്ഷം നഷ്ട്ടപ്പെട്ടു. പള്ളിയിൽ ആരാധന നടത്തുന്ന കത്തോലിക്കരെ ഭീഷണിപ്പെടുത്തുന്നത് തടയാൻ പോലീസ് സംരക്ഷണം ആവശ്യമാണെന്ന് ഫാദര്‍ മാത്യു ഓ കീഫ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഭീഷണികൾക്കിടയിലും ഈ വൈദികന്‍ ജനങ്ങളെ ഒന്നിച്ച് നിർത്തുവാന്‍ പരിശ്രമിക്കുകയായിരുന്നു.

എന്നാല്‍, എല്ലാ ശ്രമങ്ങളും വിഫലമായി.1856-ൽ പള്ളി കെട്ടിടം കത്തി നശിച്ചു. മൂന്ന് മതിലുകളും ഒരു ക്രൂശിതരൂപവും മാത്രം അവശേഷിച്ചു. സംഭവത്തിനു നടന്നിട്ടു 150 വർഷത്തിലേറെയായെങ്കിലും, ആരാണ് ഇതിന്റെ പിന്നിലെന്നോ എന്താണ് കാരണമെന്നോ ഇപ്പോഴും വ്യക്തമല്ല. തീപിടിത്തത്തിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ ഒരു പുതിയ പള്ളി പണിതു. അത് ഇന്നും നിലനിൽക്കുന്നു.

1991 – ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 200 വർഷം പഴക്കമുള്ള ഈ പള്ളിയെ ഒരു ബസിലിക്കയായി ഉയർത്തി. ആയിരക്കണക്കിന് ആളുകൾക്ക് സഹായം നൽകുന്ന ഇടമായി ഇന്ന് ഈ ബസലിക്ക മാറിയിരിക്കുന്നു. ഭക്ഷ്യസഹായം ഉൾപ്പെടെയുള്ള സഹായങ്ങൾ ഇവിടെയുള്ള കുടുംബങ്ങള്‍ക്കായി ഈ ബസലിക്കയില്‍ നിന്നും നൽകിപ്പോരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.