റേച്ചല്‍ ജീവിച്ചു, മദര്‍ തെരേസ പറഞ്ഞത് പോലെ; നല്ല ഗ്ലാമറായി

റേച്ചല്‍ ലാപൈറെ.  പ്രശസ്തയായ മോഡല്‍. അതിലുപരി മോഡലിംഗ് എജന്‍സി ഉടമ. വളരെ കാലം മുമ്പ് നേഴ്സ് ആയും ജോലി നോക്കിയിരുന്നു. പക്ഷേ അവര്‍ക്ക് ഒരാളോട് ആരാധന ഉണ്ടായിരുന്നു. ഭ്രാന്തമായ ആരാധന. ആരോട് എന്നല്ലേ? അമ്മയോട്! അമ്മ എന്ന് പറയുമ്പോള്‍ അവരുടെ സ്വന്തം അമ്മ അല്ല കേട്ടോ. ലോകം അമ്മേ എന്ന് വിളിച്ചു ബഹുമാനിച്ച സ്ത്രീയോട്, സാക്ഷാല്‍ മദര്‍ തെരേസയോട്!

ആളുകളെ സഹായിക്കാന്‍ റേച്ചലിന്  പണ്ടേ വലിയ താല്‍പര്യമായിരുന്നു. 2013-ല്‍ കാനേഡിയന്‍ ലോട്ടറി അടിച്ച് ഒരു മില്യണ്‍ ഡോളര്‍ ലഭിച്ചപ്പോള്‍ അവര്‍ പിന്നെ തിരിച്ചു ചിന്തിച്ചില്ല. തന്റെ ആഗ്രഹങ്ങള്‍ക്ക് പകിട്ട് നല്‍കാന്‍ ആരംഭിച്ചു.

സുന്ദരിക്കുട്ടി

1980- തുകളുടെ തുടക്കത്തിലാണ്‌ റേച്ചല്‍ മോഡലിംഗ് സ്കൂളില്‍ ചേരുന്നത്. മിസ്‌ ക്യുബെക് പട്ടം നേടുക എന്നതായിരുന്നു ക്യുബെക്കകാരിയായ റേച്ചലിന്റെ ലക്ഷ്യം. “മോഡലിംഗ് നല്ല ഉയരമുള്ള, വെളുത്ത നിറമുള്ള, നീല കണ്ണുകളുള്ള സുന്ദരികള്‍ക്ക് പറഞ്ഞിട്ടുള്ളതാണെന്ന് ഞാന്‍ വിചാരിച്ചിരുന്നു. ഞാന്‍ പൊക്കം കുറഞ്ഞ ഇരുണ്ട സ്ത്രീയായിരുന്നു,” ബി. ബി. സി-ക്ക് കൊടുത്ത ഇന്റര്‍വ്യൂവില്‍ ഒരിക്കല്‍ അവര്‍ പറഞ്ഞു. പക്ഷേ അവരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞ ആ ആഗ്രഹത്തില്‍ നിന്ന് ഒരു തിരിച്ചുപോക്ക് ഇല്ലായിരുന്നു. 1982-ല്‍ 21-ാം വയസ്സില്‍ പട്ടം സ്വന്തമാക്കി. പിന്നെയുള്ള വര്‍ഷങ്ങളില്‍ കാനഡയിലേക്കുള്ള യാത്രകള്‍. കരിയറിലുണ്ടായ ഉയര്‍ച്ച സ്വന്തമായി ഒരു മോഡലിംഗ് സ്കൂള്‍ എന്ന ആഗ്രഹത്തിലേക്ക് എത്തിച്ചു. ലോകത്തിന്റെ സീമകള്‍ കടക്കാന്‍ ആഗ്രഹിക്കുന്ന യുവതികളെ അവരുടെ സ്വപ്ന സാക്ഷാത്കാരത്തില്‍ എത്തിക്കുക എന്നതായിരുന്നു സ്ഥാപനത്തിന്റെ ഉദ്ദേശം.

മദര്‍ തെരേസയെയും  ഗാന്ധിയെയും സ്നേഹിച്ച കാനഡക്കാരി

“നിങ്ങള്‍ എത്ര ചെയ്യുന്നു എന്നതിലല്ല, നിങ്ങള്‍ ആ  കര്‍മ്മം ചെയ്യാന്‍ എത്ര സ്നേഹം നിക്ഷേപിക്കുന്നു എന്നതാണ് പ്രധാനം,” എന്ന മദര്‍ തെരേസയുടെ വാക്കുകള്‍ റേച്ചല്‍ എന്നും ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരുന്നു. മദറിനെയും അവരുടെ ജീവിതത്തെയും ഒക്കെ മാതൃകയാക്കാന്‍ ആഗ്രഹിച്ച റേച്ചല്‍  തുടക്കം മുതലേ ആളുകളെ സഹായിക്കാനും സ്നേഹിക്കാനും സമയം കണ്ടെത്തിയിരുന്നു.

ഏറെ ദരിദ്രമായ ചുറ്റുപാടുകളില്‍ ജീവിച്ചു വളര്‍ന്ന അവര്‍ക്ക് വേദനയും ദുരിതങ്ങളും ഒന്നും ഒരു പുതിയ കാര്യം ആയിരുന്നില്ല. ബുദ്ധിമുട്ടുകള്‍ കണ്ടു വളര്‍ന്നതിനാല്‍ തന്നെ അവര്‍ക്ക് അതിന്റെ വ്യാപ്തിയും അറിയാമായിരുന്നു. നമ്മള്‍ ഓരോരുത്തരുടെയും ഭാഗത്ത് നിന്നുള്ള ചെറിയ സംഭാവനകള്‍ ഈ ലോകത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുമെന്ന് അവര്‍ ഉറച്ചു വിശ്വസിച്ചു.  മദറിനോട് ഉള്ള സ്നേഹം റേച്ചലിനെ കല്‍ക്കത്തയില്‍ എത്തിച്ചു.

ഇന്ത്യയെ അറിഞ്ഞവര്‍ ആരും ലോകം കണ്ട ഇന്ത്യയുടെ രാഷ്ട്രപിതാവിനെ വിസ്മരിച്ചിട്ടില്ല. ഗാന്ധിയില്‍ ഉള്ള റേച്ചലിന്റെ ആരാധന തുടങ്ങുന്നത് അവിടെ നിന്നാണ്. “നിങ്ങളുടെ ലോകത്തിൽ നിങ്ങൾക്കാവശ്യമായ മാറ്റമുണ്ടാക്കുക,” എന്ന ഗാന്ധിയുടെ വാക്കുകള്‍ അവരെ വല്ലാതെ സ്വാധീനിച്ചു അങ്ങനെ അവര്‍ അവര്‍ക്ക് ആവശ്യമായ മാറ്റം കൊണ്ട് വന്നു. നന്‍മയുടെയും സ്നേഹത്തിന്‍റെയും മാറ്റങ്ങള്‍!

ജീവിതത്തിന്റെ അര്‍ഥം തേടി

ആളുകളെ സഹായിക്കുക എന്ന ആഗ്രഹം റേച്ചലിന്റെ മനസില്‍ എന്നും ഉണ്ടായിരുന്നു. തന്റെ സ്വപ്നമായ സുന്ദരിപ്പട്ടവും ഒക്കെ ലഭിച്ചപ്പോള്‍ ഇനി എന്ത് കൊണ്ട് അത് ആയിക്കൂടാ എന്ന ചോദ്യം അവര്‍ക്ക് മുമ്പില്‍ ഉദിച്ചു. അങ്ങനെ കുറച്ച് നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ സ്ഥാപനം നിര്‍ത്തിയിട്ട്, തന്റെ പൂര്‍ണ സമയവും ആളുകളെ സഹായിക്കാന്‍ വിനിയോഗിക്കാം എന്ന് തീരുമാനിച്ചു. അങ്ങനെയാണ് നാല് കുട്ടികളെ വളര്‍ത്തുന്നതിനു തന്റെ സമയം മാറ്റി വെച്ചത്.

അത് പിന്നീട് ആതുര സേവന രംഗത്തേക്ക് കടന്നു.  അങ്ങനെ അവര്‍ രോഗികളെ ശുശ്രൂഷിക്കാനും ഒക്കെ ആരംഭിച്ചു. പിന്നെ വിവിധ സംഘടനകള്‍ക്കൊപ്പം ഇന്ത്യയിലും ഹെയ്തിയിലുമൊക്കെയുള്ള പ്രവര്‍ത്തനങ്ങള്‍.

ഭാഗ്യം വന്നപ്പോള്‍ നന്മ മറന്നില്ല

2013- ല്‍ ഒരു മില്യണ്‍ ഡോളറിന്റെ ലോട്ടറി അടിച്ചപ്പോള്‍ റേച്ചല്‍ എല്ലാവരെയും പോലെ സന്തോഷിച്ചു. പക്ഷേ ആ സന്തോഷം ഈ പണം കൊണ്ട് മാളിക പണിയാനോ വിനോദ യാത്രകള്‍ നടത്താനോ ആയിരുന്നില്ല. വളരെ നാളായി ഉള്ള തന്റെ ആഗ്രഹം നിറവേറ്റാന്‍. ലോകത്തിന് നന്മ ചെയ്യാനായി ഒരു സ്ഥാപനം. അങ്ങനെ അവര്‍ ലെ ബുക്ക്‌ ഹുമിനിറ്റെരേ എന്ന ഒരു സംഘടനയ്ക്ക് തുടക്കമിട്ടു. ഇതുവഴി  സഹായങ്ങള്‍ ആവശ്യമുള്ള ആളുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ കഴിയുന്ന സമൂഹമാധ്യമങ്ങളുടെ ഒരു ശൃംഘലയും അവര്‍ ആരംഭിച്ചു. അഭയാര്‍ഥി കുടുംബങ്ങള്‍ക്ക് വേണ്ട സഹായം നല്‍കുക, ആവശ്യക്കാര്‍ക്ക് വീടുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കുക. കുട്ടികള്‍ക്കായി കളിപ്പാട്ടങ്ങള്‍ ശേഖരിക്കുക, അസുഖ ബാധിതര്‍ക്ക് വൈദ്യസഹായം എത്തിക്കുക എന്നിവയാണ് സംഘടനയുടെ ചില പ്രവര്‍ത്തനങ്ങള്‍.

തന്റെ മനസ്സ് തന്നോട് ആവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്തു. പൂര്‍ണ്ണ ഹൃദയത്തോടെയാണ് താന്‍ ഈ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന് റേച്ചല്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.