പുനർഗേഹം – പുനർചിന്ത അനിവാര്യമോ?

കേരള തീരത്ത് വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ആളുകളെ പുനരധിവസിപ്പിക്കുന്നതിന് രൂപീകരിച്ച പദ്ധതിയാണ് പുനർഗേഹം. 2020 ജനുവരി ഏഴിന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ (മത്സ്യബന്ധന വകുപ്പ്) 13/2020 ഉത്തരവുപ്രകാരം മൂന്ന് ഘട്ടങ്ങളായി പൂർത്തീകരിക്കുന്ന ഈ പദ്ധതിയിലൂടെ ആദ്യഘട്ടത്തിൽ 8487 കുടുംബങ്ങളെയും രണ്ടും മൂന്നും ഘട്ടങ്ങളിൽ 5099 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. 2019 മുതൽ 2021 വരെയുള്ള കാലയളവിലാണ് ഉത്തരവുപ്രകാരം പദ്ധതി നടപ്പാക്കുന്നത്.

സുരക്ഷിതമായ വീട്

കടൽക്ഷോഭത്തിൽ നിന്ന് ശാശ്വതമായ പരിഹാരം എന്ന നിലയിൽ സുരക്ഷിതമായ വീട് ഈ പദ്ധതി സ്വീകരിക്കുന്നവർക്ക് സ്വായത്തമാക്കാം. പദ്ധതിയുടെ ഗുണഭോക്താവ് ആകണമെങ്കിൽ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുള്ളിൽ അപേക്ഷകന് സ്വന്തമായി വീട് ഉണ്ടാകണം. ഈ പദ്ധതി പ്രകാരം പുതിയ വീട് നിർമ്മിക്കുന്നതോടുകൂടി പഴയ ഭൂമി പരിത്യജിക്കണം. അതേസമയം അഞ്ചു സെന്റിന് മുകളിൽ ഭൂമി ഉണ്ടെങ്കിൽ നിബന്ധനകൾക്ക് വിധേയമായി സ്ഥലം കൃഷി ചെയ്യാൻ ഉപയോഗിക്കാം; നിർമ്മാണങ്ങൾ അനുവദനീയമല്ല. വീടു കൂടാതെ ഫ്ലാറ്റ് സമുച്ചയങ്ങളുടെ കാര്യവും പരിഗണിക്കാവുന്നതാണ് എന്ന കാര്യവും ഉത്തരവിലുണ്ട്. മാറി താമസിക്കാൻ തയ്യാറാവുന്ന ഗുണഭോക്താവിന് ഭൂമി വാങ്ങാനും ഭവന നിർമ്മാണത്തിനുംകൂടി പരമാവധി പത്ത് ലക്ഷം രൂപയുടെ സഹായം ലഭിക്കും. സ്ഥലത്തിൻറെ വില, രജിസ്ട്രേഷൻ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, എഴുത്തു കൂലി എന്നിവ ഉൾപ്പെടെ ആറ് ലക്ഷം രൂപയും ഭവന നിർമാണത്തിനായി നാല് ലക്ഷം രൂപയും അടക്കം പരമാവധി 10 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. ഗുണഭോക്താക്കൾ നിലവിലുള്ള കെട്ടിടം സ്വന്തം നിലയിൽ പൊളിച്ച് മാറ്റേണ്ടതും വസ്തു റിലിങ്ക്വിഷ് ചെയ്യേണ്ടതുമാണ് എന്നും ഉത്തരവിൽ പറയുന്നു. ഗുണഭോക്താക്കൾ പരിത്യജിച്ച ഭൂമിയിൽ സർക്കാർ അനുയോജ്യമായ മരങ്ങൾ വച്ചുപിടിപ്പിച്ച് ഹരിത കവചം ഉണ്ടാക്കും.

പുനരാലോചന വേണ്ടതെവിടെ ?

ഒറ്റനോട്ടത്തിൽ സ്വീകാര്യമായ പദ്ധതിയിൽ പുനരാലോചനകൾ ആവശ്യമാണ് എന്ന് പുനർ വായനയിൽ ബോധ്യമാകും.

1. പത്തുലക്ഷം രൂപ തീരെ അപര്യാപ്തമായ തുകയാണ്. തീരനിയന്ത്രണ വിജ്ഞാപന പരിധിക്ക് പുറത്ത് നിർമ്മാണ യോഗ്യമായ ഭൂമി കണ്ടെത്തി ഈ തുകയ്ക്ക് വീടും പുരയിടവും ഉണ്ടാക്കിയെടുക്കുക ഭൂരിഭാഗം സ്ഥലങ്ങളിലും അസാധ്യം.

2. പരിത്യജിക്കുന്ന ഭൂമി സംബന്ധിച്ച് നൽകേണ്ട സത്യവാങ്മൂലത്തിൽ സറണ്ടർ ചെയ്യുന്നു എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. പരിത്യജിക്കൽ, റിലിങ്ക്വിഷ്, സറണ്ടർ എന്നീ മൂന്നു പദങ്ങളാണ് മൂന്നു സ്ഥലങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്. അതിനർത്ഥം ഭൂമി പൂർണമായും സർക്കാരിന് നൽകണമെന്ന് തന്നെ.

3. അഞ്ചു സെൻറിന് മുകളിലുള്ളവർക്ക് നിബന്ധനകൾക്ക് വിധേയമായി കൃഷി ചെയ്യാനുള്ള അവസരം നൽകുന്നു എന്നതും അതിനു താഴെ ഭൂമിയുള്ളവർക്ക് ആ അവസരം ഇല്ല എന്നതും ഒരേ പ്രദേശത്തു താമസിക്കുന്നവരെ വസ്തു ഉടമസ്ഥതയുടെ പേരിൽ വേർതിരിച്ച് കാണുന്നു എന്ന ആക്ഷേപത്തിന് കാരണമാകുന്നു.

4. തീര നിയന്ത്രണ വിജ്ഞാപനം 2019 പ്രകാരം തദ്ദേശവാസികൾക്ക് അവരുടെ വീടുകൾ നിബന്ധനകൾക്ക് വിധേയമായി പുതുക്കിപണിയാം, NDZ -ന് പുറത്തുളള CRZ പ്രദേശത്ത് ഹോംസ്റ്റേകൾ നടത്താം. എന്നാൽ ഇത്തരത്തിൽ പരിത്യജിക്കുന്നതോടുകൂടി അതിനുള്ള അവസരം ഇല്ലാതാകും.

5. പത്ത് ലക്ഷം രൂപയ്ക്ക് അഞ്ച് സെൻറ് വരെയുള്ള ഭൂമി സർക്കാരിന് സ്വന്തമാകുന്നു. അഞ്ചു സെൻറിന് മുകളിലുള്ള ഭൂമിയും കൃഷി ചെയ്യാൻ നൽകുമെന്ന നിബന്ധനകൾക്ക് വിധേയമായി സ്വന്തമാകുന്നു. ഭാവിയിൽ ഈ ഭൂമി യാതൊരു ഘട്ടത്തിലും സർക്കാർ സ്വകാര്യ ഏജൻസികൾക്കോ മറ്റ് പദ്ധതികൾക്കോ കൈമാറ്റം ചെയ്യുകയില്ല എന്ന് വ്യവസ്ഥയില്ല.

6. നിർബന്ധിച്ച് ആരെയും പദ്ധതിയിൽ അംഗമാക്കില്ല എന്ന് പറയുകയും അതേ സമയം മാറിതാമസിക്കാൻ വിസമ്മതിക്കുന്നവർക്ക് കടൽ ക്ഷോഭം മൂലം ഭൂമിക്കും വീടിനും ഉണ്ടാവുന്ന നാശനഷ്ടങ്ങൾക്ക് യാതൊരുവിധ സർക്കാർ ധനസഹായത്തിനും അർഹതയുണ്ടാവില്ല എന്നും വ്യവസ്ഥയുണ്ടാക്കി നിർബന്ധപൂർവ്വം മാറുന്നതിന് സാഹചര്യമൊരുക്കുന്നു.

7. ഗുണഭോക്താക്കളുമായി സമവായത്തിലൂടെയാകണം പദ്ധതി നടപ്പാക്കേണ്ടത്. തീരവാസികളെ തീരത്തു നിന്നും മാറ്റിയതു കൊണ്ട് കടൽക്ഷോഭം ഇല്ലാതാകില്ല, തീര സംരക്ഷണ നടപടികളിൽനിന്ന് ഒഴിയാനുമാകില്ല.

അഡ്വ. ഷെറി ജെ. തോമസ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.