ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക അനുവാദപ്രകാരം പൗരോഹിത്യം സ്വീകരിച്ച കാൻസർ ബാധിതനായ വൈദികൻ മരണമടഞ്ഞു

ഫ്രാൻസിസ് പാപ്പയുടെ പ്രത്യേക അനുവാദപ്രകാരം, ആശുപത്രിമുറിയിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ. ലിവിനിയസ് എസോംചി നമാനി മരണമടഞ്ഞു. പെസഹാ വ്യാഴാഴ്ച ആയിരുന്നു കാൻസർ ബാധിതനായിരുന്ന അദ്ദേഹത്തിൻ്റെ പൗരോഹിത്യ സ്വീകരണം. പൗരോഹിത്യം സ്വീകരിച്ച് 23 ദിവസങ്ങൾക്കു ശേഷമാണ് 31 വയസുള്ള ഈ നവവൈദികന്റെ മരണം.

അദ്ദേഹത്തിന്റെ മൃതസംസ്ക്കാരം ഏപ്രിൽ 26-ന് റോമിലെ സാൻ ജിയോവന്നി ലിയോനാർഡി ഇടവകയിൽ വച്ചു നടന്നു. തന്റെ ജീവിതത്തിലെ അവസാന 23 ദിവസങ്ങൾ ആശുപത്രിക്കിടക്കയിൽ വച്ച് വിശുദ്ധ കുർബാന അർപ്പിക്കുവാൻ അദ്ദേഹം ശ്രമിച്ചിരുന്നതായി കൂടെയുള്ള വൈദികർ പറയുന്നു. “അദ്ദേഹത്തിന്റെ ബലിപീഠം ആശുപത്രിക്കിടക്കയായിരുന്നു. അവിടെ അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളിലൂടെ ക്രിസ്തുവിന്റെ കഷ്ടതകളുമായി ഒന്നിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ശക്തവും ദൃശ്യവുമായ രീതിയിൽ അദ്ദേഹം വിശുദ്ധ കുർബാന ജീവിക്കുകയും നവീകരിക്കുകയും ചെയ്തു. ഇത് എല്ലാ പുരോഹിതർക്കും ഒരു മികച്ച പാഠമാണ്. അദ്ദേഹത്തിന്റേത് വളരെ വ്യത്യസ്തമായ ഒരു പൗരോഹിത്യമായിരുന്നു. ഓരോ പുരോഹിതനും ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനമാണ് ഇത്” – ഫാ. ഡേവിഡ് കാർബനാരോ റോം രൂപതയുടെ പത്രമായ റോമാ സെറ്റിനോട് പറഞ്ഞു.

നൈജീരിയയിൽ നിന്നുള്ള ഫാ. ലിവിനിയസ്, കഴിഞ്ഞ രണ്ടു വർഷമായി സെന്റ് തോമസ് അക്വിനാസ് പോന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. കാൻസർ ബാധിതനായി ആരോഗ്യം മോശമായതിനെ തുടർന്ന് അദ്ദേഹം തന്റെ പൗരോഹിത്യം സ്വീകരിക്കേണ്ട ദിവസം നേരത്തെയാക്കണമെന്ന് ആവശ്യപ്പെട്ട് മാർപാപ്പയ്ക്ക് കത്തയച്ചിരുന്നു. അതിനെ തുടർന്ന്, അദ്ദേഹത്തിന്റെ ആവശ്യം അംഗീകരിച്ച് മാർച്ച് 31-ന് മറുപടി വന്നു. അങ്ങനെ തൊട്ടടുത്ത ദിവസമായ പെസഹാ വ്യാഴാഴ്ച ആയിരുന്നു അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണം നടന്നത്.

റോമിലെ സഹായമെത്രാനായിരുന്ന ബിഷപ്പ് ഡാനിയേൽ ലിബനോറി, ഫാ. ലിവിനിയസിന് ഏപ്രിൽ ഒന്നാം തീയതി മെഡിക്ക ഗ്രൂപ്പ് കാസിലിനോ ആശുപത്രിയിൽ വച്ച് പൗരോഹിത്യം നൽകി. ഏപ്രിൽ 23 -ന് ദിവ്യകാരുണ്യം സ്വീകരിച്ച ശേഷമാണ് അദ്ദേഹം മരണമടഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.