വിശുദ്ധ യൗസേപ്പിതാവിന്റെ വർഷത്തെ ധ്യാനാത്മകമാക്കിയ വൈദികൻ

സി. സൗമ്യ DSHJ

365 ദിനങ്ങൾ, 365 വിശുദ്ധ യൗസേപ്പ് ചിന്തകൾ – ഫാ. ജയ്‌സൺ കുന്നേൽ MCBS സംസാരിക്കുന്നു…  

ഫ്രാൻസിസ് പാപ്പാ വി. യൗസേപ്പിതാവിന്റെ വർഷം പ്രഖ്യാപിച്ചത് 2020 ഡിസംബർ എട്ടു മുതലാണ്. അന്നു മുതൽ 2021 ഡിസംബർ എട്ടു വരെ 365 ചിന്തകൾ വി. യൗസേപ്പിനെക്കുറിച്ചുണ്ടാവുക എന്നത് മലയാളത്തിൽ അത്യപൂർവ്വമാണ്. വി. യൗസേപ്പിതാവിനെക്കുറിച്ച് 365 ആശയങ്ങൾ, വളരെ ലളിതമായ ഭാഷയിൽ ഫാ. ജെയ്സൺ കുന്നേൽ എംസിബിഎസ് എഴുതിയിരിക്കുന്നു! ഇതിനൊപ്പം വി. യൗസേപ്പിന്റെ അപൂർവ്വമായ ചിത്രങ്ങളും അച്ചൻ പങ്കുവയ്ക്കുകയുണ്ടായി.

ഒരു വർഷം മുഴുവൻ എഴുതുക എന്ന ആശയത്തിലേക്ക് നയിച്ചത്

“365 ദിവസങ്ങൾ എഴുതുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഒന്നല്ല ഈ ചിന്തകൾ. യൗസേപ്പിതാവിന്റെ വർഷത്തോട് അനുബന്ധിച്ച് എന്തെങ്കിലും എഴുതണമല്ലോ എന്നതായിരുന്നു തുടക്കത്തിലേ ചിന്തിച്ചത്. എല്ലാ ദിവസവും എഴുതാൻ സാധിക്കുമെന്നോ, അത് എത്രമാത്രം മുന്നോട്ട് പോകുമെന്നോ, അതിനുള്ള ആശയങ്ങൾ ലഭിക്കുമെന്നോ എന്നൊന്നും അറിയില്ലായിരുന്നു. പലരോടും അഭിപ്രായം ആരാഞ്ഞപ്പോൾ കിട്ടിയ മറുപടി, ‘ഒരു ഇരുപതു ദിവസം പോലും എഴുതാനുള്ളത് കിട്ടുകയില്ല’ എന്നായിരുന്നു. എന്നാൽ, എഴുതാൻ തുടങ്ങിയപ്പോൾ മുതൽ പ്രോത്സാഹിപ്പിച്ചും സഹായിച്ചും കൂടെ നിന്നവരും അനേകമാണ്.” അച്ചൻ പറഞ്ഞു തുടങ്ങി.

പ്രോത്സാഹിപ്പിച്ചവർ

അനവധി ആളുകൾ പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. പ്രോത്സാഹിപ്പിച്ചവരിൽ പ്രധാനപ്പെട്ട സ്ഥാനം വഹിക്കുന്ന വ്യക്തിയാണ് ഫാ. ജോസഫുകുട്ടി കിഴക്കേപ്പുറം എംസിബിഎസ്. “വി. യൗസേപ്പിതാവിന്റെ ചിന്തകൾ 365 ദിവസം എഴുതണമെന്ന് ആദ്യം പറഞ്ഞത് അദ്ദേഹമാണ്. ജോസഫുകുട്ടി അച്ചൻ യൗസേപ്പിതാവിന്റെ നാമധാരിയും ഒരു വലിയ ഭക്തനും കൂടിയാണ്. അതുകൊണ്ടു തന്നെ യൗസേപ്പിതാവിന്റെ ഒരു പടം കിട്ടിയാലോ, ഒരു ആശയം കിട്ടിയാലോ ഒക്കെ പങ്കുവച്ച് സഹായിക്കുമായിരുന്നു. മാത്രമല്ല, മറ്റു നിരവധി വൈദികരും സുഹൃത്തുക്കളും യൗസേപ്പിതാവിന്റെ ചിത്രങ്ങൾ കിട്ടിയാൽ അയച്ചുതരികയും സഹായിക്കുകയും ചെയ്യുമായിരുന്നു,” ജയ്സൺ അച്ചൻ വെളിപ്പെടുത്തുന്നു. ജോസഫുകുട്ടി അച്ചന്റെ പൗരോഹിത്യ രജത ജൂബിലി വർഷമാണിത്. അദ്ദേഹത്തിനുള്ള ഒരു സമ്മാനമെന്ന നിലയിൽ ഇത് അദ്ദേഹത്തിനു സമർപ്പിക്കാനാണ് ജയ്‌സൺ ആഗ്രഹിക്കുന്നത്..

യൗസേപ്പിതാവിന്റെ നിശബ്ദ സാന്നിധ്യം

യൗസേപ്പിതാവ് ഈ ലോകത്തിൽ ജീവിച്ചപ്പോഴും ഇന്നും, സഭയിൽ നിശബ്ദ സാന്നിധ്യമായി തുടരുന്ന വിശുദ്ധനാണ്. 365 വിഷയങ്ങൾ യൗസേപ്പിതാവിനെക്കുറിച്ച് ഉണ്ടാകുക എന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യം തന്നെയായിരുന്നു. ‘ഇന്ന് എന്ത് എഴുതും’ എന്ന തരത്തിലുള്ള വിഷയദാരിദ്ര്യവും അനുഭവിച്ചിട്ടുണ്ട്. എന്നാൽ, അങ്ങനെയുള്ള അവസരങ്ങളിൽ യൗസേപ്പിതാവ് തന്നെ സഹായിച്ചിട്ടുണ്ട് എന്ന് അച്ചൻ പറയുന്നു. കാരണം, വിഷയദാരിദ്ര്യം ഉള്ളപ്പോൾ എവിടുന്നെങ്കിലുമൊക്കെ അച്ചന് ആശയങ്ങൾ ലഭിക്കാറുണ്ടായിരുന്നു.

ചിലപ്പോൾ ഒരെണ്ണം എഴുതിക്കൊണ്ടിരിക്കുമ്പോളായിരിക്കും മറ്റൊരു ആശയം ലഭിക്കുക. യൗസേപ്പിതാവിനെക്കുറിച്ചുള്ള ചിന്തകൾ എഴുതാവാൻ തുടങ്ങിയ ശേഷം പിന്നെ എന്തുകണ്ടാലും യൗസേപ്പിതാവുമായി ബന്ധപ്പെട്ട് ചിന്തിക്കാൻ തുടങ്ങി. വിവിധ സ്ഥലങ്ങളിലും പള്ളികളിലും പോകുമ്പോൾ മനസിലേക്ക് വേഗം ഓടിയെത്തുന്ന ആശയം യൗസേപ്പിതാവുമായി ബന്ധപ്പെട്ടതായിരുന്നു.

ഒരു ദിവസം ആശുപത്രിൽ, ഡോക്ടറിനെ കാണാനായി ഇരിക്കുമ്പോൾ ‘കൺസൾട്ടിങ് റൂം’ എന്ന് എഴുതിവച്ചിരിക്കുന്നതു കാണാനിടയായി. അപ്പോൾ ആ ആശയത്തെ യൗസേപ്പിതാവുമായി ബന്ധപ്പെടുത്തി എങ്ങനെ അവതരിപ്പിക്കണമെന്ന് മനസ്സിൽ വന്നു. ഇങ്ങനെ പല സ്ഥലങ്ങളും ജീവിതാനുഭവങ്ങളും വ്യക്തികളുമൊക്കെ യൗസേപ്പിതാവുമായി ബന്ധപ്പെടുത്തി ചെറുചിന്തകളായി എഴുതുകയായിരുന്നു.

യൗസേപ്പിതാവിനെക്കുറിച്ച് എഴുതാൻ സാധിക്കാതെ പോയ ദിവസങ്ങൾ

365 ദിവസങ്ങൾ തുടരെ എഴുതിവരുന്നതിനിടെയാണ് എഴുതാൻ സാധിക്കാത്ത രീതിയിൽ കൈകൾക്ക് വേദന വരുന്നത്. ആ ദിവസങ്ങളിൽ എഴുതാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 200 എണ്ണം എഴുതിക്കഴിഞ്ഞപ്പോൾ മുതൽ കൈ കൊണ്ട് എഴുതാൻ സാധിക്കാത്ത തരത്തിൽ വേദന അസഹനീയമായി. ആ വേദനകളെയും സഹനങ്ങളെയും യൗസേപ്പിതാവ് നൽകുന്ന പ്രത്യേക അനുഗ്രഹമായി കണ്ട് മുന്നോട്ട് പോകാൻ സാധിച്ചു. കൈകൾ അനക്കാൻ പോലും സാധിക്കാതെ ആശുപത്രിയിലായ പത്തു ദിവസങ്ങൾ യൗസേപ്പിതാവിനെക്കുറിച്ച് എഴുതിയില്ല. പിന്നീടുള്ള ദിവസങ്ങളിൽ രണ്ടെണ്ണം വച്ച് എഴുതി അത് പൂർത്തിയാക്കുകയായിരുന്നു. ഇപ്പോൾ അച്ചന്റെ കൈയുടെ ഓപ്പറേഷൻ കഴിഞ്ഞു; വേദന കുറഞ്ഞു, സുഖപ്പെട്ടു വരുന്നു.

വ്യത്യസ്ത വിഷയങ്ങളെ, വിശുദ്ധന്മാരെ പരിചയപ്പെടുത്തുന്ന വൈദികൻ

സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ ഫാ. ജെയ്സൺ കുന്നേൽ എംസിബിഎസ് – നെ അറിയാത്തവർ കുറവായിരിക്കും. കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട വ്യത്യസ്ത വിഷയങ്ങൾ, അറിയപ്പെടാത്ത നിരവധി വിശുദ്ധർ എന്നിവരെയൊക്കെ പരിചയപ്പെടുത്താനായി നിരവധി ലേഖനങ്ങൾ മലയാളത്തിൽ എഴുതിയിട്ടുള്ള വൈദികനാണ് ഫാ. ജെയ്‌സൺ കുന്നേൽ; ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുന്നു. അതിനായി പ്രത്യേകം സമയം കണ്ടെത്തി എഴുതാനായി ഇരിക്കുന്ന രീതിയൊന്നും അച്ചനില്ല. യാത്രക്കിടയിലോ, ഒഴിവുസമയങ്ങളിലോ ഒക്കെ കിട്ടുന്ന സമയം നഷ്ടപ്പെടുത്താതെ ഉപയോഗപ്രദമാക്കുകയാണ് അച്ചൻ ചെയ്യാറുള്ളത്. ആഴമായ വായനയും പഠനവും ഇതിന് അച്ചനെ സഹായിക്കുന്നു. ഇപ്പോൾ ജർമ്മനിയിൽ ആയിരിക്കുന്നതു കൊണ്ട് ജർമ്മനിയിലുള്ള വിശുദ്ധരെ കൂടുതൽ പരിചയപ്പെടാനും മലയാളികൾക്ക് പരിചയപ്പെടുത്താനും അച്ചൻ പരിശ്രമിക്കുന്നു.

എഴുത്തിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം

ഗൂഗിൾ എഴുത്തുപകരണങ്ങളെക്കുറിച്ച് മറ്റൊരു വൈദികനിൽ നിന്നുമാണ് ഫാ. ജെയ്സൺ മനസിലാക്കുന്നത്. അന്നുമുതൽ വിരലുകൾ കൊണ്ട് മൊബൈലിൽ എഴുതുന്ന രീതി പിന്തുടരാൻ അച്ചൻ ആരംഭിച്ചു. 2016 -ൽ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ച വേളയിൽ മാർപാപ്പയുടെ പ്രസംഗം വിവർത്തനം ചെയ്താണ് എഴുത്തിൽ തുടക്കമിട്ടത്. പിന്നീട്, പതിയെ എഴുത്തിലേക്ക് കടന്നുവന്നു. ആദ്യകാലങ്ങളിൽ മാർപാപ്പയുടെ ഇന്റർവ്യൂകൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുമായിരുന്നു.

കഴിഞ്ഞ ഒൻപതു വർഷങ്ങളായി ജർമ്മനിയിലാണ് അച്ചൻ. മ്യൂണിക്കിലുള്ള ലുഡ്‌വിക്ക് മാക്‌സിമിലിയൻസ് യൂണിവേഴ്സിറ്റി (LMU) യിൽ നിന്നും സിസ്റ്റമാറ്റിക്ക് തിയോളജിയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട് ഈ വൈദികൻ. ഇപ്പോൾ മ്യൂണിക്ക് അതിരൂപതയിലെ ഒരു ഇടവകയിലാണ് അച്ചൻ ശുശ്രൂഷ ചെയ്യുന്നത്. മുതലക്കോടം ഇടവകക്കാരനാണ് ഫാ. ജെയ്സൺ.

തന്റെ അറിവും കഴിവും പാണ്ഡിത്യവുമെല്ലാം സാധാരണക്കാർക്ക് മനസിലാകുന്ന ഭാഷയിൽ, ലളിതമായി കഴിഞ്ഞ 365 ദിവസങ്ങളായി ഫാ. ജെയ്സൺ പങ്കുവയ്ക്കുകയായിരുന്നു. യൗസേപ്പിതാവിനോടുള്ള ഭക്തിയും സ്നേഹവും ആദരവും ഒക്കെയായിരുന്നു അതിലൂടെ അനേകരിലേക്ക് ഈ വൈദികൻ പകർന്നത്.

യൗസേപ്പിതാവിനായി പ്രത്യേകമാം വിധം സമർപ്പിക്കപ്പെട്ട ഈ വർഷത്തെ തന്റെ എഴുത്തിലൂടെ അനുഗ്രഹീതമാക്കിയ ഫാ. ജെയ്സൺ കുന്നേലിന് ലൈഫ് ഡേയുടെ പ്രാർത്ഥനകളും ആശംസകളും!

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.