പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന പ്രാർത്ഥനകൾ

ജിന്‍സി സന്തോഷ്‌

പ്രശ്നസങ്കീർണമായ ഒരു കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മനുഷ്യന് പരിഹരിക്കാൻ സാധിക്കാത്ത വലിയ പ്രതിസന്ധികളുടെ മുമ്പിൽ അവൻ പകച്ചുനിന്നു പോകുന്നു. “ദൈവം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. എന്നാൽ പ്രാർത്ഥിക്കുന്ന മനുഷ്യൻ ദൈവത്തെ നിയന്ത്രിക്കുന്നു” (വി. ജോൺ ക്രിസോസ്റ്റം).

ശക്തവും വിശ്വാസപൂര്‍ണ്ണവുമായ പ്രാർത്ഥനയിലൂടെ ഒരു വിശ്വാസിക്ക് ദൈവത്തിന്റെ ഹൃദയത്തെ സ്വാധീനിക്കുവാനും അതുവഴി ലോകത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കുവാനും കഴിയുമെന്നത് വിശുദ്ധ വേദപുസ്തകം കൃത്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്‌. “കർത്താവ് ഇസ്രായേൽക്കാർക്ക് അമോര്യരെ ഏല്‍പിച്ചുകൊടുത്ത ദിവസം ജോഷ്വാ അവിടുത്തോട് പ്രാർത്ഥിച്ചു. അവർ ശത്രുക്കളോട് പ്രതികാരം ചെയ്യുംവരെ സൂര്യൻ നിശ്ചലമായി നിന്നു. ചന്ദ്രൻ അനങ്ങിയതുമില്ല. അങ്ങനെ ആകാശമദ്ധ്യത്തിൽ ഒരു ദിവസം മുഴുവൻ സൂര്യൻ അസ്തമിക്കാതെ നിന്നു” (ജോഷ്വാ 10: 13-17).

നമ്മുടെ ദൈവം ഒരു മനുഷ്യന്റെ വാക്ക് കേട്ട് ഇസ്രായേലിനു വേണ്ടി പ്രപഞ്ചഗോളത്തിലെ ഏറ്റവും വലിയ ഗ്രഹങ്ങളായ ചന്ദ്രനെയും സൂര്യനെയും നിശ്ചലമാക്കിയെങ്കിൽ ഈ സൗരയൂഥത്തിലെ ഒരു ചെറിയ ഗ്രഹമായ ഭൂമിയിലെ എല്ലാ ശക്തികളെയും പുതിയ ഇസ്രായേലായ നമുക്കു വേണ്ടി അവിടുന്ന് നിയന്ത്രിക്കുക തന്നെ ചെയ്യും. എത്ര വലിയ പ്രതിസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നതെങ്കിലും നഷ്ടധൈര്യരാകേണ്ട കാര്യമില്ല. ഒന്നു മാത്രമേ നാം ചെയ്യേണ്ടൂ. സ്വന്തം ബുദ്ധിയിൽ ആശ്രയിക്കരുത്. വ്യവസ്ഥകൾ വയ്ക്കാതെ ദൈവത്തിലേക്ക് തിരിയുക. ശക്തി ലഭിക്കുവാനായി തീക്ഷ്ണമായി ദാഹിച്ച് പ്രാർത്ഥിക്കുക. എന്തെന്നാൽ എല്ലാ പ്രശ്നങ്ങൾക്കും ദൈവസന്നിധിയിൽ ഉത്തരമുണ്ട്.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.