രോഗസൗഖ്യത്തിനായി പ്രാര്‍ത്ഥിക്കാം.. ലൂര്‍ദ്ദ്മാതാവിനോടുള്ള ഈ നൊവേനയിലൂടെ

സൗഖ്യദായകനായാണ് ഈശോ അറിയപ്പെടുന്നത്. ഭൂമിയിലായിരുന്നപ്പോള്‍ അവിടുന്ന് അനേകരെ സുഖപ്പെടുത്തുകയുണ്ടായി. നാം എപ്പോഴും ആരോഗ്യത്തോടെയും പൂര്‍ണ്ണസൗഖ്യത്തോടെയും ആയിരിക്കണമെന്നാണ് കര്‍ത്താവ് ആഗ്രഹിക്കുന്നത് എന്നതിന്റെ തെളിവാണത്.

കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ ലൂര്‍ദ്ദ് മാതാവ് വഴിയായും ഈശോ ധാരാളം രോഗസൗഖ്യങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫ്രാന്‍സിലെ ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ പോയി പ്രാര്‍ത്ഥിച്ചവര്‍ മാത്രമല്ല, അകലങ്ങളിലിരുന്ന്, ലൂര്‍ദ്ദ് മാതാവിനോട് മാദ്ധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചവര്‍ക്കും രോഗസൗഖ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ദൈവത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ല എന്നതിന് തെളിവാണ് ഓരോ അത്ഭുതവും. ഇത്തരത്തില്‍ രോഗസൗഖ്യത്തിനായി ലൂര്‍ദ്ദ് മാതാവിനോട് മാദ്ധ്യസ്ഥ്യം യാചിച്ച് ചൊല്ലാവുന്ന ഒരു നൊവേന പ്രാര്‍ത്ഥനയാണ് ചുവടെ ചേര്‍ക്കുന്നത്. രോഗശാന്തിക്കു വേണ്ടി ആഗ്രഹിക്കുന്നവര്‍ക്കായി ഈ നൊവേന ചൊല്ലാം…

‘അനുഗ്രഹീതയും എത്രയും പരിശുദ്ധയുമായ മറിയമേ, അമലോത്ഭവ കന്യകയാണ് താനെന്ന സത്യം വി. ബര്‍ണഡിറ്റിനോട് അങ്ങ് വെളിപ്പെടുത്തിയതിനെയോര്‍ത്ത് അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദിയും സ്തുതിയും അര്‍പ്പിക്കുന്നു. കരുണയുള്ള നാഥേ, പാപികളുടെ സങ്കേതമേ, രോഗികളുടെ ആരോഗ്യമേ, പീഡിതരുടെ ആശ്വാസമേ, ഞങ്ങളുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ആകുലതകളും അങ്ങറിയുന്നല്ലോ. കരുണയോടെ ഞങ്ങളെ നോക്കണമേ.

ആത്മീയവും ശാരീരികവുമായ ആവശ്യങ്ങള്‍ക്ക് ഓടിയണയാനും സൗഖ്യം നേടാനുമുള്ള അഭയകേന്ദ്രമായി ലൂര്‍ദ്ദിനെ അങ്ങ് തിരഞ്ഞെടുത്തതിനെയോര്‍ത്ത് അമ്മേ മാതാവേ, അങ്ങേയ്ക്ക് ഞങ്ങള്‍ നന്ദി പറയുന്നു. അനേകര്‍ അങ്ങയുടെ കരുണയ്ക്ക് പാത്രമാവുകയും ചെയ്തിട്ടുണ്ടല്ലോ. ഇക്കാരണത്താല്‍ ഇപ്പോഴിതാ അങ്ങയുടെ മാതൃസഹായം തേടിക്കൊണ്ട് അങ്ങയുടെ പക്കല്‍ ഞങ്ങള്‍ വന്നണയുന്നു. ഞങ്ങളുടെ ഈ ആവശ്യത്തില്‍ മാതാവേ സഹായം എത്തിക്കണേ.. (ആവശ്യം പറയുക).

അങ്ങ് ഞങ്ങള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങള്‍ക്ക് ഞങ്ങള്‍ അങ്ങയോട് പ്രതിനന്ദിയുള്ളവരായിരുന്നു കൊള്ളാം. ലൂര്‍ദ്ദ് മാതാവേ, ഈശോയുടെ അമ്മേ, അങ്ങയുടെ തിരുക്കുമാരനോട് മാദ്ധ്യസ്ഥ്യം അപേക്ഷിച്ച് ഈ അനുഗ്രഹം അങ്ങ് വാങ്ങിത്തരണമേ. ദൈവഹിതത്തിന് നിരക്കുന്നതെങ്കില്‍ ഈ അനുഗ്രഹം സാധിച്ചു നല്‍കണമേയെന്ന് എത്രയും വിനയത്തോടെ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.