ക്രിസ്തുമസ് ചൈതന്യം നിലനിർത്താം, ഈ പ്രാർത്ഥനയിലൂടെ

ക്രിസ്തുമസ്! ഉണ്ണീശോയുടെ ജനനം ആചരിക്കുന്ന ദിനം. നമ്മുടെ ജീവിതയാത്രയിൽ നമുക്കു മുമ്പിൽ പ്രത്യാശയുടെ ഒരു പുൽക്കൂട് ഉണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ക്രിസ്തുമസ് നൽകുന്നത്. അതിനാൽ തന്നെ ക്രിസ്തുമസിന്റെ ചൈതന്യം നമ്മുടെ ജീവിതത്തിലുടനീളം തുടരേണ്ട ഒന്നാണ്.

ക്രിസ്തുമസിനെ തുടർന്നുള്ള ദിവസങ്ങളിൽ, ഒരു ദിനം അവസാനിപ്പിക്കുന്നതിനു മുന്നോടിയായി പ്രാർത്ഥിക്കുവാൻ സഹായിക്കുന്ന ഒരു പ്രാർത്ഥന ഇതാ…

രക്ഷകന്റെ ഏറ്റവും മാധുര്യമുള്ള അമ്മേ, സ്വർഗ്ഗീയവാതിലേ, സമുദ്രതാരമേ, തകർന്നവരും തളർന്നവരുമായ ഞങ്ങളെ സഹായിക്കണമേ. ദൈവകുമാരന്റെ ജനനത്തിനു മുമ്പും ശേഷവും കന്യകയായി ജീവിച്ച അങ്ങയെ പ്രകൃതി പോലും ഏറ്റവും ബഹുമാനത്തോടെയാണല്ലോ വീക്ഷിക്കുന്നത്. ദൈവദൂതനായ ഗബ്രിയേൽ മാലാഖ പോലും അങ്ങയെ മഹത്വപ്പെടുത്തിയല്ലോ. പരിശുദ്ധ അമ്മേ, വിശുദ്ധി എന്ന പുണ്യം ലഭിക്കുവാൻ ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കണമേ.

ദൈവമേ, മറിയത്തിന്റെ അനുഗ്രഹിക്കപ്പെട്ട കന്യകാത്വത്താൽ മനുഷ്യകുലത്തിന് അങ്ങ് രക്ഷ നൽകിയല്ലോ. പരിശുദ്ധ അമ്മേ, അങ്ങയുടെ പുത്രനായ ഈശോയെ സ്വീകരിക്കുവാനും അനുഭവിക്കുവാനും ഞങ്ങൾക്കായി മാദ്ധ്യസ്ഥ്യം വഹിക്കണമേ, ആമ്മേൻ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.