നിങ്ങളുടെ പ്രാര്‍ത്ഥനാജീവിതം മെച്ചപ്പെടുത്താന്‍ ആഗ്രഹമുണ്ടോ?

ഒരു വ്യക്തിയുടെ പ്രാർത്ഥനാജീവിതം എപ്പോഴും ഒരുപോലെ ആകണമെന്നില്ല. ആത്മീയജീവിതത്തിൽ ഉയർച്ചതാഴ്ച്ചകൾ ഉണ്ടാവുക സാധാരണമാണ്. പ്രാർത്ഥനയിൽ ചിലപ്പോൾ മടുപ്പ് തോന്നാം. പലപ്പോഴും പലർക്കും ഇത്തരം ആത്മീയമായ മരവിപ്പിനെ എങ്ങനെ നേരിടണം എന്നറിയില്ല. ‘പ്രാർത്ഥിക്കാൻ തോന്നുന്നില്ല, അത്ര തന്നെ’ എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പലരും ചെയ്യുന്നത്. എന്നാൽ പ്രാർത്ഥനയിലുള്ള മടുപ്പിനെ മാറ്റുവാനും ദൈവവുമായി സംസാരിക്കുവാനും സഹായിക്കുന്ന ചില മാർഗ്ഗങ്ങൾ ഉണ്ട്.

1. ബൈബിൾ വായിക്കുക

ആത്മീയമായ മടുപ്പ് അകറ്റുന്നതിന് ഏറ്റവും ഉചിതമായ ഒരു മാർഗ്ഗമാണ് വിശുദ്ധ ഗ്രന്ഥം വായിക്കുക എന്നത്. ഇനി മടുത്തിരിക്കുമ്പോൾ ബൈബിൾ വായനയോ എന്നല്ലേ? ഒരുപാട് നേരം വായിക്കണം എന്നല്ല. ഒരു അഞ്ചു മിനിറ്റ്. ശേഷം ബൈബിൾ അടച്ചുവച്ച് വായിച്ച ഭാഗത്തെക്കുറിച്ച് ധ്യാനിക്കുക. വായിച്ച വരികളുടെ അർത്ഥം മനസിലാക്കുവാനും അത് മനസ്സിൽ സൂക്ഷിക്കുവാനും ശ്രമിക്കാം. ഇടയ്ക്കിടെ ആ ബൈബിൾ ഭാഗം ഓർക്കുന്നതും നല്ലതാണ്.

2. വിശുദ്ധരെക്കുറിച്ച് ധ്യാനിക്കുക

വിശുദ്ധരെക്കുറിച്ച് ധ്യാനിക്കുന്നതും ചെറിയ ചെറിയ പ്രാർത്ഥനകൾ ഇടയ്ക്കിടെ ചൊല്ലുന്നതും ആത്മീയമായ ഉണർവ്വ് ലഭിക്കുവാൻ സഹായിക്കും. വിശുദ്ധരുടെ ജീവിതത്തിലെ ചെറിയ ചില സംഭവങ്ങൾ ചിലപ്പോൾ നമ്മെ സ്വാധീനിക്കാം. അത്തരം അവസരങ്ങളിൽ വായന നിർത്തി അതിനെക്കുറിച്ച് ചിന്തിക്കുന്നതും നമ്മുടെ ജീവിതവുമായി താരതമ്യം ചെയ്യുന്നതും നന്നായിരിക്കും.

3. സ്വയംപ്രേരിത പ്രാർത്ഥന നടത്തുക

മനസ് സ്വസ്ഥമാക്കാൻ പറ്റുന്നില്ല എങ്കിൽ ജപമാല കരങ്ങളിലെടുക്കാം. വിരലുകൾക്കിടയിൽ ജപമാലമണികൾ സൂക്ഷിക്കാം. ചെറിയ പ്രാർത്ഥനകൾ വഴി ദൈവവുമായി സംസാരിക്കാൻ ശ്രമിക്കാം. ദൈവവുമായി അടുത്തിരിക്കാൻ ശ്രമിക്കാം. മനസ് തുറന്നുള്ള പ്രാര്‍ത്ഥന കേള്‍ക്കാതിരിക്കാന്‍  ദൈവത്തിനു കഴിയില്ല എന്ന് ഓർക്കുക.

4. ദൈവത്തിനു സമർപ്പിക്കുക

പ്രാർത്ഥിക്കുവാനോ ധ്യാനിക്കുവാനോ ഒട്ടും പറ്റുന്നില്ലായെങ്കിൽ അസ്വസ്ഥമാകരുത്. നമ്മുടെ ഈ അവസ്ഥയെ പൂർണ്ണമായും ദൈവത്തിന് വിട്ടുകൊടുക്കാം. ദൈവമേ, എനിക്ക് പറ്റുന്നില്ല നീ ഇടപെടണമേ എന്നു പ്രാർത്ഥിക്കാം.

5. സ്വയം നിരീക്ഷിക്കുക

നിങ്ങളെത്തന്നെ നിരീക്ഷിക്കുക. നിങ്ങളുടെ കുറവുകൾ, കുറ്റങ്ങൾ, നിസ്സഹായത, ആഗ്രഹം ഇതെല്ലാം കണ്ടെത്തുക. സൂക്ഷ്മമായ ആത്മപരിശോധനയിലൂടെ ദൈവത്തിൽ നിന്ന് അകലാനുണ്ടായ കാരണങ്ങളെ കണ്ടെത്തുവാൻ നമുക്ക് കഴിയും. അവിടെയ്ക്കൊക്കെ ദൈവത്തിന്റെ കരുണ വർഷിക്കാൻ പ്രാർത്ഥിക്കാം.

ഇങ്ങനെ ചെറിയ ചില പ്രവർത്തികളിലൂടെ നഷ്‌ടമായ ആത്മീയതയിലേയ്ക്ക് തിരിച്ചെത്തുവാൻ കഴിയും. പ്രാർത്ഥനയിൽ മടുപ്പ് അല്ലെങ്കില്‍ പ്രാർത്ഥിക്കുവാൻ തോന്നുന്നില്ല എന്നൊക്കെ പറഞ്ഞ് മാറിയിരുന്നാൽ നഷ്ടമായ പ്രാർത്ഥനാനുഭവത്തിലേയ്ക്ക് തിരികെ എത്തുവാൻ നമുക്ക് കഴിയില്ല എന്ന് ഓർക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.