നമുക്കു ചുറ്റുമുള്ള ആളുകളിലെ നന്മ ആഘോഷിക്കാറുണ്ടോ?

ചുറ്റുമുള്ള ലോകത്തെ നാം എങ്ങനെ കാണുന്നു എന്നത് നമ്മുടെ മാനസികാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. നമ്മുടെ നിത്യജീവിതത്തിൽ നാം കണ്ടുമുട്ടുന്ന ആളുകളിലെ നന്മകളെക്കുറിച്ചുള്ള ഒരു അവബോധം വളർത്തിയെടുക്കാനുള്ള വഴികൾ ഇതാ.

നാം നല്ല മാനസികാവസ്ഥയിലാണെങ്കിൽ നമുക്കു ചുറ്റുമുള്ള കാഴ്ചകളെ ആസ്വദിക്കാൻ നമുക്കു സാധിക്കും. നമ്മുടെ കുഞ്ഞുങ്ങളുടെ കളികളും മുറ്റത്തെ മരത്തിലെ ഇലകൾ നിലത്തു വീണുകിടക്കുന്നതുമെല്ലാം നമുക്ക് ഭംഗിയുള്ളതായി തോന്നാം. എന്നിരുന്നാലും, നമ്മൾ മറ്റൊരു മാനസികാവസ്ഥയിലാണെങ്കിൽ മുറ്റത്ത് വീണുകിടക്കുന്ന ഇലകൾ വീടിന്റെ പൂമുഖത്തെ അലങ്കോലപ്പെടുത്തുന്നതായും കുട്ടികളുടെ കളികൾ അങ്ങേയറ്റം അരോചകമായിട്ടും തോന്നാം. എല്ലായ്‌പ്പോഴും എല്ലാം ആസ്വദിക്കാനും എല്ലാത്തിലും സൗന്ദര്യം കണ്ടെത്താനും നമുക്കു സാധിക്കണമെന്നില്ല. എങ്കിലും നമുക്കു ചുറ്റുമുള്ള ആളുകളിലെ നന്മയും സൗന്ദര്യവും നാം കാണാൻ ശ്രമിക്കുന്നത് നമ്മുടെ ജീവിതത്തെ കൂടുതൽ മനോഹരമാക്കും.

സൗന്ദര്യവും നന്മയും എല്ലായിടത്തും എല്ലാവരിലുമുണ്ട്. ആ സൗന്ദര്യം കണ്ടെത്തി അതിനെ നമ്മുടെ മനസ്സിന്റെ മുൻനിരയിലേക്കു കൊണ്ടുവരുമ്പോൾ അത് നമ്മുടെ ആ ദിവസത്തെയും മാനസികാവസ്ഥയെയും ജീവിതാനുഭവത്തെയും മാറ്റാനുതകുന്നതാകുന്നു. നമ്മുടെ കുട്ടികളിലെ നന്മ അന്വേഷിക്കുകയും അത്  സ്ഥിരീകരിക്കുകയും ചെയ്യുന്നതിലൂടെ, അവരുമായുള്ള നമ്മുടെ ബന്ധം ശക്തിപ്പെടുന്നു. അത് പലപ്പോഴും കുട്ടികളുടെ പെരുമാറ്റത്തെ മികച്ചതാക്കി മാറ്റുന്നു. സുഹൃത്തുക്കളിലും അയൽക്കാരിലും പരിചയക്കാരിലും അപരിചിതരിലും നാം സൗന്ദര്യം ആഘോഷിക്കുമ്പോൾ, അത് ദൈനംദിന ജീവിതത്തിൽ വെളിച്ചം നിറയ്ക്കുന്നു.

ചുറ്റുമുള്ളവരിൽ നന്മയുടെ അംശം കണ്ടാൽ അതിനെ അഭിനന്ദിക്കുക. നമ്മുടെ ഇടവക വൈദികൻ ഇടവകയ്‌ക്കായി എന്തെങ്കിലും നല്ല കാര്യം ചെയ്യാൻ ശ്രമിക്കുമ്പോൾ ശ്രദ്ധിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുക. നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇടവകയിലെ അംഗത്തെ പരിചയപ്പെടുക. കുർബാനയ്ക്കുശേഷം അൾത്താര ശുശ്രൂഷികൾ, പ്രഭാഷകർ, സംഗീതജ്ഞർ അല്ലെങ്കിൽ പുരോഹിതർ ഇവർക്കു നന്ദിപറയുക. ഒരു ഇടവക ഇവന്റിൽ സഹായിക്കാനും നിങ്ങൾ മുൻപു കണ്ടിട്ടില്ലാത്ത ആളുകൾക്ക് സ്വയം പരിചയപ്പെടുത്താനും സന്നദ്ധരാവുക.

നമ്മൾ ഇപ്പോൾ കണ്ടുമുട്ടിയ ഒരാളുമായി സംസാരിക്കുമ്പോൾ, അവരെ പരിചയപ്പെടുമ്പോൾ, അവരുമായി ആശയവിനിമയം നടത്തുമ്പോൾ അവരുടെ കാഴ്ചപ്പാടിലുള്ള സൗന്ദര്യത്തെ നമുക്കു മനസ്സിലാക്കാം. ഈ നഗരത്തിലെ ഏറ്റവും മികച്ച കാര്യങ്ങൾ ഏതൊക്കെയാണ്, നിങ്ങളുടെ ജോലിയിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കാര്യങ്ങൾ എന്തൊക്കെയാണ്, മാതാപിതാക്കളെ/ ഭർത്താവിനെ/ ഭാര്യയെ/ കുട്ടികളെക്കുറിച്ച്, നമ്മൾ ഇപ്പോൾ കണ്ട സിനിമയെക്കുറിച്ച്… തുടങ്ങിയ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അവരുടെ വാക്കുകളിലൂടെ അവർ നമ്മുടെ ഹൃദയത്തിലേക്ക് എത്തുകയും അതുവഴി ജീവിതത്തിനു കൂടുതൽ നന്മ കൈവരികയും ചെയ്യും.

നമ്മുടെ ജീവിതത്തിലെ പ്രിയപ്പെട്ട ഒരാളുമായി ദിവസത്തിന്റെ ഒരു ഭാഗം പങ്കിടുകയും അവരുടെ കാര്യങ്ങൾ കേൾക്കുകയും ചെയ്യുന്ന ശീലം ആരംഭിക്കുക. നമ്മൾ ഇഷ്ടപ്പെടുന്ന ആളുകളെ കാണുമ്പോൾ അവരുടെ ഒരു പ്രത്യേക പ്രവർത്തനത്തെയോ, ഗുണത്തെയോ പ്രശംസിക്കുക. ഒരു സുഹൃത്തിന് അവരുടെ സൗഹൃദത്തെ നിങ്ങൾ പ്രത്യേകം വിലമതിച്ച ഒരു സമയം ഓർത്തുകൊണ്ട് നന്ദിയുടെ ഒരു കുറിപ്പ് എഴുതുക.

നന്മയും സൗന്ദര്യവും നമ്മൾ ശ്രദ്ധിക്കുന്ന ഓരോ നിമിഷവും പ്രാർഥനയുടെ നിമിഷങ്ങളാക്കാം. നമ്മൾ കാണുന്നതിന് നന്മയുടെയും സൗന്ദര്യത്തിന്റെയും ഉറവിടമായ ദൈവത്തിന് നന്ദി പറയേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും, ദൈവം നമ്മോടു സംസാരിക്കുന്ന രീതി മറ്റുള്ളവരുടെ നന്മയിലൂടെയാണ്, അതിനാൽ നന്മ/സൗന്ദര്യം ഇവയെക്കുറിച്ച് നാം ബോധവാന്മാരാകുമ്പോൾ അവിടുത്തെ ശബ്ദം നമുക്ക് കൂടുതൽ കേൾക്കാനാകും.

സുനിഷ വി.എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.