സമാധാന സ്ഥാപനത്തിനുവേണ്ടി വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിച്ച പ്രാർഥന

അമേരിക്കയിൽ മരണമടഞ്ഞ പട്ടാളക്കാരുടെ ഓർമ്മദിനത്തിൽ ലോകസമാധാനത്തിനായി പരിശുദ്ധ കന്യകാമറിയത്തോടുള്ള ഒരു പ്രാർഥന വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ പഠിപ്പിച്ചിട്ടുണ്ട്. പൊതുജനത്തെ സംരക്ഷിക്കുന്നതിനിടയിൽ ജീവൻ ബലിയര്‍പ്പിച്ച സൈനികരെ അവരുടെ ശവകുടീരങ്ങളിൽപോയി ആദരിക്കുന്ന ദിവസത്തിൽ പ്രാർഥിക്കുന്നതിനുള്ള പ്രാർഥനയാണ് പാപ്പാ പഠിപ്പിച്ചത്. അത് ഇപ്രകാരമാണ്…

“പരിശുദ്ധ മറിയമേ, ഈ ലോകത്തിലെ രക്തച്ചൊരിച്ചിലുകളിൽ അങ്ങയുടെ മാതൃഹൃദയം എത്രത്തോളം വേദനിക്കുന്നുണ്ടാവും. ‘ദൈവം രക്ഷിക്കുന്നു’ എന്ന് അർഥമുള്ള ഈശോയെ ഉദരത്തിൽ സംവഹിച്ചവളായ അങ്ങ് ആ പുത്രനിലൂടെ ഈ ലോകംമുഴുവനെയും മക്കളായി സ്വീകരിക്കുകയുണ്ടായല്ലോ. അതുകൊണ്ടുതന്നെ അവരുടെ മരണവും വേദനയും അമ്മേ, അങ്ങയെ ഏറെ ദുഖിപ്പിക്കുന്നല്ലോ.

ഇക്കാരണത്താൽ പരിശുദ്ധ അമ്മേ, ലോകത്തിൽ മാനസാന്തരവും പീഡിതര്‍ക്ക് ആശ്വാസവും യുദ്ധാന്തരീക്ഷത്തിന് ശമനവും ലഭിക്കാൻ പ്രാർഥിക്കണമേ. വിദ്വേഷത്താൽ നിറഞ്ഞിരിക്കുന്ന ഹൃദയങ്ങളെ ശാന്തിയും സമാധാനവും പരിശീലിപ്പിക്കണമേ. നീതിയില്ലാതെ സമാധാനവും കരുണയില്ലാതെ നീതിയും ലോകത്തിൽ പുലരുകയില്ലെന്ന് അമ്മേ മനുഷ്യമക്കളെ പഠിപ്പിക്കണമെ. പരിശുദ്ധ അമ്മേ, സമാധാന രാജകുമാരന്റെ മാതാവേ, ഞങ്ങളെ രക്ഷിക്കണേ. മാനവകുലത്തിന്റെ മാതാവേ, സമാധാനത്തിന്റെ രാജ്ഞിയേ, ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കണമേ. ആമ്മേൻ.”