മ്യാൻമറിൽ ജീവിതാവസ്ഥ വേദനാജനകം: കർദിനാൾ ചാൾസ് മൗങ് ബോ

2021 മുതൽ മ്യാൻമറിൽ അട്ടിമറിയിലൂടെ തുടരുന്ന പട്ടാളഭരണം അവശേഷിപ്പിക്കുന്ന ക്രൂരതയുടെയും, ദുരിതങ്ങളുടെയും അവസ്ഥകൾ വിവരിച്ചുകൊണ്ട്, യാങ്കൂണിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ചാൾസ് മൗങ് ബോ. വിശ്വാസയാത്രയെ പോലും പരീക്ഷിക്കുന്ന തരത്തിലുള്ള വേദനയുടെ നിമിഷങ്ങളിലൂടെയാണ് മ്യാൻമറിലെ ജനത കടന്നുപോകുന്നതെന്ന് ആർച്ചുബിഷപ്പ് പങ്കുവച്ചു.

നിരവധി പള്ളികൾ തീവയ്‌പ്പിൽ കത്തിനശിച്ചതിനാൽ, നിരവധി വിശ്വാസികൾ തങ്ങളുടെ സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്നത് വിഷമകരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവാക്കൾക്കും യുവതികൾക്കും നിർബന്ധിത സൈനിക സേവനം അനുശാസിക്കുന്ന നിയമം മ്യാന്മറിൽ നിലവിൽ വന്നതോടെ, ആളുകൾ പരിഭ്രാന്തരാകുകയും, കത്തോലിക്കർ ഉൾപ്പെടെ ആയിരക്കണക്കിന് യുവാക്കൾ രാജ്യം വിട്ട് പലായനം ചെയ്‌തെന്നും കർദിനാൾ പറഞ്ഞു.

2021 ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഓങ് സാൻ സൂകിയുടെ ഗവൺമെൻ്റിനെ അട്ടിമറിച്ച് മ്യാൻമാർ സൈന്യം രാജ്യത്തിൻ്റെ ഭരണം ഏറ്റെടുത്തത്. തുടർന്നുള്ള വർഷങ്ങളിൽ ആയിരക്കണക്കിന് ആളുകളെ അറസ്റ്റ് ചെയ്യുകയും ഭീഷണിപ്പെടുത്തുകയും, പലായനം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തിട്ടുണ്ട്. കാച്ചിനിലെ മൈറ്റ്കിന രൂപതയിലെ മോയ് നിനിലെ സെൻ്റ് പാട്രിക് ദേവാലയത്തിൽ കുർബാന അർപ്പിച്ചുകൊണ്ടിരുന്ന ഫാദർ പോൾ ഖ്വി ഷെയ്ൻ ഓങ് എന്ന നാല്പതുകാരനായ വൈദികനു നേരെ നിറയൊഴിച്ചതും മ്യാന്മാർ സഭയിൽ വലിയ വേദനയായി തുടരുകയാണ്.

ആളുകൾക്ക് സഹായങ്ങൾ എത്തിക്കുവാൻ കാരിത്താസ് സംഘടനാ തയ്യാറാണെങ്കിലും, സൈന്യം വഴികൾ തടയുന്നതിനാൽ കാരുണ്യപ്രവർത്തനങ്ങൾ പാതിവഴിയിൽ ഉപേക്ഷിക്കുവാൻ സംഘടന നിർബന്ധിതരാകുന്നുവെന്നും കർദിനാൾ വേദനയോടെ പങ്കുവച്ചു. നിലവിലെ സാഹചര്യം ഇരുളടഞ്ഞതാണെങ്കിലും, ഭാവിയിൽ പൂർണ ജനാധിപത്യ ജീവിതം കൈവരിക്കാൻ പ്രതീക്ഷയോടെയും, പ്രാർത്ഥനയോടെയും തങ്ങൾ കാത്തിരിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് എടുത്തു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.