ഹെയ്തി വംശഹത്യയുടെ വക്കിലെന്ന് മുന്നറിയിപ്പ് നൽകി വൈദികൻ

ഹെയ്തി വംശഹത്യയുടെ വക്കിലെന്ന് മുന്നറിയിപ്പ് നൽകി രാജ്യത്തിന്റെ  തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസ് ആർച്ച് ബിഷപ്പിന്റെ കമ്മ്യൂണിക്കേഷൻ ഓഫീസ് ഡയറക്ടർ ഫാദർ ഹെൻറി മാർക്ക് സിമിയോൺ. ഇന്ന് സഹായത്തിനായി നിലവിളിക്കുന്ന ഹെയ്തിയിലെ ആളുകൾക്ക് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സഹായം ആവശ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

സമാധാനത്തിനും ഹെയ്തിയിലെ ജനങ്ങൾക്കുമായി പരിശുദ്ധ പിതാവ് ആവർത്തിച്ച് ആഹ്വാനം ചെയ്തിരുന്നതായി വൈദികൻ അനുസ്മരിച്ചു. “ഹെയ്തി ഒരു തുറന്ന ശ്മശാനമായി മാറി. നഗരമധ്യത്തിലൂടെ നടന്നാൽ, കുടുംബങ്ങൾക്ക് ചിലപ്പോൾ മാന്യമായ ശവസംസ്‌കാരം നൽകാൻ കഴിയാത്ത ആളുകളുടെ മൃതദേഹങ്ങൾ കാണാത്ത ഒരു ദിവസം പോലുമില്ല.” – ഹെയ്തിയിലെ ദയനീയാവസ്ഥ ഫാ. ഹെൻറി വെളിപ്പെടുത്തുന്നു.

ഹെയ്തിയിലെ പ്രതിസന്ധി

ലോകബാങ്കിന്റെ കണക്കനുസരിച്ച് ലാറ്റിനമേരിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യമാണ് ഹെയ്തി. 11.5 ദശലക്ഷം ജനങ്ങളുള്ള രാജ്യത്ത് കടുത്ത ദാരിദ്ര്യം, രാഷ്ട്രീയ അസ്ഥിരത, അക്രമം എന്നിവ ഉൾപ്പെടെയുള്ള വലിയ സാമൂഹിക സാമ്പത്തിക രാഷ്ട്രീയ വെല്ലുവിളികളുണ്ട്. കരകയറാൻ കഴിയാത്ത മാനുഷിക പ്രതിസന്ധികളെയാണ് രാജ്യം അഭിമുഖീകരിക്കുന്നത്. 2010-ൽ റിക്ടർ സ്‌കെയിലിൽ 7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ആകമാനം തകർത്തുകളഞ്ഞു. മുൻ ദുരന്തത്തിൽ നിന്ന് കരകയറുന്നതിന് മുൻപ് 11 വർഷത്തിന് ശേഷം, 2021 ഓഗസ്റ്റ് 14-ന് വീണ്ടും 7.2 ഡിഗ്രി രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. പിന്നീട് കൊടുങ്കാറ്റ് ഹെയ്തിയിൽ കൂടുതൽ നാശം വിതച്ചു.

പ്രകൃതിക്ഷോഭത്തോടൊപ്പം അക്രമ സംഭവങ്ങളും രൂക്ഷമായത് രാജ്യത്തെ കൂടുതൽ ദുരിതത്തിലാക്കി. 2021 ജൂലൈയിൽ ഹെയ്തിയുടെ അന്നത്തെ പ്രസിഡൻ്റ് ജോവനൽ മോയിസ് ഒരു സായുധ സംഘത്താൽ വധിക്കപ്പെട്ടു. തിരഞ്ഞെടുപ്പ് തർക്കങ്ങളും സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളും മൂലമുള്ള രാഷ്ട്രീയ സംഘർഷങ്ങൾ അന്നുമുതൽ തുടരുകയാണ്. ഈ വർഷം ഏപ്രിൽ 25 -ന് പ്രസിഡൻ്റ് ഏരിയൽ ഹെൻറി രാജിവച്ചു. മൈക്കൽ പാട്രിക് ബോയ്സ്വർട്ട് ഇടക്കാലാടിസ്ഥാനത്തിൽ ചുമതലയേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.