ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപ്പോള്‍ഡോ ജിറെല്ലി ഡല്‍ഹിയിലെത്തി

ഇന്ത്യയുടെ പുതിയ അപ്പസ്‌തോലിക് ന്യൂണ്‍ഷോയായി നിയമിതനായ ആര്‍ച്ച് ബിഷപ്പ് ലിയോപ്പോള്‍ഡോ ജിറെല്ലി ഇന്ത്യയിലെത്തി. ആര്‍ച്ചു ബിഷപ്പ് അനില്‍ കൂട്ടോ, ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണിക്കുളങ്ങര തുടങ്ങിയവര്‍ ചേര്‍ന്ന് വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചുരുക്കം പേര്‍ മാത്രമാണ് പാപ്പായുടെ പ്രതിനിധിയെ സ്വീകരിക്കാനെത്തിയത്.

നിശ്ചിത ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ അദ്ദേഹം ചുമതലകള്‍ ഏറ്റെടുക്കുകയുള്ളു. ഇറ്റലിക്കാരനായ ആര്‍ച്ച് ബിഷപ്പ് ലിയോപ്പോള്‍ഡോയെ മാര്‍ച്ച് 13 നാണ് ഫ്രാന്‍സിസ് പാപ്പാ ഇന്ത്യയുടെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോയായി നിയമിച്ചത്. ആര്‍ച്ച് ബിഷപ്പ് ജിയാംബാറ്റിസ്റ്റയുടെ പിന്‍ഗാമിയായാണ് അദ്ദേഹം നിയമിക്കപ്പെട്ടിരിക്കുന്നത്.

ഇസ്രായേലിന്റേയും, സൈപ്രസിന്റേയും അപ്പസ്‌തോലിക ന്യൂണ്‍ഷോയായും, ജെറുസലേം, പലസ്തീന്‍ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക പ്രതിനിധിയായും സേവനം ചെയ്തുവരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ. ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും, കാനോന്‍ നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലും അദ്ദേഹത്തിനു പ്രാവീണ്യമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.