2022 ലോക സമാധാന ദിനത്തോടനുബന്ധിച്ചുള്ള പാപ്പായുടെ സന്ദേശം

വിദ്യാഭ്യാസത്തിൽ കൂടുതൽ നിക്ഷേപം നടത്താനും ആയുധങ്ങളിൽ കുറവ് വരുത്താനും ഫ്രാൻസിസ് മാർപാപ്പാ 2022 ലോക സമാധാന ദിനത്തോടനുബന്ധിച്ചുള്ള സന്ദേശത്തിൽ ആഹ്വാനം ചെയ്തു. ഡിസംബർ 21 -ന് പുറത്തിറക്കിയ 2022 -ലെ ലോക സമാധാന ദിനസന്ദേശത്തിലാണ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

2022 -ലെ ലോക സമാധാന ദിനത്തിനായുള്ള മാർപാപ്പയുടെ സന്ദേശം ‘തലമുറകൾ തമ്മിലുള്ള സംഭാഷണം, വിദ്യാഭ്യാസം, ജോലി: ശാശ്വത സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങൾ’ എന്ന ആശയത്തിലൂന്നിയാണ് പുറത്തിറങ്ങിയത്.

“വിദ്യാഭ്യാസത്തിനും ആയുധങ്ങൾക്കുമായി ചെലവഴിക്കുന്ന പൊതുഫണ്ടിന്റെ അനുപാതം വിപരീതമാക്കാൻ ലക്ഷ്യമിട്ടുള്ള സാമ്പത്തിക നയങ്ങൾ സർക്കാരുകൾ വികസിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത കാലത്തായി വിദ്യാഭ്യാസ ധനസഹായത്തിൽ കാര്യമായ കുറവ് വന്നിട്ടുണ്ട്. അതേ സമയം ആയുധസമാഹരണത്തിനായി ചിലവ് കുതിച്ചുയർന്നിട്ടുണ്ട്” – പാപ്പാ പറഞ്ഞു.

വിദ്യാഭ്യാസത്തെയും പരിശീലനത്തെയും നിക്ഷേപത്തിനു പകരം ചെലവുകളായി കാണുന്ന പ്രവണതയെ പാപ്പാ അപലപിച്ചു. സ്വതന്ത്രരും ഉത്തരവാദിത്വമുള്ളവരുമായ ആളുകളെ രൂപപ്പെടുത്താൻ അവ സഹായിക്കുമെന്നതിനാൽ അവ, സമഗ്രമായ മനുഷ്യവികസനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രാഥമിക മാർഗ്ഗമായി കണക്കാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തലമുറകൾ തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുക, വിദ്യാഭ്യാസത്തിൽ നിക്ഷേപം നടത്തുക, തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നിങ്ങനെ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള മൂന്ന് മാർഗ്ഗങ്ങളാണ് ഫ്രാൻസിസ് മാർപാപ്പ ഈ സന്ദേശത്തിലൂടെ വിവരിക്കുന്നത്.

ലോക സമാധാന ദിനം 1968 -ൽ വി. പോൾ ആറാമൻ പാപ്പയാണ് സ്ഥാപിച്ചത്. എല്ലാ വർഷവും ജനുവരി ഒന്നിന് ദൈവമാതാവായ മറിയത്തിന്റെ തിരുനാൾ ദിനത്തോടൊപ്പമാണ് ഇത് ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിദേശകാര്യ മന്ത്രിമാർക്ക് ഈ ദിവസം പാപ്പാ സന്ദേശം നൽകാറുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.