ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുന്നതെന്ന് മാര്‍പാപ്പ

വംശീയവും ദേശീയവുമായ വേര്‍തിരിവുകള്‍ക്കപ്പുറം പരിശുദ്ധ കന്യാകാമറിയം സകല ജനപഥങ്ങള്‍ക്കും മാതാവാണെന്നും ഭിന്നതകളുടെ മതിലുകള്‍ ഭേദിക്കാന്‍ കഴിയുന്ന സംസ്‌കാരത്തിന്റെ അടയാളമായി പരിശുദ്ധ അമ്മയുടെ വ്യക്തിത്വം നിലനില്‍ക്കുന്നുവെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ. ‘മറിയം, ഇന്നത്തെ ദൈവശാസ്ത്രങ്ങള്‍ക്കും സംസ്‌കാരങ്ങള്‍ക്കുമിടയില്‍’ എന്ന വിഷയത്തില്‍ സമ്മേളിക്കുന്ന 25-ാമത് അന്താരാഷ്ട്ര മരിയന്‍ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.

പരിശുദ്ധ കന്യാമറിയത്തെപ്പോലെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറാനും അതിരുകളില്ലാത്ത സഹോദര്യത്തിലേക്ക് വളരാനുമുള്ള ദൗത്യം വിശ്വാസീസമൂഹം തിരിച്ചറിയണമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. സുവിശേഷത്തെ പിഞ്ചെല്ലുന്നതിലൂടെയും മനുഷ്യരുടെയും ഭൂമിയുടെയും പൊതുനന്മയ്ക്കായുള്ള സേവനത്തിലൂടെയും പരിശുദ്ധ കന്യാമറിയം സ്വരമില്ലാത്തവരുടെ സ്വരം കേള്‍ക്കാന്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അതോടൊപ്പം പരിശുദ്ധ അമ്മ ആ സ്വരമായി മാറുകയും ചെയ്യുന്നു. സമൂഹം വലിച്ചെറിഞ്ഞവര്‍ക്കും സ്ഥാനം ലഭിക്കുന്ന ഒരു പുതിയ ലോകത്തിന്റെ പിറവിക്കായി പരിശുദ്ധ അമ്മ നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്. പാപ്പാ വ്യക്തമാക്കി.

മറിയം ചിന്തിക്കുകയും സംസാരിക്കുകയും ചെയ്തത് ദൈവവചനമായിരുന്നു. ദൈവത്തില്‍ നിന്നുള്ള വാക്കുകളാണ് അവള്‍ സംസാരിച്ചത്. ദൈവത്തിന്റെ ഹിതമായിരുന്നു അവളുടേയും ഹിതം. ദൈവവുമായി, ദൈവവചനവുമായി പരിപൂര്‍ണ്ണമായും ജീവിതത്തില്‍ വ്യാപിച്ചതുകൊണ്ടാണ് മനുഷ്യാവതാരം ചെയ്ത ദൈവത്തിന്റെ അമ്മയായി അവള്‍ മാറിയത് – പാപ്പാ പറഞ്ഞു.

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.