അപരനെ പഴിക്കുന്നത് സമയം പാഴാക്കലാണെന്ന് മാര്‍പാപ്പ

മറ്റുള്ളവരെ കുറ്റപ്പെടുത്താന്‍ സമയം ചെലവഴിക്കുന്നത് സമയം പാഴാക്കലാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദേഷ്യപ്പെടുകയും പ്രകോപിതരാകുകയും ചെയ്യുമ്പോള്‍ ദൈവത്തെ സ്വന്തം ഹൃദയത്തില്‍ നിന്ന് അകറ്റിനിർത്തുകയാണ് ചെയ്യുന്നത്.

സുവിശേഷത്തില്‍ കാണുന്ന, പരാതിപ്പെടുകയും അപവദിക്കുകയും പ്രശ്നങ്ങളുണ്ടാക്കുകയും യേശുവിനെ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന ജനത്തെപ്പോലെ ആവലാതിപ്പെട്ടു കൊണ്ട് ഒരുവന് യഥാര്‍ത്ഥ മതവിശ്വാസിയാകാന്‍ കഴിയില്ലെന്നും പാപ്പാ കൂട്ടിച്ചേര്‍ക്കുന്നു. കാരണം, പരാതി വിഷലിപ്തമാണ്. അത് നമ്മെ കോപത്തിലേക്കും നീരസത്തിലേക്കും ഹൃദയവ്യഥയിലേക്കും നയിക്കുന്നു. അത് ദൈവത്തിനു നേരെ വാതിലുകള്‍ അടയ്ക്കുന്നു – പാപ്പാ പറഞ്ഞു.

“തിന്മ പ്രധാനമായും പുറത്തു നിന്നാണ് വരുന്നതെന്ന് നമ്മള്‍ പലപ്പോഴും ചിന്തിക്കുന്നു. അതായത്, മറ്റുള്ളവരുടെ പെരുമാറ്റത്തില്‍ നിന്ന്, നമ്മളെക്കുറിച്ച് മോശമായി ചിന്തിക്കുന്നവരില്‍ നിന്ന്, സമൂഹത്തില്‍ നിന്ന്. നമുക്ക് സംഭവിക്കുന്ന എല്ലാത്തിനും നമ്മള്‍ എത്ര തവണ മറ്റുള്ളവരെ, സമൂഹത്തെ, ലോകത്തെ കുറ്റപ്പെടുത്തുന്നു. ഇത് എല്ലായ്‌പ്പോഴും ‘മറ്റുള്ളവരുടെ’ കുറ്റമാണ്. ഇത് ആളുകളുടെയും ഭരിക്കുന്നവരുടെയും ദൗര്‍ഭാഗ്യത്തിന്റെയും മറ്റും കുറ്റമായി കാണുന്നു. പ്രശ്നങ്ങള്‍ വരുന്നത് എപ്പോഴും പുറത്തു നിന്നാണെന്ന് ചിന്തിക്കുന്നു. കുറ്റപ്പെടുത്തുന്നതിനായി നമ്മള്‍ സമയം ചെലവഴിക്കുന്നു. എന്നാല്‍ അത് മണ്ടത്തരമാണ്. കാരണം അവിടെ നമ്മുടെ സമയം ചിലവാകുക മാത്രമാണ് ചെയ്യുന്നത്” – പാപ്പാ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.