ഇറ്റലിയിലെ ക്രെമോണയില്‍ നടക്കുന്ന ആരാധനാവാരത്തിന് പാപ്പായുടെ സന്ദേശം

ഇറ്റലിയിലെ ക്രെമോണയില്‍ നടക്കുന്ന 71 ാമത് ആരാധനാ വാരത്തിന് പാപ്പാ സന്ദേശം നല്‍കി. ആരാധനാക്രമ പ്രവര്‍ത്തനകേന്ദ്രത്തിന്റെ അദ്ധ്യക്ഷനായ മോണ്‍. ക്ലൗദിയോ മാനിയാഗോയെ അഭിസംബോധന ചെയ്തുകൊണ്ടുള്ള സന്ദേശം അദ്ദേഹം തന്നെയാണ് സമ്മേളനത്തില്‍ വായിച്ചത്. ആഗസ്റ്റ് 23 മുതല്‍ 26 വരെയാണ് സമ്മേളനം നടക്കുന്നത്.

വത്തിക്കാന്‍ സെക്രട്ടറി കര്‍ദ്ദിനാള്‍ പിയെത്രോ പരോളിന്‍ ഒപ്പിട്ട സന്ദേശത്തില്‍ പരിശുദ്ധ പിതാവ് മോണ്‍. ക്ലൗദിയോ മാനിയാഗോയ്ക്കും ആരാധനാക്രമ പ്രവര്‍ത്തനസംഘത്തിന്റെ സഹാകാരികള്‍ക്കും ആതിഥേയത്വം വഹിക്കുന്ന ക്രെമോണാ രൂപതക്കും അതിന്റെ ഇടയനും ഈ പ്രധാനപ്പെട്ട പഠനദിനങ്ങളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ വര്‍ഷത്തില്‍ നടത്താന്‍ കഴിയാതെപോയ സമ്മേളനം ഈ വര്‍ഷം നടത്താന്‍ കഴിഞ്ഞതില്‍ അവരോടൊപ്പം ഫ്രാന്‍സിസ് പാപ്പാ ദൈവത്തിന് നന്ദിയും പറഞ്ഞു. ‘എന്റെ ഓര്‍മ്മയ്ക്കായി ഇത് ചെയ്യുവിന്‍’ എന്ന കല്‍പനയെ കര്‍ത്താവിന്റെ ശിഷ്യര്‍ ഒരുമിച്ച് വന്ന് സാക്ഷാല്‍ക്കരിക്കുന്ന, “എവിടെ രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു” കൂടുന്നു എന്നതാണ് സമ്മേളനം വിചിന്തനം ചെയ്യാന്‍ തിരഞ്ഞെടുത്തിട്ടുള്ള വിഷയം.

ആരാധനാക്രമങ്ങള്‍ താല്‍കാലികമായി നിറുത്തിവച്ച ശേഷം വീണ്ടും തുടങ്ങിയപ്പോള്‍ ഇറ്റലിയില്‍ കണ്ടെത്തിയ ബുദ്ധിമുട്ടുകള്‍ ഭയാനകമാണെന്ന് സന്ദേശത്തില്‍ പാപ്പാ സൂചിപ്പിച്ചു. ഈ ദേശീയ ആരാധനാവാരത്തിന് ഇടവകകളില്‍ നല്‍കേണ്ട ആരാധനാപരമായ ഇടയപരിചരണത്തിന്റെ മാര്‍ഗ്ഗരേഖകള്‍ തിരിച്ചറിയാനും നിര്‍ദ്ദേശിക്കാനും കഴിയട്ടെ എന്നും അങ്ങനെ ഞായറാഴ്ചയിലെ ദിവ്യബലി കൂട്ടായ്മകള്‍ വിശ്വാസത്തിന്റെയും വിശ്വാസികളുടെ ആത്മീയതയുടെയും കേന്ദ്രമാക്കി വീണ്ടെടുക്കാന്‍ കഴിയട്ടെ എന്നും പാപ്പാ ആശംസിച്ചു.

ആതിഥേയ രൂപതാ മെത്രാന്‍ മോണ്‍. അന്തോണിയോ നപ്പോളിയോണിക്കും മറ്റു മെത്രാന്മാര്‍ക്കും വൈദികര്‍ക്കും ഡീക്കന്മാര്‍ക്കും സന്യാസിനീ സന്യാസികള്‍ക്കും പ്രാസംഗികര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും തന്റെ അപ്പോസ്തലികാശീര്‍വ്വാദവും നല്‍കിക്കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.