പ്രാർത്ഥനയിൽ ഉയരേണ്ട നന്ദിയുടെ വികാരത്തെ കുറിച്ച് ഫ്രാൻസിസ് പാപ്പാ

പ്രാർത്ഥനയിൽ ഉയരേണ്ട കൃതജ്ഞതയുടെ വികാരത്തെ കുറിച്ച് വിശ്വാസികളെ ഓർമിപ്പിച്ചു ഫ്രാൻസിസ് പാപ്പാ. ബുധനാഴ്‌ച്ച നടന്ന പൊതുപ്രഭാഷണത്തിലാണ് ഈ കാര്യം പാപ്പാ വ്യക്തമാക്കിയത്.

പത്തു കുഷ്ഠരോഗികളുടെ ഉപമ വിവരിച്ചുകൊണ്ടാണ് പാപ്പാ നന്ദിയുടെ മനോഭാവത്തെ കുറിച്ച് സംസാരിച്ചത്. ആ പത്ത് പേരും അവനിൽ വിശ്വസിക്കുകയും, ഉടനെ പുരോഹിതന്മാരുടെ അടുത്തേയ്ക്ക് പോവുകയും, പോകുന്നവഴിക്ക് തന്നെ പത്തുപേരും സുഖപ്പെടുകയും ചെയ്യുന്നു. അതിനാൽ പുരോഹിതന്മാർക്ക് നിയമപരമായി അവരുടെ സൗഖ്യത്തെ പ്രഖ്യാപിച്ച്, സാധാരണ ജീവിതത്തിലേക്കയക്കുവാൻ കഴിയുമായിരുന്നു. എന്നാൽ, ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭവിക്കുന്നത്: തങ്ങൾ സൗഖ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ആ പത്തുപേരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻമാത്രം പുരോഹിതരുടെ അടുക്കലേക്ക് പോയി സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് മുൻപ്, യേശുവിനോട് നന്ദി പറയാനും ലഭിച്ച കൃപയ്ക്കായി ദൈവത്തെ സ്തുതിക്കുവാനുമായി തിരികെപ്പോകുന്നു. അവൻ ഒരു സമരിയാക്കാരൻ ആയിരുന്നു. പാപ്പാ ചൂണ്ടിക്കാട്ടി.

ഈ വിവരണം ലോകത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് പറയാമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അതായത്, ഒന്ന്: നന്ദി പറയുന്നവരും, നന്ദി പറയാത്തവരും; രണ്ട്: ലഭ്യമാകുന്ന നന്മ തങ്ങൾക്ക് അർഹിച്ചതാണെന്ന് കരുതുന്നവരും, മറിച്ച് അവയൊക്കെ സമ്മാനമായി സ്വീകരിക്കുന്നവരും.കൃപയാൽ നാം നയിക്കപ്പെടുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് എല്ലായ്പ്പോഴും കൃതജ്ഞതാപ്രാർത്ഥന ആരംഭിക്കുന്നത്. അതായത്, നാം ചിന്തിക്കാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ നമ്മെ കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു; എങ്ങനെ സ്നേഹിക്കണമെന്ന് പഠിക്കുന്നതിനുമുൻപേ നാം സ്നേഹിക്കപ്പെട്ടിരുന്നു; നമ്മുടെ ഹൃദയത്തിൽ ആഗ്രഹം ഉണ്ടാകുന്നതിനുമുൻപേ നമ്മുടെ ആഗ്രഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നൊക്കെയുള്ള തിരിച്ചറിവ്. നമുക്ക് ജീവിതത്തെ ഇതുപോലെ കാണുവാൻ സാധിക്കുകയാണെങ്കിൽ, “കൃതജ്ഞത” എന്നത് നമ്മുടെ അനുദിനജീവിതത്തിൻറെ വഴികാട്ടിയായി മാറുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.