സഭ സ്ഥാപിതമായിട്ട് 900 വര്‍ഷം; നോര്‍ബര്‍ട്ടൈന്‍ സഭയുടെ മേലദ്ധ്യക്ഷന് ഫ്രാന്‍സിസ് പാപ്പായുടെ കത്ത്

നോര്‍ബര്‍ട്ടൈന്‍ സഭാസ്ഥാപനത്തിന്റെ 900 വര്‍ഷം തികയുന്ന ജൂബിലി പ്രഖ്യാപനം പ്രമാണിച്ചാണ് സഭയുടെ തലവനായ ഫാ. യോസെഫ് വൌട്ടറിന് ഫ്രാന്‍സിസ് പാപ്പാ കത്തെഴുതിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നോര്‍ബര്‍ട്ടൈന്‍ സമൂഹങ്ങളോട് ദൈവത്തെയും അവരുടെ സഹോദരീ-സഹോദരന്മാരെയും ശ്രവിച്ച് എപ്പോഴും സുവിശേഷത്താല്‍ നയിക്കപ്പെടാന്‍ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനം ചെയ്തു.

ജര്‍മ്മനിയിലെ ക്‌സാന്‍ടനില്‍ 1075-ല്‍ ജനിച്ച വി. നോര്‍ബര്‍ട്ട്, സമാധാനത്തിന്റെയും പരിശുദ്ധ കുര്‍ബാനയുടേയും അപ്പോസ്‌തോലനും സഹായം ചോദിച്ചവര്‍ക്കും പ്രാര്‍ത്ഥന തേടിയവര്‍ക്കുമായി ഹൃദയം തുറന്നിരുന്ന അക്ഷീണനായ പ്രഭാഷകനുമായിരുന്നു എന്ന് കത്തില്‍ പാപ്പാ കുറിച്ചു. അപ്പോസ്തലന്മാരുടെ പാത പിന്തുടരാന്‍ വി. അഗസ്റ്റിന്റെ നിയമങ്ങള്‍ക്കനുസൃതമായ ജീവിതമാണ് വി. നോബര്‍ട്ട് തിരഞ്ഞെടുത്തത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിന്‍ഗാമികളും വി. അഗസ്റ്റിന്റെ നിയമങ്ങളുടെ പ്രചോദനം പിന്തുടര്‍ന്ന് സഭാജീവിതത്തിന്റെ ഉറവിടവും ഊന്നത്യവുമായ ദിവ്യകാരുണ്യ രഹസ്യത്തില്‍ നിന്ന് ശക്തിയാര്‍ജിച്ച് 9 നൂറ്റാണ്ടുകളായി ധ്യാനത്തിലും സുവിശേഷ പ്രഘോഷണത്തിലും വിശ്വസ്തരായിരുന്നു എന്നും പാപ്പാ കത്തില്‍ കൂട്ടിച്ചേര്‍ത്തു.

വി. നോര്‍ബര്‍ട്ട്, വഴിയരുകിലെ രോഗികളെ സൗഖ്യമാക്കുകയും അശുദ്ധാത്മാക്കളെ പുറത്താക്കുകയും പ്രഭുകുടുംബങ്ങള്‍ തമ്മിലുള്ള പ്രാചീനകലഹങ്ങള്‍ തീര്‍ക്കുകയും ചെയ്തതിനാല്‍ സമാധാനത്തിന്റെ അപ്പോസ്തോലന്‍ എന്നറിയപ്പെട്ടിരുന്ന കാര്യവും പാപ്പാ അനുസ്മരിച്ചു. തിരഞ്ഞെടുത്ത ജീവിതത്തോട് വിശ്വസ്തരായിരിക്കാന്‍ സഭാംഗങ്ങളോട് നിര്‍ദേശിച്ച പാപ്പാ, അവര്‍ക്ക് ആശീര്‍വ്വാദവും നല്‍കിയാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.