സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ യുദ്ധത്തിനും അക്രമത്തിനും ഇരകളായവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് പാപ്പാ

സകല മരിച്ചവരുടെയും തിരുനാൾ ദിനത്തിൽ യുദ്ധത്തിനും അക്രമത്തിനും ഇരകളായവർക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. സകല വിശുദ്ധരുടെയും തിരുനാൾ ദിനമായ നവംബർ ഒന്നിന് ആഞ്ചലൂസ് പ്രാർത്ഥനയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നവംബർ രണ്ടിന് പാപ്പാ വിശുദ്ധ കുർബാന അർപ്പിക്കുന്നത് റോമിലെ ഫ്രഞ്ച് യുദ്ധ സൈനിക സെമിത്തേരിയിലായിരിക്കും.

തങ്ങളുടെ പ്രിയപ്പെട്ടവരുടെ ശവകുടീരങ്ങളിൽ പ്രാർത്ഥിക്കാൻ പോകുമ്പോൾ ലോകമെമ്പാടുമുള്ള ആളുകളുമായി ആത്മീയമായി പങ്കുചേരാനുള്ള അവസരമാണ് ലഭിക്കുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ഒരു യുദ്ധ സെമിത്തേരിയിലെ സകല മരിച്ചവർക്കും വേണ്ടിയുള്ള പ്രാർത്ഥന നടക്കുമ്പോൾ യുദ്ധത്തിന്റെയും അക്രമത്തിന്റെയും എല്ലാ ഇരകൾക്കും വേണ്ടി പ്രാർത്ഥിക്കണമെന്നും പാപ്പാ വെളിപ്പെടുത്തി.

റോമിലെ ഫ്രഞ്ച് സൈനിക സെമിത്തേരിയിൽ ഏകദേശം 1,900 ശവക്കല്ലറകളുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് ജീവൻ ബലിയർപ്പിച്ച മൊറോക്കൻ, അൾജീരിയൻ സൈനികരുടെ ശവകുടീരങ്ങളാണ് അവയിൽ മിക്കതും. 1943 -നും 1944 -നും ഇടയിൽ നാസികൾക്കെതിരെ പോരാടിയ ഫ്രഞ്ച് സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാനാണ് ഇറ്റാലിയൻ സർക്കാർ ഈ സെമിത്തേരി നിർമ്മിച്ചത്.

കഴിഞ്ഞ വർഷം, നവംബർ രണ്ടിന് വത്തിക്കാനിലെ ട്യൂട്ടോണിക് സെമിത്തേരിയിൽ നടന്ന വിശുദ്ധ കുർബാനയിൽ മാർപാപ്പ അദ്ധ്യക്ഷത വഹിച്ചിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് വിശ്വാസികളെ പങ്കെടുപ്പിക്കാതെ നടന്ന സ്വകാര്യമായ ചടങ്ങായിരുന്നു അത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.