രണ്ടാനച്ഛന്റെ ക്രൂരമായ പീഡനങ്ങള്‍ ഏറ്റുവാങ്ങി മരണമടഞ്ഞ നാലു വയസ്സുകാരന്റെ പിതാവിന് ഫ്രാൻസിസ് പാപ്പാ കത്തയച്ചു

ബ്രസീലിലെ റിയോ ഡി ജെനീറോയിൽ രണ്ടാനച്ഛന്റെ ക്രൂരമായ പീഡനത്തിനിരയായി മരണമടഞ്ഞ നാലു വയസ്സുകാരൻ ഹെന്ററി ബൊറേലിന്റെ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ കത്തയച്ചു. കിടപ്പുമുറിയിൽ മരിച്ചുകിടന്ന കുട്ടിയുടെ പോസ്റ്റ്മോർട്ടത്തിൽ അസ്വാഭാവികത കണ്ടെത്തിയപ്പോഴാണ് കുട്ടിയുടെ അമ്മയുടെ രണ്ടാം ഭർത്താവിന്റെ കൊടിയ പീഡനങ്ങൾ പുറംലോകമറിയുന്നത്. കുടുംബസുഹൃത്ത് ഈ വിവരങ്ങൾ പറഞ്ഞുകൊണ്ട് പാപ്പായ്ക്ക് സന്ദേശമയച്ചിരുന്നു.

“കുഞ്ഞു ഹെൻറിയുടെ പിതാവ് ലെനിൽ ബൊറേലിന്റെയും അദ്ദേഹത്തിന്റെ മാതാവ് നോയമേ കാമാർഗോയുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. അവരെ പരിശുദ്ധ അമ്മയുടെ പ്രത്യേക സംരക്ഷണത്തിനായി സമർപ്പിക്കുന്നു” – കത്തിൽ പാപ്പാ പറയുന്നു.

തങ്ങൾക്കു ചുറ്റും വളരുന്ന നിസ്സംഗതയുടെയും വിദ്വേഷത്തിന്റെയും സംസ്കാരത്തെ ചെറുക്കുവാൻ ദൈവം ലെനിലിനെയും അദ്ദേഹത്തിന്റെ മാതാവിനെയും നിയോഗപ്പെടുത്തിയിരിക്കുന്നു എന്നും വിദ്വേഷത്താൽ മലിനമാകുവാൻ അവരുടെ ഹൃദയങ്ങളെ വിട്ടുകൊടുക്കരുതെന്നും പാപ്പാ പറഞ്ഞു. അവരുടെ ഈ മാതൃക ലോകത്തിലെ എല്ലാവര്‍ക്കും അനുകരിക്കുവാൻ സാധിക്കട്ടെ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാപ്പാ തന്റെ അപ്പസ്തോലിക അനുഗ്രഹം നൽകിക്കൊണ്ടാണ് കത്ത് ചുരുക്കിയത്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ നിമിഷത്തിൽ ഫ്രാൻസിസ് മാർപാപ്പ കൈമാറിയ സ്നേഹത്തിന്റെയും ഐക്യദാർഢ്യത്തിന്റെയും വാക്കുകൾ ഞങ്ങളുടെ വിശ്വാസത്തെ ആഴപ്പെടുത്തുവാൻ സഹായിച്ചു എന്നും വിദ്വേഷത്തെ എതിർക്കുവാൻ കുടുംബത്തിനു നൽകിയ ഉപദേശത്തെ ഹൃദയത്തിൽ സ്വീകരിക്കുന്നു എന്നും ഹെൻറിയുടെ പിതാവ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.