പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിച്ച് ഒരുമിച്ച് സഞ്ചരിക്കാം: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധാത്മാവിന്റെ സഹായത്താൽ ഒരുമിച്ച് സഞ്ചരിച്ച്, സുവിശേഷത്തിന്റെ സത്‌ഫലങ്ങൾ പുറപ്പെടുവിക്കാൻ സാധിക്കട്ടെയെന്ന് മരിയൻ ഹിൽ മിഷനറി സമൂഹത്തിന് ഫ്രാൻസിസ് പാപ്പായുടെ ആശംസ. തെക്കേ ആഫ്രിക്കയിലെ ഡർബന്റെ പ്രാന്തപ്രദേശങ്ങളിൽ സ്ഥാപിക്കപ്പെട്ട മരിയൻ ഹിൽ സമൂഹത്തിന്റെ പതിനേഴാമത് ജനറൽ ചാപ്റ്ററിന്റെ പര്യവസാനത്തിൽ, സമൂഹപ്രതിനിധികളെ ഒക്ടോബർ 20-ന് വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

സുവിശേഷവത്കരണത്തിനായുള്ള അഭിനിവേശമാണ്, ഫ്രാൻസ് ഫാന്നെർ ആബട്ടിനെയും മറ്റു ട്രാപ്പിസ്റ് സമൂഹാംഗങ്ങളെയും പ്രത്യേകമായ ഒരു അപ്പസ്തോലപ്രവർത്തനത്തിന് പ്രേരിപ്പിച്ചതെന്ന് പാപ്പാ അനുസ്മരിച്ചു. ജനറൽ ചാപ്റ്ററിലെ വിചിന്തനങ്ങളും തീരുമാനങ്ങളും, സഭാംഗങ്ങളെ സഭയുടെ സ്ഥാപനോദ്ദേശത്തിൽ സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാപ്പാ പറഞ്ഞു. സുവിശേഷോപദേശങ്ങളോടുള്ള വിശ്വസ്തതയിലും, ജനതകളോടുള്ള സുവിശേഷപ്രഘോഷണത്തിനായുള്ള അഭിവാഞ്ചയിലും, വിശുദ്ധിയിലും നീതിയിലും സമാധാനത്തിലുമുള്ള ക്രിസ്തുരാജ്യത്തിന്റെ വളർച്ചയ്ക്കും ഈ കൂട്ടായ്മ സഹായിക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.