ഒരുമിച്ചുള്ള പ്രവർത്തനം നമ്മുടെ കൂട്ടായ്മയെ വെളിപ്പെടുത്തുന്നു: ഫ്രാൻസിസ് പാപ്പാ

വി. പത്രോസിന്റെയും വി. അന്ത്രയാസിന്റെയും തിരുനാളുകളിൽ റോമിലേക്കും ഈസ്റ്റാം ബൂളിലേക്കും പ്രതിനിധി സംഘത്തെ അയക്കുന്ന പാരമ്പര്യമുസരിച്ച് പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി സംഘം ഈസ്റ്റാം ബൂളിലെത്തി. എക്യുമെനിക്കൽ പാത്രിയാർക്കിന്റെ തിരുനാളിൽ അവിടെ എത്തിയ സംഘത്തെ നയിച്ചത് ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ തലവൻ കർദ്ദിനാൾ കുർട്ട് കോഹ് ആയിരുന്നു. സംഘത്തിൽ കർദ്ദിനാളിനൊപ്പം ഡിക്കാസ്ട്രിയുടെ സെക്രട്ടറിയും മെത്രാനുമായ ബ്രയൻ ഫാരെൽ, ഉപകാര്യദർശി മോൺ. അന്ത്രയാ പൽമിയെരിയും ഉണ്ടായിരുന്നു. തുർക്കിയിലെ അപ്പോസ്തലിക ആസ്ഥാനത്തു നിന്ന് മോൺ. വാൾട്ടർ എർബിയും സംഘത്തോടൊപ്പം ചേർന്നു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധി സംഘം എക്യുമെനിക്കൽ പാത്രിയാർക്ക് ബർത്തൊലൊമിയോ മുഖ്യകാർമ്മികനായി ഫനാറിലെ വി.ജോർജ്ജിന്റെ നാമത്തിലുള്ള പാത്രിയാർക്കൽ ദേവാലയത്തിൽ നടത്തിയ ആഘോഷമായ ആരാധനക്രമങ്ങളിൽ പങ്കുചേർന്നു. ഫ്രാൻസിസ് പാപ്പാ സ്വന്തം കൈപ്പടയിൽ പാത്രിയാർക്കിനെഴുതിയ സന്ദേശം കർദ്ദിനാൾ കോഹ് പാത്രിയാർക്കിനു നൽകി. അദ്ദേഹം തിരുക്കർമ്മങ്ങൾക്കു ശേഷം അത് പരസ്യമായി വായിക്കുകയും ചെയ്തു.

പാപ്പയുടെ സന്ദേശം

കോൺസ്റ്റാന്റിനോപ്പിളിന്റെയും എക്യുമെനിക്കൽ പാത്രിയാർക്കേറ്റിന്റെയും മദ്ധ്യസഥനും അപ്പോസ്തലനായ പത്രോസിന്റെ സഹോദരനുമായ അന്ത്രേയാസ് അപ്പോസ്തലന്റെ തിരുനാളിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പാ എക്യുമെനിക്കൽ പാത്രിയാർക്കീസുമായുള്ള തന്റെ സാമീപ്യം സന്ദേശത്തിൽ പ്രകടിപ്പിച്ചു. സാഹോദര്യ സൗഹൃദവും “റോമിലെ സഭയും കോൺസ്റ്റാന്റിനോപ്പിളിയിലെ സഭയും തമ്മിലുള്ള വിശ്വാസത്തിന്റെയും ഉപവിയുടെയും പുരാതനവും അഗാധവുമായ ബന്ധവും” പരിശുദ്ധ പിതാവ് എടുത്തുകാണിച്ചു. മെത്രാന്മാർ, വൈദികർ, സന്ന്യാസിമാർ, ദിവ്യബലി അർപ്പൺത്തിനെത്തിയ വിശ്വാസികൾ എന്നിവർക്ക് “സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആശംസകൾ” പ്രതിനിധി സംഘത്തിലൂടെ പാപ്പാ പങ്കുവച്ചു.

ഭിന്നതകൾക്കിടയിലും ഒരുമിച്ച് പ്രവർത്തിക്കുന്നു

പാത്രിയർക്കീസ്​​ബാർത്തലോമിയോയുടെ സമീപകാല റോം സന്ദർശന വേളയിൽ, ലോകത്തിന്റെ വർത്തമാനത്തെയും ഭാവിയെയും കുറിച്ചുള്ള അവരുടെ ആശങ്കകൾ, സൃഷ്ടിയുടെ പരിപാലനം, ഭാവി തലമുറകളുടെ വിദ്യാഭ്യാസം, മതാന്തര സംവാദം, സമാധാനം പിന്തുടരൽ എന്നിവയുൾപ്പെടെ മനുഷ്യകുടുംബത്തിന് നിർണ്ണായകവും പ്രാധാന്യമുള്ളതുമായ പ്രശ്‌നങ്ങളെ പങ്കുവച്ച് കൊണ്ടുള്ള പ്രതിബദ്ധത പ്രകടിപ്പിച്ചതിനെയും പാപ്പാ അനുസ്മരിച്ചു. ദൈവശാസ്ത്രപരവും സഭാശാസ്ത്രപരവുമായ ചോദ്യങ്ങൾ അവശേഷിക്കുന്നുണ്ടെങ്കിലും ഈ വിശ്വാസത്തിൽ ഐക്യപ്പെട്ട്, “നമ്മുടെ കൂട്ടായ്മ ദൃശ്യമാക്കാൻ ദൃഢനിശ്ചയത്തോടെ ശ്രമിക്കണം” എന്ന് പാപ്പാ സൂചിപ്പിച്ചു. മാത്രമല്ല കത്തോലിക്കരും ഓർത്തഡോക്ക്സ് വിശ്വാസികളും മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അത് സാധ്യമാണെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

പൂർണ്ണമായ ഐക്യം, ദൈവദാനം

സഭകൾ തമ്മിലുള്ള സമ്പൂർണ്ണ കൂട്ടായ്മയിലേക്കുള്ള പാതയിൽ യാത്ര തുടരുമ്പോൾ, “നമ്മുടെ മദ്ധ്യസ്ഥരായ വിശുദ്ധ പത്രോസിന്റെയും അന്ത്രയാസിന്റെയും മദ്ധ്യസ്ഥതയാൽ നാം നിലനിർത്തപ്പെടുന്നു” എന്ന് പാപ്പാ രേഖപ്പെടുത്തി. നാം ആഗ്രഹിക്കുന്ന സമ്പൂർണ്ണ ഐക്യം തീർച്ചയായും പരിശുദ്ധാത്മാവിന്റെ കൃപയിലൂടെ ലഭിക്കുന്ന ദൈവത്തിന്റെ ദാനമാണ്. പ്രാർത്ഥനയിലൂടെയും ആന്തരിക പരിവർത്തനത്തിലൂടെയും അന്വേഷിക്കാനുള്ള തുറന്ന മനസ്സിലൂടെയും തയ്യാറാകാൻ നമ്മുടെ കർത്താവ് നമ്മെ സഹായിക്കട്ടെ എന്ന് പ്രാർത്ഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.