കുഞ്ഞുങ്ങളുടെ ബാല്യത്തെ കവർന്നെടുക്കുന്ന ബാലവേലയെക്കുറിച്ച് ഫ്രാൻസിസ് പാപ്പാ

കുട്ടികളോടുള്ള നമ്മുടെ ബന്ധവും അവരുടെ സഹജമായ മാനവാന്തസ്സിനോടും അവരുടെ മൗലികാവകശങ്ങളോടും നാം എത്രമാത്രം ആദരവ് പുലർത്തുന്നുവെന്നതും എപ്രകാരമുള്ളൊരു സമൂഹം കെട്ടിപ്പടുക്കാനാണ് നാം അഭിലഷിക്കുന്നതെന്നുമുള്ള വസ്തുതകളെ വെളിപ്പെടുത്തുന്നുവെന്ന് മാർപാപ്പാ.
വത്തിക്കാന്റെ സമഗ്ര മാനവ വികസന വിഭാഗവും ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകൃഷി സംഘടനയിൽ പരിശുദ്ധ സിംഹാസനത്തെ പ്രതിനിധാനം ചെയ്യുന്ന സ്ഥിരം ദൗത്യസംഘവും സംയുക്തമായി ‘ബാലവേല നിർമ്മാർജ്ജനവും മെച്ചപ്പെട്ടൊരു ലോകത്തിന്റെ നിർമ്മിതിയും’ എന്ന ശീർഷകത്തിൽ വത്തിക്കാനിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരെ വത്തിക്കാനിൽ സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു പാപ്പാ. തൊഴിൽരംഗത്ത് കുട്ടികൾ ചൂഷണത്തിന് ഇരകളാകുന്നതിനെക്കുറിച്ചുള്ള പരിചിന്തനം നരകുലത്തിന്റെ വർത്തമാന-ഭാവികാലങ്ങളെ സംബന്ധിച്ച് സവിശേഷ പ്രാധാന്യം അർഹിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

ബാലവേല, കുട്ടികളുടെ ആരോഗ്യം, അവരുടെ മാനസിക-ശാരീരിക സുസ്ഥിതി എന്നിവയെ അപകടത്തിലാക്കുകയും വിദ്യാഭ്യാസത്തിനും ബാല്യകാലം സന്തോഷത്തോടും ശാന്തതയോടും കൂടി ജീവിക്കുന്നതിനുമുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെന്നും ഈ അവസ്ഥയെ കോവിഡ് 19 പകർച്ചവ്യാധി കൂടുതൽ വഷളാക്കിയിരിക്കയാണെന്നും പാപ്പാ കൂട്ടിച്ചേർത്തു.

കുട്ടികൾ അവരുടെ ഒഴിവുസമയങ്ങളിലും അവരുടെ പ്രായത്തിനനുസരിച്ച് മാതാപിതാക്കളെയും സഹോദരങ്ങളെയും മുത്തശ്ശിമാരെയും അല്ലെങ്കിൽ സമൂഹത്തിലെ മറ്റ് അംഗങ്ങളെയും സഹായിക്കുന്നതിന് കുടുംബജീവിത പശ്ചാത്തലത്തിലും ചെയ്യുന്ന ചെറിയ ഗാർഹികജോലികളുമായി ബാലവേലയെ കൂട്ടിക്കുഴക്കരുതെന്ന് പാപ്പാ പറഞ്ഞു. കുടുംബജീവിത പശ്ചാത്തലിത്തിലുള്ള ജോലികൾ പൊതുവെ അവരുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകമാണെന്നും കാരണം അവരുടെ കഴിവുകൾ പരീക്ഷിക്കാനും അവബോധത്തിലും ഉത്തരവാദിത്വത്തിലും വളരാനും അവ അവരെ പ്രാപ്തരാക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കി. മറിച്ച് ബാലവേലയാകട്ടെ, മറ്റുള്ളവരുടെ ലാഭത്തിനും സമ്പാദ്യത്തിനും വേണ്ടിയുള്ള ആഗോളവത്കൃത സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന പ്രക്രിയകളിൽ കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടിയാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്‌ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.