പാപ്പയുടെ നോമ്പ് സന്ദേശം 15 – തെരഞ്ഞെടുപ്പിനുള്ള സമയം 

രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍ ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്‌നേഹിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഒരുവനെ ബഹുമാനിക്കുകയും അപരനെ നിന്ദിക്കുകയും ചെയ്യും ( മത്തായി :6:24).

യജമാനന്മാരോട് വിശ്വസ്തരായിരിക്കണമെന്ന് യേശു തന്റെ ശിഷ്യന്മാരെ നിരന്തരം ഓര്‍മിപ്പിച്ചിരുന്നു. ഭൗതികമായ നന്മകളാണ് അവര്‍ നമുക്കുവേണ്ടി ചെയ്യുന്നതെങ്കിലും എപ്പോഴും നന്ദിയുള്ളവരായിരിക്കാനും അവിടുന്ന് അവരെ ശീലിപ്പിച്ചിരുന്നു. ഈ സുവിശേഷ മനോഭാവം ഒരു തെരഞ്ഞെടുപ്പിലൂടെ മാത്രമേ സാധ്യമാവൂ. കാരണം സമ്പത്തിനെയും ദൈവത്തെയും ഒരുമിച്ച് സ്‌നേഹിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. ഒന്നുകില്‍ കര്‍ത്താവിനെ, അല്ലെങ്കില്‍ ആകര്‍ഷകമായ മറ്റ് സാങ്കല്‍പ്പിക ബിബംങ്ങളെ. നമ്മോടാവശ്യപ്പെടുന്ന ഈ തെരഞ്ഞെടുപ്പിലൂടെ നമ്മുടെ പ്രവര്‍ത്തികള്‍ക്കും പദ്ധതികള്‍ക്കും വാഗ്ദാനങ്ങള്‍ക്കുമെല്ലാം മാറ്റം വരും. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു തീരുമാനമെടുത്താല്‍ മാത്രമേ പണവും സമാനമായ മറ്റ് ഈലോകസുഖങ്ങളും മിഥ്യയാണെന്ന് തിരിച്ചറിയാനുള്ള ബോധം കൈവരികയുള്ളു. ഇത്തരം നിരവധി പ്രലോഭനങ്ങളുണ്ട് ലോകത്തില്‍. ദൈവമല്ലാത്തവയോടുള്ള ആരാധന ചിലപ്പോള്‍ ഉടനടി ഫലം കണ്ടെന്ന് വരും. നമ്മുടെ ആഗ്രഹങ്ങള്‍ പെട്ടെന്ന് സാധിച്ചെന്നും വരും. എന്നാല്‍ ദൈവവും അവിടുത്തെ രാജ്യവുമായി ചേര്‍ന്ന് നില്‍ക്കുന്നവന് ഉടനടി ഫലം കിട്ടിയെന്ന് വരില്ല. ദൈവത്തില്‍ പ്രത്യാശയര്‍പ്പിച്ചുകൊണ്ടുള്ള ഒരു തീരുമാനമാണത്. സമ്പൂര്‍ണ്ണ ഫലപൂര്‍ണ്ണതയും ദൈവത്തിന് സമര്‍പ്പിക്കപ്പെടുകയാണവിടെ. ദൈവത്തിന്റെ വാഗ്ദാനത്തിലുള്ള പ്രത്യാശയാണല്ലോ ക്രൈസ്തവ വിശ്വാസം. ഒരു പ്രതിസന്ധിഘട്ടത്തിലും അതിന് മാറ്റവും വരില്ല. കാരണം അതിന്റെ അടിത്തറ ദൈവത്തിന്റെ വിശ്വാസ്യതയാണ്. അത് ഒരിക്കലും പരാജയപ്പെടില്ല. വിശ്വസ്തനായ പിതാവും വിശ്വസ്തനായ സുഹൃത്തും വിശ്വസ്തനായ ബന്ധുവും നിശ്ചലനുമാണ് നമ്മുടെ ദൈവം. അതുകൊണ്ട് ചിന്തിക്കാം…സമ്പത്തിന് പകരം ദൈവത്തെ എന്റെ എല്ലാമായി സ്വീകരിച്ചുകൊണ്ട് ജീവിക്കാന്‍ എന്നെ കൂടുതല്‍ സഹായിക്കുന്നതെന്തൊക്കെയാണെന്ന്.

( ഫ്രാന്‍സിസ് പാപ്പായുടെ നോമ്പുകാല സന്ദേശങ്ങളില്‍ നിന്ന് )

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.