‘ബഹുസ്വര ലോകത്തിലെ കുരിശിന്റെ ജ്ഞാനം’; ദൈവശാസ്ത്ര കോണ്‍ഗ്രസ് വേദിയിലേക്ക് സന്ദേശമയച്ച് മാര്‍പാപ്പ

സെപ്റ്റംബര്‍ 21 മുതല്‍ 24 വരെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയില്‍ ‘ബഹുസ്വര ലോകത്തിലെ കുരിശിന്റെ ജ്ഞാനം’ എന്ന പ്രമേയത്തെ ആസ്പദമാക്കി നടക്കുന്ന അന്താരാഷ്ട്ര ദൈവശാസ്ത്ര കോണ്‍ഗ്രസിനോടനുബന്ധിച്ച് പീഡാനുഭവ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോവാക്കിം റീഗോയ്ക്ക് ഫ്രാന്‍സിസ് പാപ്പാ സന്ദേശമയച്ചു. അന്താരാഷ്ട്ര ദൈവശാസ്ത്ര കോണ്‍ഗ്രസ്സിന് നന്ദിയും ആശംസയും പാപ്പാ അറിയിച്ചു.

ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ കുരിശ്, ദൈവസ്‌നേഹത്തിന്റെ തെളിവായി പ്രഖ്യാപിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും അത് ലോകത്തിന്റെ പ്രതീക്ഷകളെയും പ്രത്യാശകളെയും അഭിസംബോധന ചെയ്യുന്നുവെന്നും പാപ്പാ തന്റെ സന്ദേശത്തില്‍ സൂചിപ്പിച്ചു.

യേശുവിന്റെ, ശൂന്യവത്കരിക്കുന്നതും അനുകമ്പയുള്ളതുമായ സ്‌നേഹം കുരിശിലൂടെ നമ്മെ സ്പര്‍ശിക്കുന്നു. എല്ലാ അവസ്ഥകളിലും എല്ലാ കാലഘട്ടത്തിലുമുള്ള വ്യക്തികള്‍ക്ക് രക്ഷയുടെ ഉറവിടമായ കര്‍ത്താവിന്റെ കുരിശ് സവിശേഷത നിറഞ്ഞതാണ്. അതിനാല്‍, ദൈവശാസ്ത്ര കോണ്‍ഗ്രസ് ഉചിതമായ രീതിയില്‍, വിവിധ സന്ദര്‍ഭങ്ങളില്‍ കുരിശിന്റെ ജ്ഞാനത്തെക്കുറിച്ച് പഠിക്കാന്‍ ലക്ഷ്യമിടുന്നു. അതിനാല്‍ കുരിശിന്റെ ജ്ഞാനത്തിന്റെ വെളിച്ചത്തില്‍ സമകാലിക വെല്ലുവിളികളെക്കുറിച്ചുള്ള ഒരു പുതിയ ധാരണക്ക് ഈ സംരംഭം സഹായകമാകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു.

ദൈവശാസ്ത്ര കോണ്‍ഗ്രസിന് തന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ അര്‍പ്പിച്ച പാപ്പാ,പരിശുദ്ധ കന്യകയുടെയും കുരിശിന്റെ വി. പൗലോസിന്റെയും സംരക്ഷണം അഭ്യര്‍ത്ഥിക്കുകയും കോണ്‍ഗ്രസിന്റെ പ്രഭാഷകരെയും സംഘാടകരെയും ഈ സുപ്രധാന സംഗമത്തില്‍ പങ്കെടുക്കുന്നവരെയും അനുസ്മരിക്കുകയും ചെയ്തു.

കടപ്പാട്: വത്തിക്കാന്‍ ന്യൂസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.