ആന്തരിക സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള സമയമാണ് ആഗമനകാലം: ഫ്രാന്‍സിസ് പാപ്പാ

ആഗമനകാലം ആന്തരികസമാധാനം കെട്ടിപ്പടുക്കാനുള്ള സമയമാണ് എന്ന് ഫ്രാന്‍സിസ് പാപ്പാ. സാന്ത മാര്‍ത്തയിലെ വിശുദ്ധ കുര്‍ബാനയുടെ മധ്യത്തില്‍ നല്‍കിയ സന്ദേശത്തിലാണ് പാപ്പാ ഈ കാര്യം ഓര്‍മിപ്പിച്ചത്.

സ്വന്തം ആത്മാവിലും കുടുംബത്തിലും ലോകത്തിലും ശാന്തി സംസ്ഥാപിക്കാനുള്ള സമയമാണ് അല്ലാതെ പോരാട്ടത്തിന് എന്തെങ്കിലും കാരണം കണ്ടെത്താനുള്ള സമയമല്ല ആഗമനകാലം. ഇതു സമാധാനരാജന്‍റെ ആഗമനത്തിനായി ഒരുങ്ങുന്നതിനുള്ള സമയമാണ്. ആദ്യമായി അവനവനില്‍ത്തന്നെ സമാധനം ഉണ്ടാക്കേണ്ടിയിരിക്കുന്നു, ആത്മാവില്‍ സമാധാനം സംജാതമാക്കേണ്ടിയരിക്കുന്നുവെന്നും പലപ്പോഴും ആത്മാവ് ഉത്ക്കണ്ഠാഭരിതവും പ്രത്യാശാരഹിതവുമായിരിക്കുന്നു. ആകയാല്‍ ആന്തരിക സമാധാനത്തിനായി സമാധാനരാജനോടു പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ആവശ്യപ്പെട്ടു.

കുടുംബങ്ങളില്‍ ചെറുതുംവലുതുമായ കലഹങ്ങളും അനൈക്യങ്ങളും ഉണ്ടാകുകയും പിളര്‍പ്പിന്‍റെ മതിലുകള്‍ ഉയരുകയും ചെയ്യുന്നത് സാധാരണമായി മാറുന്നു. അവിടെയൊക്കെ സമാധാനം പുലരേണ്ടത് ആവശ്യമാണ്. കുടുംബത്തില്‍ നിന്നാണ് ശാന്തിയുടെയും സമാധാനത്തിന്റെയും വിത്തുകള്‍ പൊട്ടി മുളച്ച് ലോകത്തിലേയ്ക്ക് പകരുക. യുദ്ധത്തിന്‍റെയും അനൈക്യത്തിന്‍റെയും വിദ്വേഷത്തിന്‍റെയും ചൂഷണത്തിന്‍റെയും വേദിയായി മാറിയിരിക്കുന്ന ലോകമാണ് ശാന്തി നിര്‍മ്മിക്കപ്പെടേണ്ട മറ്റൊരിടം. സമാധാനത്തിന്‍റെ ശില്പികളാകുകയെന്നാല്‍ എതാണ്ട് ദൈവത്തെ അനുകരിക്കലാണ്. പാപ്പാ സൂചിപ്പിച്ചു.

സമാധനം ഒരിക്കലും നിശ്ചലമായിരിക്കില്ല, അതു മുന്നോട്ടു പോകുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്നുവെന്നും ആത്മാവില്‍ നിന്നു തുടങ്ങുന്ന സമാധാനവത്ക്കരണ പ്രക്രിയ പൂര്‍ത്തിയാക്കിയതിനു ശേഷം ആത്മാവിലേക്കുതന്നെ തിരിച്ചെത്തുന്നുവെന്നും പാപ്പാ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.