ഫ്രാൻസിസ് പാപ്പായ്ക്ക് അസുഖം എന്ന വാർത്ത വിശ്വാസികളിൽ ആശങ്ക പടർത്തി

സി. സോണിയാ കുരുവിള മാതിരപ്പള്ളിൽ

ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് കൊറോണ പിടിച്ചതിനാൽ ഫ്രാൻസിസ് പാപ്പയ്ക്കും കൊറോണ പിടിപ്പെട്ടു എന്ന തരത്തിൽ ചിലർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ച് അനേകം വിശ്വാസികളെ വളരെ ആകുലതയിലാക്കി. എന്നാൽ ചെറിയ ശാരീരിക അസ്വസ്ഥതയും ജലദോഷവും അനുഭവപ്പെട്ടതു മൂലം മുൻകരുതൽ എന്ന നിലയിൽ ഫ്രാൻസിസ് പാപ്പ ചില കോൺഫറൻസുകൾ റദ്ദാക്കിയിരുന്നു എങ്കിലും ഈ ദിവസങ്ങളിൽ പതിവുപോലെ സാന്താ മാർത്തായിൽ ദിവ്യബലി അർപ്പിക്കുകയും ഒഴിച്ചുകൂടാൻ പറ്റാത്ത ചില മീറ്റിങ്ങുകളിൽ മാത്രം പങ്കെടുക്കുകയും ആണ് ചെയ്തത്.

മൂന്ന് ദിവസത്തെ ശാരീരിക അസ്വസ്ഥത കാരണം ഔദ്യോഗിക കാര്യങ്ങളിൽ നിന്നും പിൻമാറി നിന്ന ഫ്രാൻസിസ് പാപ്പാ നാളെ മുതൽ 6 ദിവസത്തേക്ക് ധ്യാനിക്കുവാൻ പോകുന്നു. എല്ലാ വർഷവും നോമ്പുകാലത്തിന്റെ ആരംഭത്തിൽ ചെയ്യാറുള്ളത് പോലെ റോമിന്റെ തെക്ക് ഭാഗത്തുള്ള അരിസിയയിൽ പാപ്പാ ധ്യാനിക്കാൻ പോകും. വത്തിക്കാൻ കൂരിയായിലെ അംഗങ്ങളുമായാണ് അദ്ദേഹം ഈ ധ്യാനത്തിൽ പങ്കെടുക്കുന്നത്. 80 വയസുള്ള ജെസ്യൂട്ട് പുരോഹിതൻ പീറ്റർ ബോവതിയാണ് ഈ വർഷത്തെ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

സി. സോണിയ തെരേസ് ഡി. എസ്. ജെ