നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്നവരാണ് മുത്തശ്ശീമുത്തശ്ശന്മാരെന്ന് ഫ്രാന്‍സിസ് പാപ്പാ

മുത്തശ്ശീമുത്തശ്ശന്മാര്‍ക്കും വയോധികര്‍ക്കുമായുള്ള പ്രഥമ ആഗോളദിനത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ പാപ്പാ നല്‍കിയ സന്ദേശത്തില്‍, ചെറുപ്പക്കാരും വയോധികരും ഒന്നു ചേര്‍ന്നുള്ള, പരസ്പരം പങ്കുവച്ചുള്ള ജീവിതത്തെക്കുറിച്ചാണ് പരാമര്‍ശിച്ചത്.

ആര്‍ച്ചുബിഷപ്പ് റിനോ ഫിഷെല്ലയാണ് പാപ്പായ്ക്കു വേണ്ടി ബലിയര്‍പ്പിച്ചത്. ബലിമധ്യേ അദ്ദേഹം പാപ്പായുടെ സന്ദേശം വായിക്കുകയായിരുന്നു. അഞ്ചപ്പവും രണ്ട് മീനും കൊണ്ട് അയ്യായിരം പേരെ യേശു സംതൃപ്തരാക്കിയ സുവിശേഷഭാഗത്തോട് ബന്ധപ്പെടുത്തിയാണ് പാപ്പാ സന്ദേശം നല്‍കിയത്. മൂന്നു സംഭവങ്ങളെ പാപ്പാ അനുസ്മരിച്ചു. ഒന്ന്, ഈശോ അവരുടെ വിശപ്പ് മനസിലാക്കി. രണ്ട്, ഈശോ അപ്പം വര്‍ദ്ധിപ്പിച്ച് പങ്കുവച്ചു. മൂന്ന്, മിച്ചം വന്നവ കുട്ടകളില്‍ ശേഖരിക്കാന്‍ അവിടുന്ന് ആവശ്യപ്പെട്ടു. ഈ പ്രവര്‍ത്തികള്‍ നമുക്ക് നല്‍കുന്ന സന്ദേശവും മൂന്ന് വാക്കുകളില്‍ പാപ്പാ പറഞ്ഞു തന്നു. കാണുക, പങ്കുവയ്ക്കുക, സൂക്ഷിക്കുക.

‘നമ്മുടെ മുത്തശ്ശീമുത്തശ്ശന്മാരും ഇതുപോലെ തന്നെയാണ്. അവരുടെ നിസ്വാര്‍ത്ഥ സ്‌നേഹം നമ്മെ വളരാന്‍ സഹായിക്കുന്നു. അതിന് പകരമായി നാം നമ്മുടെ സ്‌നേഹവും സാമീപ്യവും കരുതലും അവരുമായി തിരിച്ച് പങ്കുവയ്ക്കാന്‍ ബാധ്യസ്ഥരാകുന്നു. കണ്ണുകള്‍ ഉയര്‍ത്തി നമുക്ക് അവരെ നോക്കാം, കര്‍ത്താവായ ഈശോ നമ്മെ ഓരോരുത്തരേയും കാണുന്നതുപോലെ. കാരണം ഭക്ഷണം എന്നതുപോലെ നമ്മുടെ ജീവിതങ്ങളെ പരിപോഷിപ്പിക്കുന്നവരാണ് വയോധികര്‍.’ പാപ്പാ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.